‘ഓപറേഷന്‍ ഗംഗ’ രക്ഷാദൗത്യം; യുക്രൈനില്‍ നിന്നും 630 ഇന്ത്യക്കാര്‍കൂടി തിരിച്ചെത്തി

യുക്രൈനില്‍ നിന്നും 630 ഇന്ത്യക്കാര്‍കൂടി തിരിച്ചെത്തി. മൂന്ന് വ്യോമസേനാ വിമാനങ്ങളിലായാണ് ഇവരെ തിരിച്ചെത്തിച്ചത്. ആയിരത്തോളം ഇന്ത്യന്‍ പൗരന്മാര്‍ ഇന്നലെ ഖാര്‍കീവ് വിട്ടിരുന്നു. പടിഞ്ഞാറന്‍ അതിര്‍ത്തി കടക്കാന്‍ കാത്ത് നില്‍ക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് ഇപ്പോഴും സുമിയില്‍ കുടുങ്ങികിടക്കുന്നത്.

സുമിയിലും ഖാര്‍കീവിലും കുടുങ്ങിയ വിദ്യാര്‍ഥികളെ റഷ്യയുടെ സഹായത്തോടെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് വിദേശകാര്യമന്ത്രാലയം നടത്തുന്നത്. പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഖാര്‍കീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന് യുക്രൈന്‍ അധികൃതരോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. യുക്രൈന്‍ സൈന്യത്തിന്റെ സഹായത്തോടെ ഖാര്‍കീവില്‍ നിന്നും നിരവധി വിദ്യാര്‍ഥികള്‍ ഇതിനകം പടിഞ്ഞാറന്‍ യുക്രൈനില്‍ എത്തി. റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലോവാക്യ അതിര്‍ത്തി വഴിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.