കോന്നി ഉല്ലാസയാത്ര;ജനീഷ് കുമാറിനെതിരെ സിപിഐ രംഗത്ത്

ഉല്ലാസയാത്ര വിവാദത്തിൽ എംഎൽഎ കെയു ജനീഷ് കുമാറിനെതിരെ സിപിഐ ജില്ലാ നേതൃത്വം. എംഎൽഎക്ക് തഹസിൽദാരുടെ കസേരയിൽ ഇരിക്കാൻ അധികാരം ഉണ്ടോയെന്ന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ ചോദിച്ചു. ജനീഷ്കുമാർ പ്രതിപക്ഷ എംഎൽഎയെ പോലെ പെരുമാറി. റവന്യൂ വകുപ്പും സർക്കാരും മോശമാണെന്ന സന്ദേശം എംഎൽഎയുടെ പ്രവർത്തനത്തിലൂടെ ഉണ്ടായെന്നും അദ്ദേഹം വിമർശിച്ചു.എംഎൽഎയുടേത് അപക്വമായ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎയുടെ പ്രവർത്തി ശരിയായിരുന്നോ എന്ന് സിപിഎം പരിശോധിക്കണം. സിപിഐ ഇക്കാര്യം സിപിമ്മിനെ അറിയിക്കും. ജീവനക്കാർ അവധി എടുത്തത് അവധി അപേക്ഷ നൽകിയ ശേഷം മാത്രമാണ്. ഇന്നലെ ഓഫീസിൽ ഇല്ലാതിരുന്നവരിൽ എട്ട് പേർ സർവ്വേ ഡ്യൂട്ടിക്ക് പോയവരാണ്. ഓഫീസ് അടച്ചുപൂട്ടി ജീവനക്കാർ പോയി എന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണ്.