ലോറിയിൽ കഞ്ചാവ് മിഠായി കടത്താൻ ശ്രമം; അച്ഛനും മകനും പിടിയില്‍

ലോറിയിൽ കഞ്ചാവ് മിഠായി കടത്താൻ ശ്രമിച്ച അച്ഛനും മകനും കൊച്ചിയിൽ പിടിയിൽ. 60 കിലോ കഞ്ചാവ് മിഠായിയും നിരോധിത പുകയില വസ്തുക്കളുമായി കർണ്ണാടക സ്വദേശികളായ സട്ടപ്പയും മകൻ അഭിഷേകുമാണ് പിടിയിലായത്. സ്കൂൾ കുട്ടികൾക്കിടയിൽ വിതരണത്തിന് എത്തിച്ചതാണ് ലഹരി വസ്തുക്കളെന്നും ഇടനിലക്കാരെ പിടികൂടാൻ ശ്രമം തുടങ്ങിയതായും കൊച്ചി ഡിസിപി എസ് ശശിധരൻ പറഞ്ഞു.

അതേസമയം, കാസർകോട് കാറിൽ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കറന്തക്കാട് വച്ചാണ് കഞ്ചാവ് പിടികൂടിയത്. കുഞ്ചത്തൂരിൽ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തു. രണ്ട് കേസുകളിലായി മൂന്ന് പേരാണ് അറസ്റ്റിലായത്. വാഹന പരിശോധനക്കിടെയാണ് കറന്തക്കാട് വച്ച് കാറിൽ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്. ഇടുക്കി പത്താംമൈലിലെ അൻസാർ അസീസ്, ശ്രീജിത്ത് എന്നിവർ അറസ്റ്റിലായി. ഇവർ കഞ്ചാവ് കടത്തിയ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.