ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പിൻ്റെ റെയ്ഡ് 30 മണിക്കൂർ പിന്നിട്ടു

മുംബൈ: ബിബിസിയുടെ ദില്ലി,മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പിൻറെ പരിശോധന മുപ്പത് മണിക്കൂർ പിന്നിട്ടു. നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന. ഹിന്ദു സേനയുടെ പ്രതിഷേധത്തിന്പിന്നാലെ ബിബിസി ഓഫീസിൻറെ സുരക്ഷ കൂട്ടിയിട്ടുണ്ട്.

രാപ്പകൽ നീളുന്ന അസാധാരണ പരിശോധനയാണ് ബിബിസി ഓഫീസുകളിൽ നടക്കുന്നത്.  ബിബിസിയിലെ പരിശോധന രണ്ടാം ദിവസത്തിലും തുടരുകയാണ്.  ദില്ലിയിലെ ബിബിസി ഓഫീസിൽ ഇന്ന് പരിശോധനയ്ക്ക് എത്തിയത് 24 ഉദ്യോഗസ്ഥരാണ്. അന്വേഷണവുമായി സഹകരിക്കാൻ ജീവനക്കാർക്ക് ബിബിസി നിർദ്ദേശം നൽകി.രാപ്പകൽ നീളുന്ന അസാധാരണ പരിശോധന. രണ്ടാം ദിവസത്തിലും ആദായ നികുതി ഉദ്യോഗസ്ഥർ ബിബിസി ആഫീസുകളിൽ തുടരുകയാണ്. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികൾക്ക് ബാധകമായ ചട്ടങ്ങൾ ബിബിസി ലംഘിച്ചുവെന്നാണ് ആദായ നികുതി വ്യത്തങ്ങൾ സൂചിപ്പിക്കുന്നത്. രേഖകൾ സമർപ്പിക്കണമെന്ന് പല പ്രാവശ്യം ബി ബി സി യോട് ആവശ്യപ്പെട്ടെനും ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നുവെന്നും വകുപ് വിശദീകരിക്കുന്നു.

നികുതി ഇളവ് ലഭിക്കാൻ ഏതെങ്കിലും തരത്തിലുള്ള കൃത്യമത്വം കാണിച്ചിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിലാണെന്നാണ് വകുപ്പ് വ്യക്തമാക്കുന്നു. പരിശോധനയോട് സഹകരിക്കാൻ ജീവനക്കാരോട് ബിബിസി നിർദേശം നൽകി. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം. വരുമാനം സംബന്ധിച്ചുളള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നും ഇമെയിലൂടെ ബിബിസി നിർദ്ദേശം നൽകി.

ഇതിനിടെ പരിശോധനക്കെതിരെ അന്താരാഷ്ട്ര തലത്തിലും പ്രതിഷേധം ഉയരുകയാണ്. ആദായ വകുപ്പ് നടപടിയെ അപലപിച്ച് ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ്സ് രംഗത്തെത്തി. അതേ സമയം ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു സേന പ്രവർത്തകർ ദില്ലി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഇവരെ പിന്നീട് പൊലീസ് നീക്കി.