കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതി അനിൽ കുമാർ പിടിയിൽ

കൊച്ചി: കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതിയും എറണാകുളം മെഡിക്കൽ കോളേജിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്‍റുമായ അനിൽ കുമാർ പിടിയിൽ. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ  ഒളിവിൽ പോയിരുന്ന അനിലിനെ മധുരയിൽ വച്ചാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അനിൽ കുമാറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ, പണം ഇടപാട് ഉണ്ടോ തുടങ്ങി നിരവധി  കാര്യങ്ങൾക്കു അനിൽ കുമാറിലൂടെ വ്യക്തത വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

അനിൽ കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ നേരത്തെ എതിർത്തിരുന്നു. ജനന സർട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനായി മാസങ്ങൾ നീണ്ട തയാറെടുപ്പ് നടത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. തെറ്റായ ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നും സർട്ടിഫിക്കറ്റ് തിരുത്തിയിട്ടില്ലെന്നുമായിരുന്നു അനിൽ കുമാറിന്‍റെ മറുപടി. രേഖകൾ ഇല്ലാത്തത് കാരണം വളർത്താൻ പോലും പറ്റാതെയാകുമെന്ന സ്ഥിതി വന്നപ്പോഴാണ് കുഞ്ഞിന് വേണ്ടി ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ മുന്നിട്ട് ഇറങ്ങിയതെന്നാണ് തൃപ്പുണ്ണിത്തുറയിലെ ദമ്പതികളുടെ മൊഴി. കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിനെ തട്ടിയെടുത്തതല്ലെന്നും, വിവാഹിതരല്ലാതിരുന്ന കുഞ്ഞിന്‍റെ മാതാപിതാക്കൾ വളർത്താൻ ഏൽപിച്ചതാണെന്നും ദമ്പതികൾ പറയുന്നു.