സൗന്ദര്യമുണ്ടെങ്കിലും ബുദ്ധിയില്ലാത്ത സ്ത്രീയാണ് നിക്കി ഹേലിയെന്ന് ആന്‍ കൗള്‍ട്ടര്‍

സൗന്ദര്യമുണ്ടെങ്കിലും ബുദ്ധിയില്ലാത്ത സ്ത്രീയാണ് നിക്കി ഹേലിയെന്ന് യാഥാസ്ഥിതിക വലതുപക്ഷ തീവ്രവാദ നിലപാടുകള്‍ പതിവാക്കിയ ആന്‍ കൗള്‍ട്ടര്‍. നിയമത്തെ ആദരിക്കാത്ത സ്ത്രീയാണ് ഹേലിയെന്നും കൗള്‍ട്ടര്‍ ആരോപിച്ചു. ഇന്ത്യന്‍ പാരമ്പര്യമുള്ള, അതേസമയം അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന നിക്കി ഹേലിയോട് ഇന്ത്യയിലേക്ക് തിരിച്ചു പോയ്ക്കൂടേ എന്നും ആന്‍ കൗള്‍ട്ടര്‍ പരിഹാസപൂര്‍വ്വം ചോദിച്ചു. ഇന്ത്യ പശുക്കളെ ആരാധിക്കുന്ന രാജ്യമാണെന്നും അവിടെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ എലിയെ ആരാധിക്കാന്‍ ക്ഷേത്രമുണ്ടാക്കിയെന്നും മാര്‍ക്ക് ഷിമോണ്‍ ഷോയില്‍ വെച്ച് ആന്‍കൗള്‍ട്ടര്‍ പരിഹസിച്ചു.

അതേസമയം ആന്‍കൗള്‍ട്ടറുടെ ചോദ്യങ്ങള്‍ക്കും പരിസാഹസങ്ങള്‍ക്കും നേരെ നിക്കി ഹേലി പ്രതികരിച്ചിട്ടില്ല. സൗത്ത് കരോലിന മുന്‍ ഗവര്‍ണറായിരുന്ന നിക്കി ഹേലി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥിക്കെതിരെ ആദ്യത്തെ ആക്രമണം അഴിച്ചു വിട്ടത് ട്രംപിനു വേണ്ടി എന്നും ശബ്ദമുയര്‍ത്തിയ കൗള്‍ട്ടറാണ്.