ടെക്സാസ് സംസ്ഥാനത്തെ കോപ്പേല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യുവിന് മാരാമൺ കൺവെൻഷനിൽ ആദരവ്

ഷാജി രാമപുരം

ഡാളസ് : ടെക്സാസ് സംസ്ഥാനത്തെ കോപ്പേൽ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യുവിനെ 128 – മത് മാരാമൺ കൺവെൻഷനിൽ ഫെബ്രുവരി 17 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് നടന്ന സമ്മേളനത്തിൽ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത പ്രത്യേകം സ്വാഗതം ചെയ്ത് ആദരിച്ചു.

മാർത്തോമ്മ മെത്രാപ്പൊലീത്തയായി സ്ഥാനം ഏറ്റതിനു ശേഷം ആദ്യമായി 2022 ഒക്ടോബറിൽ ഡോ.തിയഡോഷ്യസ് മാർത്തോമ്മ അമേരിക്കയിൽ സന്ദർശനം നടത്തിയ വേളയിൽ ഡാളസിലെ കോപ്പേൽ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യുവിന്റെ നേതൃത്വത്തിൽ ഒക്ടോബർ 11ന് കോപ്പേൽ സിറ്റി മാർത്തോമ്മ ഡേ ആയി പ്രഖ്യാപിച്ചത് സഭയ്ക്കു വളരെ അഭിമാനിക്കാവുന്നതാണെന്ന് മാർത്തോമ്മ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. 

മാർത്തോമ്മ സുവിശേഷ സേവികാ സംഘത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആശംസ സന്ദേശം നൽകുന്നതിനുള്ള അവസരവും ബിജു മാത്യുവിന് ലഭിച്ചു. തന്റെ ചെറുപ്പക്കാലത്ത് മാതൃ ഇടവകയായ കുമ്പനാട് ശാലേം മാർത്തോമ്മ ഇടവകയുടെ യുവജനസംഖ്യത്തിന്റെ നേതൃത്വത്തിൽ കൺവെൻഷൻ പന്തൽ നിർമ്മാണത്തിൽ ഭാഗമാകുവാൻ സാധിച്ച ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു.

ലോക പ്രസിദ്ധമായ മാരാമൺ കൺവെൻഷനിൽ ഒരു ഇലക്ടഡ് പൊളിറ്റിക്കൽ ലീഡർക്ക് ആദ്യമായിട്ടാണ് ഇപ്രകാരം ഒരു നിമിഷം സംസാരിക്കുവാൻ അവസരം ലഭിക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ ധന്യനിമിഷമായി കാണുന്നു എന്ന് ബിജു മാത്യു അഭിപ്രായപ്പെട്ടു. രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്ന ബിജു മാത്യുവിന് പ്രത്യേക അഥിതിയായി മാരാമൺ റിട്രീറ്റ് സെന്ററിൽ സഭയായി താമസ സൗകര്യവും നൽകിയിട്ടുണ്ട്.