എന്നെ ഇട്ടിട്ട് പോകല്ലേ, എനിക്ക് ഒറ്റയ്ക്ക് പേടിയാണെന്ന് അറിയില്ലേ…ഹൃദയം തകര്‍ന്ന് നിലവിളിച്ച് ഷഹാന

ഇന്നലെ വിട പറഞ്ഞ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഹൃദയം തകര്‍ന്ന് നിലവിളിച്ച് ഭാര്യ ഷഹാന. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പ്രണവിന്റെ ശരീരം വീട്ടിലെത്തിച്ചപ്പോള്‍ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് ഷഹാന നിലവിളിച്ചു. എന്നെ ഇട്ടിട്ട് പോകല്ലേ, എനിക്ക് ഒറ്റയ്ക്ക് പേടിയാണെന്ന് അറിയില്ലേ എന്നു ചോദിച്ചുകൊണ്ടായിരുന്നു ഷഹാനയുടെ നിലവിളി. ഷഹാനയെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കണ്ടുനിന്നവര്‍ തളര്‍ന്നു പോയിരുന്നു.

വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പ്രണവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ സംസ്‌കാരം നടന്നു. മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ ഷഹാനയുടെ കരച്ചില്‍ അണപൊട്ടി. പ്രണവിന്റെ ശരീരത്തിലേക്ക് വീണു കിടന്ന് ”എന്നെ തനിച്ചാക്കി പോകല്ലേ മനുഷ്യാ, എനിക്ക് ഒറ്റയ്ക്ക് കഴിയാന്‍ പേടിയാണെന്ന് അറിയില്ലേ, ഒരു വാക്ക് പറയാതെ പോയല്ലോ, എന്റെ ജീവന്‍ പകരം തരില്ലായിരുന്നോ എന്നിങ്ങനെ നിലവിളിച്ചുകൊണ്ട് ഷഹാന പറയുന്നത് കേട്ട് പ്രണവിന്റെ അച്ഛന്‍ കുഴഞ്ഞുവീണു.എട്ടുവര്‍ഷം മുമ്പുണ്ടായ ബൈക്കപകടത്തില്‍ പ്രണവിന് നട്ടെല്ലിന് പരിക്ക് പറ്റുകയായിരുന്നു. ഒരുവര്‍ഷത്തോളം ചികിത്സയിലായിരുന്നു. പ്രണവിന്റെ വീഡിയോ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് പ്രണയം തോന്നുന്നത്. ഇഷ്ടം തുറന്നു പറഞ്ഞപ്പോള്‍ പ്രണവ് ഷഹാനയെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പിന്മാറാന്‍ ഷഹാന തയ്യാറായിരുന്നില്ല. ഒടുവില്‍ പ്രണവ് ഷഹാനയെ ഹൈന്ദവാചാരപ്രകാരം താലിചാര്‍ത്തുകയായിരുന്നു. മണപറമ്പില്‍ സുരേഷ് കുമാറിന്റെയും സുനിതയുടെയും മകനാണ് 31കാരനായ പ്രണവ്.