ഞെട്ടലില്‍ മലയാള സിനിമ ലോകം

നടി സുബി സുരേഷിന്‍റെ മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. സുബിയുടെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് മാത്രമല്ല സിനിമ ടിവി രംഗത്ത് തന്നെ അറിഞ്ഞവര്‍ അപൂര്‍വ്വമായിരുന്നു. 41 മത്തെ വയസിലാണ് സുബിയുടെ വിടവാങ്ങല്‍. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കവെയാണ് മരണം.

സുബിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് ഇപ്പോള്‍ സിനിമ ടിവി ലോകം. മമ്മൂട്ടി, ആസിഫലി, ദിലീപ്, മുകേഷ്, ഭാവന, കുഞ്ചാക്കോ ബോബന്‍, ജയറാം ഇങ്ങനെ പ്രമുഖര്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. അതേ സമയം സുബിയുടെ സംസ്കാരം നാളെ വൈകീട്ട് നടക്കും എന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്.

മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്.