ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുനാസർ മഅദ്നി സുപ്രീംകോടതിയെ സമീപിച്ചേക്കും

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുനാസർ മഅദ്നി സുപ്രീംകോടതിയെ സമീപിച്ചേക്കും. ആരോഗ്യം കൂടുതൽ മോശമായ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാൻ ആലോചിക്കുന്നത്. പക്ഷാഘാതത്തിന്‍റെ തുടർലക്ഷണങ്ങൾ കണ്ടതോടെ ഈ മാസം ആദ്യം മഅദ്നിയെ ബെംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗദ്ധ പരിശോധനയിൽ തലച്ചോറിലേക്ക് രക്തയോട്ടം കുറവാണെന്ന് കണ്ടെത്തിയതോടെ ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചു. എന്നാൽ നിലവിൽ ശസ്ത്രക്രിയയ്ക്ക് പറ്റിയ ആരോഗ്യസ്ഥിതിയല്ല മഅദ്നി എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അതിനാൽ തുടർ ചികിത്സയ്ക്ക് കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മദ്ദനി സുപ്രീംകോടതിയെ സമീപിക്കുക. ബെംഗളുരു വിട്ടു പോകരുത് എന്നതായിരുന്നു മഅദ്നിയുടെ ജാമ്യവ്യവസ്ഥകളിലൊന്ന്.