വിസിയെ നിയന്ത്രിക്കാനുള്ള സിണ്ടിക്കേറ്റ് പ്രമേയം റദ്ദാക്കി ഗവര്‍ണര്‍

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിണ്ടിക്കേറ്റ് തീരുമാനങ്ങൾ തടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതിയെ വെച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രത്യേക അധികാരം ഉപയോഗിച്ച് സസ്പെൻഡ് ചെയ്തത്. അതേസമയം ഗവർണറുടെ നടപടി വിശദീകരണം തേടാതെയാണെന്ന് സിണ്ടിക്കേറ്റ് അറിയിച്ചു.

കെടിയുവിൽ ഗവർണറും വിസിയും ഒരുവശത്തും സർക്കാറും സിണ്ടിക്കേറ്റും മറുവശത്തുമായുള്ള പോര് ശക്തമായി. കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാൻ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിണ്ടിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാൻസലർ സസ്പെൻഡ് ചെയ്തത്. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയെ വിസിയുടെ നടപടി പരിശോധിക്കാൻ മറ്റൊരു സമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിണ്ടിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം എന്നീ തീരുമാനങ്ങളാണ് തടഞ്ഞത്. വിസിയുടെ എതിർപ്പോടെ കൈക്കൊണ്ട തീരുമാനങ്ങൾ ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവൻ നിലപാട്.

അതേസമയം, വിശദീകരണം ചോദിക്കാതെയുള്ള ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് സിണ്ടിക്കേറ്റ് നിലപാട്. സർക്കാർ നോമിനികളെ തള്ളി സിസ തോമസിനെ ഗവർണർ വിസിയാക്കിയത് മുതൽ തുടങ്ങിയ തർക്കങ്ങളാണ് അതിശക്തമായി തുടരുന്നത്. സിസയെ മാറ്റി നിയമനത്തിനായി മൂന്നംഗ സമിതി സർക്കാർ നൽകിയെങ്കിലും രാജ്ഭവൻ ഇതുവരെ ഇതിൽ തീരുമാനമെടുത്തിട്ടില്ല. സിസക്ക് തുടരാമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി എന്നാണ് ഗവർണറുടെ നിലപാട്. മലയാളം വിസി നിയമനത്തിലും കാലിക്കറ്റ് സിണ്ടിക്കേറ്റ് രൂപീകരണബില്ലിലും ഗവർണർ സർക്കാറുമായി ഉടക്കിലാണ്.