ബിബിസിയിലെ ആദായ നികുതി പരിശോധന: ഇന്ത്യയോട് ചോദ്യവുമായി ബ്രിട്ടൻ

ജി20 യോഗങ്ങള്‍ക്കിടെ ബിബിസിയിലെ ആദായ നികുതി പരിശോധന ഇന്ത്യയോട് ഉന്നയിച്ച് ബ്രിട്ടൻ. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയാണ് വിഷയം പരാമർശിച്ചത്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാൻ ബിബിസി ബാധ്യസ്ഥമാണെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയെന്നാണ് സൂചന.

മോദിയെ പരാമർശിച്ചുള്ള ബിബിസിയുടെ ഗുജറാത്ത് കലാപ ഡോക്യുമെന്‍ററി വിവാദമായതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പ് പരിശോധന. മൂന്ന് ദിവസമാണ് ദില്ലിയിലെയും മുബൈയിലെയും ബിബിസിയുടെ ഓഫീസില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. വിഷയത്തില്‍ ഗൂഢാലോചന ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ബിബിസിക്കെതിരെ ബിജെപി ശകതമായി ഉയര്‍ത്തുന്നപ്പോഴാണ് വിഷയം ബ്രിട്ടന്‍ നയതന്ത്ര തല ചർച്ചയില്‍ ഉന്നയിച്ചത്.

ബ്രിട്ടന്‍ വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവ‍ർലി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയം ചർച്ചയായത്. ചർച്ച സ്ഥിരീകരിച്ചുവെങ്കിലും മറ്റ് വിവരങ്ങള്‍ ജെയിംസ് ക്ലെവർലി വെളിപ്പെടുത്തിയിട്ടില്ല. നാളെ നടക്കുന്ന ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായാണ് ജെയിംസ് ക്ലെവർലി ഇന്ത്യയില്‍ എത്തിയത്.

നേരത്തെ ബ്രിട്ടനിലെ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അദായ നികുതി പരിശോധന വിഷയം ചർച്ചയായപ്പോള്‍ ബിബിസിക്ക് ബ്രിട്ടീഷ് സർക്കാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിബിസിയുടെ എഡിറ്റോറിയില്‍ സ്വാതന്ത്രത്തിനായി നിലകൊള്ളുമെന്നായിരുന്നു ബ്രിട്ടീഷ് സർക്കാരിന്‍റെ നിലപാട്. ബിബിസി ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കണമെന്ന നിലപാടാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ സ്വീകരിച്ചതെന്നാണ് വിവരം. വിഷയത്തിൽ സർക്കാര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.