ത്രിപുരയിൽ സഖ്യത്തിന്റെ നേട്ടം കോൺഗ്രസിന്, സിപിഎമ്മിന് വൻ തിരിച്ചടി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ത്രിപുരയിൽ ബിജെപി തന്നെ മുന്നിൽ. ഒറ്റയ്ക്ക് ബിജെപിക്ക് 31 ഓളം സീറ്റുകളിൽ ലീഡ് നിലനിർത്താനായി. കഴിഞ്ഞ തവണ 36 സീറ്റിൽ വിജയിച്ച സ്ഥാനത്താണ് ഇക്കുറി താഴേക്ക് വന്നതെങ്കിലും ഭരണം നഷ്ടമാകുമെന്ന പ്രതീതി ഇപ്പോൾ ബിജെപി ക്യാംപിൽ ഇല്ല.

സംസ്ഥാനത്ത് തിരിച്ചുവരവിനായി ഇടതുപക്ഷം കോൺഗ്രസുമായി സഖ്യത്തിലാണ് മത്സരിച്ചത്. മുൻപ് 60 സീറ്റിൽ മത്സരിച്ച ഇടതുപക്ഷം ഇക്കുറി 17 ഓളം സീറ്റുകൾ കോൺഗ്രസിന് നൽകി. ഈ സീറ്റുകളിലൊന്നും സ്ഥാനാർത്ഥികളെ വെച്ചതുമില്ല. ഇതിന്റെ പ്രത്യാഘാതമെന്നോണം സിപിഎമ്മിന് സീറ്റുകൾ കുറഞ്ഞു. കഴിഞ്ഞ തവണ 16 സീറ്റ് വിജയിച്ച സിപിഎമ്മിന് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 11 സീറ്റിലാണ് മുന്നേറാനായത്. അതേസമയം കോൺഗ്രസിന് കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ജയിക്കാനാവാത്ത സ്ഥിതി മാറി. ഇവർക്ക് അഞ്ച് സീറ്റിൽ മുന്നേറാനായിട്ടുണ്ട്.