ഒറ്റയാൻ (കവിത -അനിൽ ബാബു കോടന്നൂർ )

അനിൽ ബാബു കോടന്നൂർ

ആത്മഹത്യയിലേക്കിറങ്ങി
നടക്കുന്നൊരാളുടെ
കണ്ണുകളിലേക്കൊന്നു
സൂക്ഷിച്ചു നോക്കണം,
ഉള്ളിൽ ചുഴികളിലൊളിപ്പിച്ചൊരു
ചുവന്ന കടലിന്റെ ശാന്തത
തെളിഞ്ഞു കാണാം…
നിസ്സംഗതയുടെ ലഹരിയെ
ശരീരത്തിലേക്കാവാഹിച്ചടക്കി
വച്ചിരിക്കുന്നത് ചലനങ്ങളിൽ
പ്രതിബിംബിച്ചു പ്രകടമാകാം,
നോക്കുകളിൽ, ചലനങ്ങളിൽ
ഒരു പടനായകന്റെ മനക്കരുത്ത്
ഒളിഞ്ഞു നിൽക്കുന്നപോലെ
ഒന്ന് ശ്രദ്ധിച്ചാൽ തോന്നാം…
വാക്കുകളിൽ പെരുമ്പറയുടെ
ഇടറിത്തെറിച്ച പ്രകമ്പനം
ചില സമയങ്ങളിൽ
ഉയർന്നു കേൾക്കാം,
നിശ്ചയധാർഷ്ട്യത്തിന്റെ
ഉരുക്കുകാലടികൾ മണ്ണിൽ
അവസാന കവിതവിരിയിച്ച-
കന്നു പോകുന്നതിന്റെ
ദൃക്‌സാക്ഷികളാകാതിരിക്കാൻ
നമുക്ക് കണ്ണുകളടച്ചിരുട്ടാക്കാം…