വിസ്കോൺസിൻ സീറോ മലബാർ മിഷൻ സ്നേഹഭവനം നിർമ്മിച്ച് നൽകി

വിസ്കോൺസിൻ സെന്റ് ആന്റണീസ് സീറോ മലബാർ മിഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ കുടുംബത്തിന് നവഭവനം നിർമ്മിച്ചുനൽകി.
ഡോ എം എസ് .സുനിൽ ഫൗണ്ടേഷന്റെ 269 ആമത് ഭവനമാണ് തൃശ്ശൂർ മുളങ്കുന്നത്ത്കാവ് മണിത്തറ വീട്ടിൽ രോഗബാധിതയായ ജിസ് മറിയയ്ക്കും കുടുംബത്തിനും വേണ്ടി നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ എം എസ് സുനിലിന്റെയും മറ്റു വിശിഷ്ടാതിഥികളുടെയും സാനിധ്യത്തിൽ വിസ്കോൺസിൻ സീറോ മലബാർ മിഷൻ ഡയറക്ടർ ഫാ. നവീൻ പള്ളുരത്തിൽ നിർവഹിച്ചു. പ്രൊജക്റ്റ് കമ്മിറ്റി ചെയർമാൻ തോമസ് ഡിക്രൂസ് അധ്യക്ഷത വഹിച്ചു.
വർഷങ്ങളായി സ്വന്തമായി വീടും സ്ഥലവും ഇല്ലാതെ രോഗബാധിതയായ ജിസ്മരിയ ഭർത്താവ് ജോസഫും രോഗബാധിതനായ സഹോദരനും മകളും മകളുടെ മൂന്ന് കുട്ടികളും ആയി പോകുവാൻ ഇടമില്ലാതെ കഴിഞ്ഞിരുന്ന അവസരത്തിൽ ദാനമായി ലഭിച്ച 5 സെൻറ് സ്ഥലത്ത് മൂന്നു മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ബാത്റൂമും അടങ്ങിയ വീട് ഡോ. എം എസ് സുനിലിന്റേയും ഐ. ആർ പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാലിന്റെയും നേതൃത്വത്തിൽ പൂർത്തീകരിച്ചു നൽകുകയായിരുന്നു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തു മെമ്പർ ലിനീ ഷാജി, വാർഡ് മെമ്പർ മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.