സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍. രാമചന്ദ്രനെ കാണാതായി

സി.പി.ഐ എം.എൽ റെഡ്സ്റ്റാർ ദേശീയ ജനറൽ സെക്രട്ടറി കെ.എൻ രാമചന്ദ്രനെ കൊൽക്കത്തയിൽ വെച്ച് കാണാതായി. കൊൽക്കത്ത: ലക്നവിൽ നിന്നും ഞായറാഴ്ച്ച വൈകിട്ട് ഹൗറാ സ്റ്റേഷനിൽ വണ്ടിയിറങ്ങിയതിനു ശേഷമാണ് രാമചന്ദ്രനെ കാണാതാവുന്നത്. വൈകുന്നേരം അഞ്ചു മണിക്ക് ഹൗറയിൽ എത്തിച്ചേരുമെന്ന് പാർട്ടി സംസ്ഥാന സമിതി അംഗം രവി പാലൂരിനെ കെ.എൻ രാമചന്ദ്രൻ അറിയിച്ചിരുന്നു.

ഇതനുസരിച്ച് അഞ്ചര മണി രാമചന്ദ്രനെ ഫോൺ ചെയ്തെങ്കിലും ആരും എടുത്തില്ല ഏഴര മണിക്കു ശേഷം ഫോൺ ഓഫായി. കഴിഞ്ഞ ദിവസം 24 പർഗാന ജില്ലയിലെ ഭാൻ കുർ എന്ന സ്ഥലത്തു നടന്ന പോലീസ് വെടിവെപ്പിൽ രണ്ടു ഗ്രാമീണർ കൊല്ലപ്പെട്ടിരുന്നു.ഇവരുടെ വീട് സന്ദർശിക്കാനും പാർടിയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക സമര നേതാക്കളെക്കാണാനുമാണ് കെ.എൻ.രാമചന്ദ്രൻ കൊൽക്കത്തയിൽ എത്തിയത് പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ നിർമ്മിക്കുന്ന മേജർ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി വലിക്കുന്ന ഹൈപ്പവർ ലൈനുകൾ സ്ഥാപിക്കാൻ ഗ്രാമീണരുടെ പതിനാറേക്കർ സ്ഥലം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു.

8 ഗ്രാമങ്ങളിലൂടെയാണ് ഈ ലൈൻ കടന്നു പോകുന്നത് ഇത് ഗ്രാമീണ ജനതയുടെയും കർഷകരുടേയും ജീവിതത്തെ ബാധിക്കുമെന്നു പറഞ്ഞാണ് സി.പി.ഐ.എം .എൽ റെഡ് സ്റ്റാറിന്റെ നേതൃത്വത്തിൽ ഗ്രാമീണർ സമരരംഗത്ത് എത്തിയത്.ഇതിനടുത്ത സ്ഥലങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ ഒരു സംസ്ഥാന നേതാവ് ചുളുവിലക്ക് തട്ടിയെടുക്കാനും ശ്രമിച്ചിരുന്നു.ഇതിനെതിരെയാണ് ഗ്രാമീണർ പ്രക്ഷോഭം ശക്തമാക്കിയത്. പന്ത്രണ്ട് കിലോമീറ്റർ ദൂരത്തിൽ ഗ്രാമീണർ റോഡ് ഉപരോധിച്ചിരുന്നു.

പ്രദേശത്തെ പതിനായിരങ്ങളാണ് റോഡ് ഉപരോധസമരത്തിൽ പങ്കെടുത്തത് വൈദ്യുത മന്ത്രി ഇടപെട്ട് പവർ സ്റ്റേഷൻ നിർമ്മാണവും ഭൂമി ഏറ്റെടുക്കൽ തീരുമാനവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് സമരം താൽക്കാലികമായി നിർത്തിവെച്ചത്. സമരം അവസാനിച്ചതിനു ശേഷം സമരത്തിനു മുൻകൈയെടുത്ത സി.പി.ഐ.എം .എൽ .റെഡ്സ്റ്റാർ നേതാക്കളെ പോലീസ് വീടുവളഞ്ഞ് അറസ്റ്റു ചെയ്തു.

നേതാക്കളുടെ അറസ്റ്റിനേ തുടർന്ന് റോഡ് ഉപരോധിച്ച് അക്രമാസക്തരായി.ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് വെടിവെക്കുകയായിരുന്നു. വെടിവെപ്പിൽ രണ്ടു ഗ്രാമീണർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇതറിഞ്ഞതിനെ തുടർന്ന് സംഭവസ്ഥലം സന്ദർശിക്കാനാണ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.എൻ.രാമചന്ദ്രൻ കൊൽക്കത്തയിൽ എത്തിയത്.

കെ.എൻ.രാമചന്ദ്രനെ പോലീസ് അസ്റ്റു ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും, രാമചന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തതായാണ് സംശയിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ് കൺവീനർ രഞ്ജിത്ത് സൂര്‍ ദി വൈഫൈ റിപ്പോർട്ടറോടു പറഞ്ഞു.