ഭക്തിയുടേയും വിശ്വാസത്തിന്റെയും പുണ്യം പകര്‍ന്ന് ഗീതാമണ്ഡലം മകരവിളക്ക് മഹോത്സവം ആഘോഷിച്ചു

ചിക്കാഗോ: ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന ജീവിതങ്ങള്‍ക്ക്, ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കിയ അറുപതു നാളുകള്‍ക്ക് ശേഷം, പ്രധാന പുരോഹിതന്‍ ശ്രീ ലക്ഷ്മിനാരായണ ശാസ്ത്രികളുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് പൂജകള്‍, മകര സംക്രമ നാളില്‍ ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഗീതാ മണ്ഡലത്തില്‍ സമാപനം ആയി. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനി ദോഷം അകറ്റി സര്‍വ ഐശ്വര്യ സിദ്ധിക്കുമായി വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

മകരസംക്രമ നാളില്‍, പുലര്‍ച്ചെ സിദ്ധിവിനായക മൂര്‍ത്തിയുടെ നിര്‍മ്മാല്യ ദര്‍ശ്ശനത്തോടെയാണ് ഈ വര്‍ഷത്തെ മകരവിളക്ക് പൂജകള്‍ ആരംഭിച്ചത്. മഹാഗണപതിക്ക് നേത്രോന്മിലീനം, ആവാഹനാദി സ്‌നാനം എന്നി ചടങ്ങുകള്‍ക്ക് ശേഷം ഗണഞ്ജയാദി പരിവാരമന്ത്രജപത്തോടെ അഷ്ടദ്രവ്യ കലശമാടി. തുടര്‍ന്ന് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്‍കിയശേഷം ഗണപതി അഥര്‍വോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തി.

വൈകിട്ട് കൃത്യം അഞ്ചുമണിക്ക്, ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തില്‍, കലിയുഗവരദന്റെ തിരുസന്നിധാനം, ശ്രീ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ തുറന്ന് ദീപാരാധന നടത്തി. തുടന്ന് നടന്ന കലശപൂജയ്ക്ക് ശേഷം അഷ്ടദ്രവ്യകലശാഭിഷേകവും നെയ്യ് അഭിഷേകവും നടത്തി. അലങ്കാരങ്ങള്‍ക്കായി നട അടക്കുകയും ചെയ്തു. തുടര്‍ന്ന് ശരണാഘോഷ പ്രിയനായ അയ്യപ്പസ്വാമിക്ക്, ശ്രീ നാരായണന്‍ കുട്ടപ്പന്റെ നേതൃത്വത്തില്‍ 1008 ശരണം ഘോഷം മുഴക്കി.

ഈ വര്‍ഷം ആദ്യമായി മകരവിളക്ക് മഹോത്സവത്തിന് അയ്യപ്പസ്വാമിക്ക് രണ്ട് അലങ്കാരങ്ങള്‍ ആണ് നടത്തിയത്. ആത്മ നിര്‍വൃതി ഹൃദയത്തിലേറ്റുവാങ്ങി നിന്ന ഭക്തര്‍ക്ക് അയ്യപ്പനെ വണങ്ങി ദര്‍ശന പുണ്യം തേടുവാനായി, ചിക്കാഗോ കലാക്ഷേത്രയുടെ പഞ്ചവാദ്യ മേളത്തോടെ വീണ്ടും നടതുറക്കുകയും, പുഷ്പാലങ്കാരത്താല്‍ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധനയും, ശാസ്താ കവചമന്ത്രങ്ങളും, ശാസ്താസൂക്തവും, അഷ്ടോത്തര അര്‍ച്ചനയും നടത്തി.

01geethamandalam-thewifireporter

ഈ വര്‍ഷത്തെ അയ്യപ്പ പൂജയുടെ ഏറ്റവും വലിയ മറ്റൊരു ആകര്‍ഷണം, ശ്രീ ബിജുകൃഷ്ണന്‍സ്വാമിയുടെ നേതൃത്വത്തില്‍, കലാക്ഷേത്രയുടെ വാദ്യഘോഷ അകമ്പടിയോടെ നടന്ന തിരുവാഭരണ ഘോഷയാത്രയായിരുന്നു. തിരുവാഭരണ ഘോഷയാത്രയെ, താലപ്പൊലിയേന്തിയ മാളികപ്പുറങ്ങള്‍ ക്ഷേത്ര അങ്കണത്തിലേക്ക് സ്വീകരിച്ചു. മകരസംക്രാന്തി നാളില്‍ അയ്യപ്പ സ്വാമിയെ അണിയിക്കുവാന്‍ ആയി കൊണ്ടുവന്ന തിരുവാഭരണങ്ങള്‍, ദേവശില്‍പിയായ ശ്രീ നാരായണന്‍ജി തീര്‍ത്ത തിരുവാഭരണപ്പെട്ടിയിലാണ്, തിരുവാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ തൊട്ട് മണികണ്ഠ പൊരുളിന്റെ അനുഗ്രഹം വാങ്ങുവാന്‍ വന്‍ ഭക്തജനപ്രവാഹത്തെയാണ് കാണാന്‍ കഴിഞ്ഞത്.

അതിനുശേഷം, ശ്രീകോവിലിന് മുന്നിലെത്തിയ തിരുവാഭരണപെട്ടി ആചാരപൂര്‍വ്വം പ്രധാന പുരോഹിതന്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് നടന്ന ഭസ്മാഭിഷേകത്തിനും, കളഭാഭിഷേകത്തിനും, പുഷ്പാഭിഷേകത്തിനും, അത്താഴപൂജയ്ക്കും ശേഷം ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയ തിരുവാഭരണങ്ങള്‍, അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. ഇതിനു ശേഷം വാദ്യഘോഷ പ്രിയനായ അയ്യപ്പസ്വാമിക്ക്, ചിക്കാഗോ കലാക്ഷേത്ര കാണിക്കയായി സമര്‍പ്പിച്ച പഞ്ചവാദ്യത്തോടെയായിരുന്നു ദീപാരാധനയ്ക്കായി നട തുറന്നത്.

പിന്നീട് ശാസ്താ കവചമന്ത്രം, പടിപൂജ, അഷ്ടോത്തര അര്‍ച്ചന, ദീപാരാധന, നമസ്‌കാരമന്ത്രം, മന്ത്രപുഷ്പം, സാമവേദ പാരായണം, മംഗള ആരതി, തുടര്‍ന്ന് ഹരിവരാസനം പാടി നട അടച്ചത്തോടെ ഈവര്ഷത്തെ മകരവിളക്ക് മഹോത്സവ പൂജക്ക് മംഗളകരമായ പരിസമാപ്തിയായി.

ഈ വര്‍ഷം ആദ്യമായി സംഘടിപ്പിച്ച അയ്യപ്പ തത്വം കുട്ടികളിലൂടെ പഠിക്കാം എന്ന പ്രോഗ്രാമില്‍ പങ്കെടുക്കുകയും മുതിര്‍ന്നവര്‍ക്ക് അയ്യപ്പ തത്വം പഠിപ്പിച്ചു കൊടുക്കുകയും ചെയ്ത കുട്ടികളെ, ഗീതാമണ്ഡലം പ്രസിഡന്റ് ശ്രീ. ജയ്ചന്ദ്രന്‍ അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് പരമാത്മാവ്. ഈ പരമാത്മാവ് തന്നെയാണ് എല്ലാ ജീവികളിലും ‘ഞാന്’ എന്ന ബോധത്തോടെ പ്രകാശിക്കുന്ന ജീവാത്മാവ് . ഈ പരമാത്മാവിന്റെ, ചൈതന്യം തന്നെയാണ് പ്രപഞ്ചത്തില്‍ എങ്ങും നിറഞ്ഞു നില്‍ക്കുന്നത്. ഈ പരമമായ സത്യം തിരിച്ചറിയുവാനുള്ള അവസരം ആണ് ഓരോ മണ്ഡല – മകരവിളക്ക് കാലവും എന്ന് ശ്രീ. ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഗീതാ മണ്ഡലത്തിന്റെ എല്ലാ പൂജകള്‍ക്കും ഭജനകള്‍ക്കും ആത്മീയ നേതൃത്വം നല്‍കുന്ന ശ്രീ ആനന്ദ്പ്രഭാകറിനു പ്രത്യേക നന്ദി പ്രകാശിപ്പിച്ചു.

”മാനവ സേവ മാധവ സേവ” എന്ന വിശ്വാസത്തോടെ സനാതന ധര്‍മ്മവും ഭാരതീയ പൈതൃകവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചിക്കാഗോയിലെ ഹൈന്ദവ സമൂഹത്തിന്റെ മാതാവായ ഗീതാ മണ്ഡലത്തിന്റെ വരും നാളുകളിലെ പ്രവര്‍ത്തങ്ങളിലും പങ്കെടുക്കണം എന്ന് ട്രഷറര്‍ ശ്രീ ശേഖരന് അപ്പുക്കുട്ടന് അഭ്യര്‍ത്ഥിച്ചു.

ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശ്രീ ലക്ഷ്മിനാരായണ ശാസ്ത്രികള്‍ക്കും, അദ്ദേഹത്തിന്റെ സഹായിയായി വര്‍ത്തിച്ച ശ്രി. ആനന്ദ് പ്രഭാകറിനും, മകരവിളക്ക് പൂജ സ്‌പോണ്‍സര്‍ ചെയ്ത ശ്രീ ശേഖരന്‍ അപ്പുക്കുട്ടന്റെയും ശ്രീ രവി നായരുടെയും കുടുംബത്തിനും, മറ്റ് അയ്യപ്പ പൂജകള് സ്‌പോണ്‍സര്‍ ചെയ്ത എല്ലാവര്‍ക്കും, അതുപോലെ വാദ്യഘോഷവും, ഭക്തിഗാനമേളയും സ്‌പോണ്‍സര്‍ ചെയ്ത ചിക്കാഗോ കലാക്ഷേത്രക്കും ഗീതാമണ്ഡലം ഭജനസംഘത്തിനും, അതുപോലെ ഈ പൂജയില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, ഇത് ഒരു വലിയ വിജയമാക്കാന് സഹായിച്ച എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി ശ്രീ ബൈജു എസ്. മേനോന് നന്ദി പ്രകാശിപ്പിച്ചു.
ഇത്ര മനോഹരമായ ഒരു ആത്മീയ നിര്‍വൃതിക്ക് ഇനി ഒരു വര്‍ഷം കൂടി കാത്തിരിക്കണമല്ലോ എന്ന വിചാരത്തോടെ ആണ് ഭക്ത ജനങ്ങള്‍രാത്രി 11.30 യോടെ പിരിഞ്ഞത്.