രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡണ്ട് പ്രതിഷേധിച്ചു

ചിക്കാഗോ: എംപി സ്ഥാനത്തുനിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡണ്ട് സന്തോഷ് നായര്‍ പ്രതിഷേധം രേഖപ്പെടുത്തി. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലൂടെ നരേന്ദ്രമോദി വീണ്ടും താനൊരു ഏകാധിപതിയാണെന്ന് തെളിയിച്ചിരിക്കുന്നു. ഇന്ത്യ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ജനാധിപത്യത്തെ ബിജെപി ഗവണ്‍മെന്‍റ് കശാപ്പ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി ഗവണ്‍മെന്‍റിന്‍റെ അഴിമതിയും അദാനിയുമായുള്ള അവിശുദ്ധ ബന്ധവും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയതാണ് യഥാര്‍ത്ഥപ്രശ്നം. മോദിയെ വിമര്‍ശിച്ചാല്‍ അത് രാജ്യത്തിനെതിരെയാണെന്ന് ബിജെപി പറഞ്ഞു പ്രചരിപ്പിക്കുന്നു. സംഘപരിവാറിനും ബിജെപിക്കുമെതിരെ ശബ്ദിച്ചാല്‍ അവരെ വേട്ടയാടുന്നു. ഇന്ത്യാരാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ജീവന്‍ ബലിയര്‍പ്പിച്ചത് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്‍റെ എല്ലാ നേതാക്കളും ഇന്ത്യക്കും ജനങ്ങള്‍ക്കും വേണ്ടി നിലകൊണ്ടവരാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ബിജെപി, സംഘപരിവാര്‍ ശക്തികള്‍ തയ്യാറായാല്‍ എന്തു വിലകൊടുത്തും അതു സംരക്ഷിക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളോടൊപ്പം മുമ്പിലുണ്ടാകും. കോണ്‍ഗ്രസിനെയോ കോണ്‍ഗ്രസ് നേതാക്കളെയോ നിശബ്ദരാക്കാനോ തകര്‍ക്കാനോ വര്‍ഗ്ഗീയ ഫാസിസ്റ്റ് കക്ഷിക്ക് കഴിയില്ല. ഇന്ത്യന്‍ ജനത മോദി ഗവണ്‍മെന്‍റിന്‍റെ ഏകാധിപത്യ ഭരണത്തെ തിരിച്ചറിയുമെന്നും ബിജെപി, സംഘപരിവാര്‍ ശക്തികളെ ഇന്ത്യന്‍ മണ്ണില്‍നിന്നും കെട്ടുകെട്ടിക്കുമെന്നും സന്തോഷ് നായര്‍ അഭിപ്രായപ്പെട്ടു.