എല്ലാ അഴിമതി മുഖങ്ങളും ഇപ്പോൾ ഒരേവേദിയിൽ: മോദി

രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യതയിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ വിമര്‍ശിച്ച് നരേന്ദ്ര മോദി. ചില പാർട്ടികൾ  (അഴിമതിക്കാരനെ സംരിക്ഷിക്കുന്ന പദ്ധതി) ‘ഭ്രഷ്ടാചാരി ബച്ചാവോ അഭിയാൻ’ തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.  ഇന്ത്യയിലെ എല്ലാ അഴിമതി മുഖങ്ങളും ഇപ്പോൾ ഒരേ വേദിയിൽ ഒത്തുചേരുകയാണ്. ഇന്ത്യ മഹത്തായ ഉയര്‍ച്ചകളിൽ നിൽക്കുമ്പോൾ, ഇന്ത്യക്കകത്തും പുറത്തുമുള്ള വിരുദ്ധ ശക്തികൾ ഒന്നിക്കുന്നത് സ്വാഭാവികമാണെന്നും മോദി പറഞ്ഞു. ദില്ലിയിലെ ഒരു പാർപ്പിട സമുച്ചയവും ബിജെപിയുടെ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യവേ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്ക് ഭരണഘടനാ സ്ഥാപനങ്ങൾ നൽകിയ ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ടാണ് അവ  ആക്രമണത്തിനിരയാകുന്നത്. അവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. അഴിമതിക്കാർക്കെതിരെ അന്വേഷണ ഏജൻസികൾ നടപടിയെടുക്കുമ്പോൾ, ഏജൻസികൾ ആക്രമിക്കപ്പെടുകയും ചോദ്യംചെയ്യപ്പെടുകയും ഉണ്ടാകുന്നു. കോടതിയാണ് എതിര്‍ വിധി പറയുന്നതെങ്കിൽ അവയും ചോദ്യം ചെയ്യപ്പെടുന്നു. (അഴിമതി സംരക്ഷിക്കൽ പദ്ധതി) ഭ്രഷ്ടാചാരി ബച്ചാവോ അഭിയാൻ നടത്താനാണ് ചില പാർട്ടികൾ ഒത്തുചേരുന്നതെന്ന് നിങ്ങൾ എല്ലാവരും കാണുന്നുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.