ശത്രുക്കളുടെ മക്കള്‍ക്കുപോലും ഞങ്ങളുടെ ഗതി ഉണ്ടാകാതിരിക്കട്ടെ!!!

തിരുവനന്തപുരത്തെ ലോ  അക്കാദമി ലോ കോളജില്‍ പ്രിന്‍സിപ്പലിന്‍െറ പീഡനങ്ങള്‍ക്കെതിരെ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരു ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് രൂപം കൊടുത്തിരിക്കുകയാണ്.

victims of KLA എന്ന ഫെയ്സ്ബുക്ക് പേജില്‍ ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും എഴുതിയിരിക്കുന്ന കലാലയ ജീവിതത്തിലെ അനുഭവങ്ങളില്‍ ചിലതാണ് ചുവടെ ചേര്‍ക്കുന്നത്. അതിക്രൂരമായ വിധത്തില്‍ കുട്ടികള്‍ വേട്ടയാടപ്പെടുന്നതിന്‍െറ നേര്‍സാക്ഷ്യങ്ങള്‍ ഈ ഫേസ്ബുക്ക് കൂട്ടായ്മയില്‍ കുട്ടികള്‍ പങ്കുവെയ്ക്കുന്നത്. പല കുറിപ്പുകളും രക്തത്തില്‍ മുക്കിയെഴുതിയിരിക്കുന്നതാണ്. പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരുടെ പരിഹാസവും പീഡനങ്ങളും ഏറ്റുവാങ്ങിയ കുഞ്ഞുങ്ങളുടെ വിലാപങ്ങളാണ് ഈ അക്ഷരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഞങ്ങളിതേക്കുറിച്ച് വിധിയെഴുത്ത് നടത്തുന്നില്ല. വായനക്കാര്‍ വായിച്ച് തീരുമാനത്തിലെത്തുക.

ഏറെ ആസ്വദിച്ച് പഠിക്കേണ്ട സമയത്ത് വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രിന്‍സിപ്പലില്‍ നിന്ന് അനുഭവിക്കുന്നത് പ്രാകൃതമായ മാനസിക പീഡനങ്ങളും ജാതിപരമായ കളിയാക്കലുകളുമാണ്. സാംസ്‌കാരികമായി മുന്നിലെന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്കിടയിലാണ് ഈ സംഭവം. വിദ്യാര്‍ത്ഥികളും വേഷം മുതല്‍ മുടിവെട്ടുന്നതില്‍ വരെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരും അവരുടെ മകന്റെ കാമുകിയും ഇടപെടുന്നു. മകന്റെ കാമുകിയെക്കാള്‍ ആരും നല്ല വസ്ത്രം ധരിക്കരുത്. അവളെക്കാള്‍ സുന്ദരിയായി ആരും കോളേജില്‍ വരരുത്. എന്തെല്ലാം വിചിത്രമായ രീതികളാണ് അക്കാദമിക്കുള്ളില്‍ നടക്കുന്നതെന്ന് ഈ ഫെസ്ബുക്ക് പേജ് പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും.

ആദ്യ ദിവസത്തെ ക്ലാസില്‍ തന്നെ ലക്ഷ്മിനായരുടെ ഭീഷണി തുടങ്ങും. ലോ അക്കാദമി നടത്തേണ്ട ആവശ്യം തനിക്കില്ല. ഇത് വെറും സൈഡ് ബിസിനസ്സാണ്. എന്റെ ഇഷ്ടത്തിന് ഇവിടെ ജീവിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം. ഒരു പ്രിന്‍സിപ്പലിന്റെ വെല്‍ക്കം സ്പീച്ചിനെ കുറിച്ച് ഒരു വിദ്യാര്‍ത്ഥിയുടെ അനുഭവ കുറിപ്പാണിത്. “നീയൊരു നായരല്ലെ എന്നിട്ടാണോ ഒരു ചോവനൊപ്പം നടക്കുന്നതെന്ന്” ഒരു വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് നോക്കി ചോദിക്കുന്നതരത്തില്‍ സംസ്‌കാരമില്ലാത്ത ഒരു പ്രിന്‍സിപ്പല്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന് തന്നെ അപമാനമാണ്.

ഹോസ്റ്റലില്‍ തമാസിക്കുന്നവരാണ് ലക്ഷ്മിനായരുടെ പ്രാകൃത പീഡനത്തിന് ഇരയാവുന്നതില്‍ അധികവും. വിദ്യാര്‍ത്ഥികളെ പോലെ തന്നെ പല രക്ഷിതാക്കളും പ്രിന്‍പ്പാളിന്റെ കേട്ടാല്‍ അറയ്ക്കുന്ന തെറിവിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പലരും മക്കളുടെ ഭാവിയോര്‍ത്ത് ഈ അപമാനം സഹിക്കുകയാണ്.

_______________________

ഈ ഫേസ്ബുക്ക് കൂട്ടായ്മയില്‍ വന്ന ചില പോസ്റ്റുകള്‍ ചുവടെ ചേര്‍ക്കുന്നു-

 

victims-klaഎന്റെ നെഞ്ചിലുമുണ്ട് എരിയുന്ന ഒരു നെരിപ്പോട്. അത് ഒരല്പം തണുപ്പിക്കാന്‍ മറ്റൊവസരം ഇനിയുണ്ടാവില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ കുറിപ്പ്.

നിയമം പഠിക്കണം എന്ന ആഗ്രഹം ചെറുപ്പം മുതലേ മനസ്സില്‍ സൂക്ഷിച്ച ഞാന്‍ മാതാപിതാക്കളുടെ അനിഷ്ടങ്ങളെയെല്ലാം ഒരു വിധത്തില്‍ പറഞ്ഞ് മനസ്സിലാക്കി അവരെ സമ്മതിപ്പിച്ച് ലോ എന്‍ട്രന്‍സ് പരീക്ഷ എഴുതി. നല്ല റാങ്കും ലഭിച്ചു. ഏത് ഗവ. കോളജിലും അഡ്മിഷന്‍ കിട്ടുമായിരുന്നിട്ടും എങ്ങനെയോ ഈ സ്ഥാപനത്തില്‍ എത്തപ്പെട്ടുപോയ ഒരു ഹതഭാഗ്യയാണ് ഞാന്‍.

വന്നുകയറിയതേ മനസ്സിലായി എന്തൊക്കെയോ അസ്വഭാവിതകളുണ്ട് കോളജില്‍ എന്ന്. സീനിയര്‍ ചേച്ചിമാര്‍ പേടിപ്പിച്ചുകൊണ്ടേയിരുന്നു പണികിട്ടും, പണികിട്ടും എന്ന്… എന്തായാലും ഒന്നാം വര്‍ഷം പ്രശ്‌നമൊന്നുമില്ലാതെ പോയി. പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് ഞാന്‍ വിശ്വസിക്കുന്ന ഒരു വിദ്യാര്‍ഥി സംഘടനയില്‍ അംഗത്വമെടുത്തത് മുതലാണ്. വലിയ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പോയിട്ടില്ലെങ്കിലും ഇലക്ഷന്‍ സമയത്ത് രംഗത്തിറങ്ങി. അതിന് വലിയ വിലയാണ് നല്‍കേണ്ടി വന്നത്. അന്ന് മുതല്‍ ഞാന്‍ പ്രിന്‍സിപ്പളിന്റെ കണ്ണിലെ കരടായി.

തുടര്‍ന്ന് പെട്ടെന്ന് ഹോസ്റ്റലില്‍ ഒരു നിയമം വന്നു. ഹോസ്റ്റലില്‍ നിന്ന് വീട്ടില്‍ പോകുമ്പോഴും തിരിച്ച് വരുമ്പോഴും മാതാപിതാക്കള്‍ ഒപ്പമുണ്ടാകണമെന്നായിരുന്നു പുതിയ നിയമം. എന്റെ മാതാപിതാക്കള്‍ക്ക് അതൊരിക്കലും അംഗീകരിക്കാനായില്ല. അതുകൊണ്ട് അമ്മ പ്രിന്‍സിപ്പളിനെ വിളിച്ച് സാഹചര്യം വിവരിക്കാന്‍ ശ്രമിച്ചു. കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഒരാളെ കൊണ്ടുപോകാന്‍ മാത്രമായി വരുന്നതിലെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ ശ്രമിച്ച അമ്മയോട് അവര്‍ വളരെ മോശമായി സംസാരിക്കുകയാണുണ്ടായത്. നിവര്‍ത്തിയില്ലാതെ അമ്മ ഇങ്ങനെ ചോദിച്ചുപോയി. ‘എല്ലാവരും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളല്ലേ. അവര്‍ക്ക് അവരെ നിയന്ത്രിക്കാനുള്ള പ്രായം ആയില്ലേ’ എന്ന്. ഇത് പ്രിന്‍സിപ്പളിന് പിടിച്ചില്ല. തന്നെ ആരെങ്കിലും ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവാത്ത പ്രിന്‍സിപ്പള്‍ എന്നോട് പ്രതികാര നടപടികള്‍ ആരംഭിച്ചു. ഹോസ്റ്റലില്‍ തുടരണമെങ്കില്‍ മാതാപിതാക്കള്‍ വന്ന് എന്നോട് ക്ഷമ പറയട്ടെ, എന്നിട്ട് തീരുമാനിക്കാം എന്നായി പിന്നീട് പ്രിന്‍സിപ്പളിന്റെ നിലപാട്. വീട്ടില്‍ വിവരം അറിയിച്ചു. ഏതൊരു പിതാവിനേയും പോലെ എന്റെ പിതാവും ക്ഷുഭിതനായി. എന്നെ വഴക്ക് പറയാന്‍ തുടങ്ങി. മര്യാദയ്ക്ക് നിക്കാഞ്ഞിട്ടല്ലേ. എന്നൊക്കെ പറഞ്ഞു… എന്റെ കണ്ണുകള്‍ നിറഞ്ഞു… ചെയ്ത തെറ്റെന്താണെന്ന് പോലുമറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി… ഞാന്‍ സത്യം പറയട്ടെ, ജിഷ്ണുവിനേക്കാള്‍ മനക്കരുത്ത് എനിക്കുണ്ടായിരുന്നു, അല്ലെങ്കില്‍…

മക്കള്‍ക്കുവേണ്ടി മാതാപിതാക്കള്‍ എത്ര വേണമെങ്കിലും താണുകൊടുക്കുമല്ലോ. എന്തൊക്കെ പറഞ്ഞിട്ടും പ്രിന്‍സിപ്പളിന്റെ നിലപാടില്‍ മാത്രം മാറ്റമുണ്ടായില്ല… ഒടുവില്‍ എനിക്ക് വേണ്ടി നിവര്‍ത്തിയില്ലാതെ അമ്മയും അച്ഛനും കോളജില്‍ വന്നു… പ്രിന്‍സിപ്പളെ കണ്ടു… പ്രിന്‍സിപ്പളിന്റെ വായില്‍ നിന്ന് വന്നതെല്ലാം പഞ്ചപുച്ഛമടക്കി കേട്ടിരുന്നു. ഇനിയും അവള്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ ടി.സി കൊടുത്ത് വിടുമെന്ന് ഭീഷണിയോടെ പ്രിന്‍സിപ്പള്‍ എന്നെ ഹോസ്റ്റലില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.

എനിക്കുണ്ടായ അനുഭവം ഒരുദ്ദാഹരണം മാത്രമാണ്… ഇതോപോലെ നിരവധി ഉദ്ദാഹരണങ്ങള്‍ നെഞ്ചില്‍ നെരിപ്പോടുകളായി അവശേഷിക്കുന്ന നിരവധി പേര്‍ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ജീവിക്കുന്നുണ്ട്…

_______________________

ഞാന്‍ ഒരു പെണ്‍കുട്ടി ആണ്. ലോ അക്കാഡമി കോളേജില്‍ വന്ന് ചേര്‍ന്നതാണ് ലൈഫില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് ഓരോ നിമിഷവും ആലോചിക്കുന്നവള്‍..

56585463നിങ്ങള്‍ ഓരോ പാര്‍ട്ടിക്കാരും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കും വിവരിക്കുന്ന കഷ്ടതകള്‍ക്കും പുറമെ എന്തെല്ലാം അന്യായങ്ങള്‍ ആണ് അവിടെ നടക്കുന്നത്..നല്ല രീതിയില്‍ ഒന്ന് വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അവിടെ അവകാശം ഉണ്ടോ?മോഡേണ്‍ വസ്ത്രധാരണം ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല എന്നാല്‍ കുറച്ചു വില കൂടിയതോ കാണാന്‍ ഭംഗി ഉള്ളതോ ധരിച്ചാല്‍ ഞങ്ങള്‍ മോശക്കാരികള്‍ ആണ്..പയ്യന്മാരെ കാണിക്കാന്‍ വേണ്ടി മാത്രം കോളേജില്‍ വരുന്നവള്‍ ആകും.പിന്നെ അവളെ ചുറ്റുമുള്ളവരുടെ മുന്നില്‍ നിര്‍ത്തി ആക്ഷേപിക്കും. ഒരു തെറ്റും ചെയ്യാതെ തന്നെ മറ്റുള്ളവരുടെ മുന്നില്‍ അവളെ അഴിഞ്ഞാട്ടകാരി ആക്കും..കുറച്ചു സൗന്ദര്യം ഉള്ള കുട്ടി ആണെങ്കില്‍,നല്ല വസ്ത്രങ്ങള്‍ ധരിക്കുന്ന കുട്ടി ആണെങ്കില്‍ എത്ര നന്നായി സെമിനാര്‍സിനും ഇന്റെര്ണല് പരീക്ഷകള്‍ക്കും പെര്‍ഫോം ചെയ്താലും ഇന്റെര്ണല് മാര്‍ക്സ് പതിനഞ്ച് അല്ലെങ്കില്‍ പതിനാറ്..പല അധ്യാപകരും ഞാന്‍ സെമിനാര് എടുത്തതിന് ശേഷം വളരെ നന്നായിരുന്നു എന്ന് ക്ലാസ്സില്‍ ഉറക്കെ പറഞ്ഞിട്ടുള്ളതാണ് എന്നാല്‍ ഇന്റെര്ണല് മാര്‍ക്സ് വരുമ്പോ പതിനഞ്ച്.. ഏത് സബ്ജക്ട് ആണെങ്കിലും ഒടുവില്‍ മാനേജ്മെന്റിന്റെ കയ്യില്‍ ഇന്റെര്ണല് മാര്‍ക് ഷീറ്റ് എത്തുമ്പോ ഞങ്ങളുടെ മാര്‍ക്ക് ഇങ്ങനെ കുറയുന്നത് എങ്ങനെയാണ് ? ഇന്റെര്ണല് മാര്‍ക്സ് കൊടുക്കുന്നതും അറ്റന്റന്‍സ് കൊടുക്കുന്നതും ക്ലാസ്സിലെ പെര്‍ഫോമന്‍സ് പരിഗണിച്ചാരിക്കണം അല്ലാതെ സൗന്ദര്യമോ വസ്ത്ര ധാരണയോ സുഹൃത് ബന്ധങ്ങളോ പരിഗണിച്ച് ആകരുത്..

കഴിഞ്ഞ വര്‍ഷം എനിക്കും എന്റെ ഒരു പെണ്‍ സുഹൃത്തിനും പ്രിന്‍സിപ്പലിനെ ചെന്ന് കാണേണ്ട ഒരു സാഹചര്യം ഉണ്ടായ്..ഞങ്ങള്‍ക്ക് ഒരു കാര്യവുമായി ബന്ധപ്പെട്ട് വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞപ്പോള്‍ പ്രോത്സാഹനം ഏറ്റുവാങ്ങേണ്ട ഒരവസരമായിരുന്നു അത്..എന്നാല്‍ എല്ലാ അധ്യാപകരുടെയും ഓഫീസ് സ്റ്റാഫ്‌സിന്റെയും മുന്നില്‍ വെച്ചു പ്രിന്‍സിപ്പല്‍ പറഞ്ഞത് ഇങ്ങനെ ‘ആ ഇവളുമാരല്ലേ അപ്പൊ ആണ്‍കുട്ടികളെ മയക്കി എടുത്ത് കാര്യം സാധിക്കും ‘ എന്ന്.. അന്നേവരെ ഒരു പ്രശ്നങ്ങളിലോ പ്രവര്‍ത്തികളിലോ ഒന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത ഞങ്ങളെ പറ്റി ഇത്ര അപമാനിക്കുന്ന രീതിയിലുള്ള വാക്കുകള്‍ കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞു..അതിന് ശേഷം മറ്റെല്ലാ അധ്യാപകരുടെയും നോട്ടത്തില്‍ പോലും ഞങ്ങള്‍ മോശപ്പെട്ട കുട്ടികളായ് ചിത്രീകരിക്കപ്പെടുന്നു..

കലാ പരിപാടികളില്‍ താല്പര്യം ഉള്ള കുട്ടി ആണ് ഞാന്‍..നാള്‍ ഇതുവരെ കോളേജിലെ ഒരു പരിപാടികളെ പറ്റിയും ഒന്നും ഞാന്‍ അറിഞ്ഞിട്ടില്ല..ഫേസ്ബുക്കിലും ഇന്‍സ്റാഗ്രാമിലും ഒകെ പ്രിന്‍സിപ്പലിന്റെ പ്രീതി പിടിച്ചു പറ്റിയിട്ടുള്ള ചിലര്‍ ഫോട്ടോസും വിഡിയോസും ഇടുമ്പോളാണ് ഇങ്ങനെ ഒരു പരുപാടി നടന്നതായി അറിയുന്നത്.കോളേജിലെ എല്ലാ കലാ പരിപാടികളും പ്രിന്‍സിപ്പല്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചേക്കുന്ന വളരെ കുറച്ചു കുട്ടികളില്‍ ഒതുങ്ങി നിക്കുന്നു..എങ്കില്‍ പിന്നെ ആ ചിലര്‍ക്ക് വേണ്ടി മാത്രമുള്ള കോളേജ് ആയ് കെ ല്‍ എ പ്രഖ്യാപിക്കട്ടെ..എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ അധികാരങ്ങളും അവകാശങ്ങളും ആണ് ഒരു കോളേജ് കൊടുക്കേണ്ടത് അല്ലാതെ ചിലര്‍ക്കു മുന്‍ഗണനയും മറ്റുള്ളവര്‍ക് അപമാനവും അല്ല.

കോളേജില്‍ ഇപ്പൊ പുറത്തു വന്ന നിയമം ആണ് എല്ലാ വിദ്യാര്‍ത്ഥിനികളും ഷാള്‍ ഇട്ട് മാത്രമേ കോളേജില്‍ വരാവു എന്ന്..ശരി അംഗീകരിക്കാം എന്നാല്‍ അതിനോട് കൂടി തന്നെ ‘ഒരുത്തിക്ക് മാത്രം സ്ലീവ് ലെസ്സും ഷോര്‍ട്സും ‘ ധരിച്ചു കോളേജില്‍ വരാം എന്ന നിയമം ആയാലോ ? ‘ മകള്‍ ആണേലും മരുമകള്‍ ആണെങ്കിലും കോളേജിലെ വിദ്യാര്‍ത്ഥി ആയിരിക്കുന്നോളം എല്ലാ നിയമങ്ങളും അവള്‍ക്കും ബാധകമാകണം’

എന്റെ പ്രണയയും സൗഹൃദങ്ങളും എന്‍െറ വ്യക്തിപരമായ കാര്യങ്ങള്‍ ആണ്.. കോളേജുമായി ഒരു ബന്ധവും ഇല്ലാത്ത ഒരാളുമായ എനിക്കുണ്ടാരുന്ന സൗഹൃദബന്ധത്തെ ചൊല്ലി ഒരിക്കല്‍ പ്രിന്‍സിപ്പല്‍ എന്നെ ശകാരിക്ക ഉണ്ടായ് അതിന് പുറമെ കോളേജില്‍ എന്റെ ഉത്തമ സുഹൃതുക്കളായ പലരെയും എന്നെയും ചേര്‍ത്തു പല അശ്ളീല വര്‍ത്തമാനങ്ങളും പറഞ്ഞു.. ഫേസ്ബുക്കിലും വാട്സാപ്പിലും വഴി ഞങ്ങള്‍ പെണ്‍കുട്ടികള്‍ കോളേജിലെ സുഹൃത്തുക്കളുമായ് നില്‍ക്കുന്ന ഫോട്ടോസ് തപ്പി എടുത്ത് ഞങ്ങളെ വെറും പിഴച്ചവള്‍ ആക്കി മറ്റുള്ളവരുടെ മുന്നില്‍ ചിത്രീകരിച്ച് ഞങ്ങളുടെ പേരെന്റ്സിനെ ഫോണുമായി ബന്ധപ്പെട്ട് ഞങ്ങളെ മോശമായ് ചിത്രീകരിക്കുന്നു… മകന്റെ കാമുകി മാത്രം ആയ ഒരുവളെ ജൂനിയര്‍ പ്രിന്‍സിപ്പല്‍ ആയ് നിയമിക്കുന്നതും അവളുമായി ഫോട്ടോസ് എടുത്ത് ദിനംപ്രതി പോസ്റ്റ് ചെയ്യുകയും ചെയുന്ന ഞങ്ങളുടെ ബഹുമാനപെട്ട പ്രിന്‍സിപ്പലിന് ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാനും ഞങ്ങളുടെ സുഹൃത് ബന്ധങ്ങളില്‍ ഇടപെടാനും എന്തവകാശം ആണുള്ളത്???

നല്ല വസ്ത്ര ധാരണമുള്ളതോ,വൃത്തിയായി നടക്കുന്നതോ,കാണാന്‍ കുറച്ച് ഭംഗി ഉള്ളതോ ,ഇല്ലാത്തതോ ,നല്ല സുഹൃത് ബന്ധങ്ങള്‍ സൂക്ഷിക്കുന്നതോ അതോ ‘ മകന്റെ കാമുകി ആകാന്‍ കഴിയാതെ പോയതോ ‘ഇതില്‍ ഏതാണ് ഞങ്ങള്‍ ചെയ്ത തെറ്റ് ??

ഈ അന്യായങ്ങള്‍ അവസാനിപ്പിക്കണം.. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു അക്കാദമി ജീവിതം നേടി എടുക്കണം..പലരുടെയും കണ്ണീരും ശാപവാക്കുകളും നിറഞ്ഞ മണ്ണിനെ പരിശുദ്ധമാക്കണം..

ഇപ്പോളെങ്കിലും ഞങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും സംരക്ഷിക്കുന്നതിലുപരി ഞങ്ങളുടെ മാനത്തിന് വില പറയുന്ന ഈ അറവുശാലക്കെതിരെ നാവുപൊക്കുവാന്‍ മനസ്സുണ്ടായ എല്ലാവര്‍ക്കും നന്ദി..നിങ്ങളുടെ മുന്നില്‍ നില്‍ക്കണമെന്നും പ്രവര്‍ത്തിക്കണമെന്നും ആഗ്രഹിക്കുന്നു എന്നാല്‍ പേരെന്റ്സ്ന്റെ എതിര്‍പ്പിന് വിരോധമായി നില്‍ക്കാന്‍ കഴിയുന്ന സാഹചര്യമല്ല…അതിനാല്‍ പേരും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല….

ഞങ്ങള്‍ക്കു പറയുവാനുള്ളത് യുണിവേഴ്സിറ്റി പരീക്ഷ സമയത്തു ഹോസ്റ്റലില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ പറ്റിയാണ്. 9.4.15 മുതല്‍ 11.4.2015 വരെ കോളജില്‍ ഒരു ഇന്റര്‍ നാഷണല്‍ സെമിനാറു നടക്കുകയായിരുന്നു കോളജിന്റെ അഭിമാന പ്രശ്നമായിരുന്നതു കൊണ്ടു തന്നെ ഹോസ്റ്റല്‍ വാസികളുടെ ഒക്കെ കൈയില്‍ നിന്നും കൃത്യമായി സെമിനാര്‍ ഫീസു വാങ്ങുകയും ഞങ്ങള്‍ക്കു താമസ സൗകര്യം തന്നു കൊണ്ടു തന്നെ സെമിനാറില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.

സെമിനാര്‍ തീരുന്ന അന്നു വൈകിട്ടു(11.4.2015) പ്രിന്‍സിപ്പലിന്റെ പക്കല്‍ നിന്നും ഒരു ഫോണ്‍ കോള്‍ വരികയും 12.4.2015 രാവിലെ തന്നെ കുട്ടികള്‍ എല്ലാവരും ഹോസ്റ്റല്‍ വിട്ടു വീട്ടില്‍ പോകണം എന്നു അറിയിച്ചു. തുടര്‍ന്നു തന്ന പരീക്ഷകള്‍ നടക്കുന്നതിനാല്‍ വീട്ടില്‍ പോകുക സാധ്യമല്ല എന്നു കുട്ടികള്‍ നേരില്‍ ചെന്നു അറിയിച്ചുവെങ്കിവും തികച്ചും മനുഷത്വ രഹിതമായ നിലപാടാണ് പ്രിന്‍സിപ്പല്‍ സ്വീകരിച്ചത്. അസഭ്യ വര്‍ഷം കേട്ടു മടങ്ങേണ്ടി വന്ന കുട്ടികള്‍ക്കു മുന്നില്‍ മാഡം നിരത്തിയ 2 കാരണങ്ങള്‍:

1. കുട്ടികള്‍ ഹോസ്റ്റലിനു പുറത്തു പോയി ഭക്ഷണവും വെള്ളവും വാങ്ങി.

2. ഹോസ്റ്റല്‍ ജീവനക്കാര്‍ക്ക് ആഹാരം എത്തിച്ചില്ല.

ഭക്ഷണവും വെള്ളവും ഹോസ്റ്റല്‍ ല്‍ ലഭ്യമല്ലാതിരുന്നതിനാലാണ് കുട്ടികള്‍ പുറത്തു നിന്നും വാങ്ങാന്‍ നിര്‍ബന്ധിതരായതെന്നോര്‍ക്കണം.

പല തവണ മാഡത്തെ സമീപിച്ചട്ടും ഒരു വിട്ടു വീഴ്ചക്കും നില്‍ക്കാതെ ഹോസ്റ്റല്‍ പൂട്ടിയിടുകയാണു ചെയ്തത്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വിദ്യാര്‍ത്ഥികള്‍ കോളജ് ഹോസ്റ്റല്‍ നിന്നു പഠിക്കുന്നുണ്ട്. 5 വര്‍ഷത്തേക്കുള്ള തുക മുന്‍കൂര്‍ വാങ്ങിക്കൊണ്ടാണ് ഹോസ്റ്റലില്‍ അഡ്മിഷന്‍ തരുന്നതു എന്നോര്‍ക്കണം. എന്നിട്ടു പരീക്ഷ സമയത്തു തന്നെ ഒരു മനസാക്ഷിയുമില്ലാത്ത നിലപാടു സ്വീകരിക്കുകയും പെണ്‍കുട്ടികള്‍ തലസ്ഥാന നഗരിയില്‍ കിടപ്പാടം അന്വേഷിച്ചു നടക്കേണ്ട ദുര്‍ഗതിയുമാണുണ്ടായത്. ഇത് മാത്രമല്ല ജൂണില്‍ കോളേജു തുറന്നു ഹോസ്റ്റലില്‍ എത്തിയപ്പോള്‍ എല്ലാ കുട്ടികളുടേയും പക്കല്‍ നിന്നും പൂട്ടിയിട്ടിരുന്ന ഏപ്രില്‍- മെയ് മാസങ്ങളിലെ വാടക ഈടക്കുകയും ചെയ്തുവെന്നതു മറച്ചു വെക്കാനാവാത്ത വസ്തുതയാണു.

പ്രിന്‍സിപ്പലിന്റെ നീതിരഹിതമായ നിലപാടുകള്‍ക്കിരകളാണു അക്കാദമിയിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും.രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായതിന്റെ പേരിലുള്ള ഭീഷണികള്‍, കാരണം കൂടാതെ ഹോസ്റ്റല്‍ നിന്നും പുറത്താക്കല്‍ തുടങ്ങി കോളേജ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ച ഇന്റേണല്‍ മാര്‍ക്കുകള്‍ വലിച്ചു കീറി നശിപ്പിച്ചതു വരെ നീളുന്നു പ്രിന്‍സിപ്പലിന്റെ അതിക്രമങ്ങള്‍………

അവിടം വിട്ടറങ്ങിയെങ്കിലും ഈ നീതിലംഘനങ്ങള്‍ക്കിനിയെങ്കിലും ഒരു അറുതി വന്നെങ്കില്‍ എന്നാര്‍മാത്ഥമായി ആഗ്രഹിക്കുന്നു.

_______________________

17tvlaw_academy

അക്കാദമി ഹോസ്റ്റല്‍ അഥവാ ഭൂമിയിലെ നരകം

വലിയ വലിയ പ്രതീക്ഷകളും ആയിട്ടാണ് ഓരോ വിദ്യാര്‍ഥിനികളും കലാലയങ്ങളിലേക് വരുന്നത് .പക്ഷെ കാലെടുത്തു കുത്തുന്നത് മുതല്‍ പച്ചയായ വ്യക്തിഹത്യയാണ് ലോ അക്കാദമി ഓരോ വിദ്യാര്‍ഥിനിക്കും സമ്മാനിക്കുന്നത് .ഇന്റര്‍വ്യൂ മുതല്‍ തുടങ്ങുന്നു അത് .ഇന്റര്‍വ്യൂ ന്റെ അന്നേ ദിവസം അവള്‍ കുറച്ചു ആധുനികമായി അതായത് വല്ല ജീന്‍സോ മറ്റോ ധരിച്ചാണ് വരുന്നതെങ്കില്‍ അവിടെ തുടങ്ങുന്നു അവളുടെ കദന കഥ .അവളെ കാത്തിരിക്കുന്ന അടുത്ത ബ്രഹ്മാസ്ത്രമാണ് ഹോസ്റ്റല്‍ ജീവിതം. പരമാര്‍ത്ഥത്തില്‍ അറവുമാടുകളാണ് ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ .കോളേജിലെ മറ്റു വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന സ്വാതന്ത്യം പോലും അവര്‍ക്കു നിഷിദ്ധമാണ് .ശരിക്കും ഒരു ദുര്‍ഗുണപരിഹാരപാഠശാലയാണ് ഹോസ്റ്റല്‍ .ലോകത്തു മറ്റൊരു ഹോസ്റ്റലിലും ഇല്ലാത്ത നിയമങ്ങളാണ് ഇവിടെ .ഈ കുട്ടികള്‍ക്കു വീട്ടില്‍ പോകുമ്ബോളല്ലാതെ പുറത്തിറങ്ങാന്‍ കഴിയില്ല .ഇനി വീട്ടില്‍ പോകണമെങ്കിലോ അതിന് ഒന്നുകില്‍ പ്രിന്‍സിപ്പാലിന്റെയോ അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ നു തുല്യരായ മറ്റാരുടേയെങ്കിലുമോ സമ്മതപത്രം വേണം .അല്ലെങ്കില്‍ രക്ഷിതാക്കള്‍ വന്നു വിളിക്കണം .അക്കാദമി ഹോസ്റ്റലില്‍ പഠിക്കുന്ന ഓരോ വിദ്യാര്‍ഥിനിയുടെയും സ്വഭാവം പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റ് നു വിധേയമാകും .അവര്‍ക്കു ഒരു കുട്ടിയെ കാഴ്ചയിലോ മറ്റു കാര്യങ്ങളിലോ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്നെ അവളെ മോശക്കാരിയായി ചിത്രീകരിക്കുന്നതാണ് ഒരു പൊതുനയം .അവള്‍ക്കു കോളേജിലെ പല കുട്ടികളുമായി അവിഹിതബന്ധം ഉണ്ടെന്നു വരെ പറഞ്ഞു കളയും . ഇഷ്ടമില്ലാത്തവരെ തന്റെ മൂഡിനനുസരിച്ചു കേട്ടാലറക്കുന്ന ചീത്ത പറയുക എന്നത് പ്രിന്‍സിപ്പലിന്റെ ഇഷ്ടവിനോദമാണ് .കുട്ടികളെ ചീത്ത പറയുന്നത് പോരാതെ അവരുടെ വീട്ടിലുള്ളവരെയും മൂന്നു തലമുറ വരെയും അവര്‍ പറയും .കേരള ലോ അക്കാദമി യില്‍ രാഷ്ട്രീയം ഉണ്ട് .ഇവിടെ അഞ്ചു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു .എന്നാല്‍ കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ രാഷ്ട്രീയം പ്രവര്‍ത്തിക്കാന്‍ പാടില്ല .കേരളത്തിലുള്ള ഒട്ടു മിക്ക ആളുകള്‍ക്കും സ്വന്തമായി രാഷ്ട്രീയചിന്താഗതി ഉള്ളവരാണ് അതുമാത്രമല്ല നാളെ അഭിഭാഷകരാകേണ്ടവരാണ് ഞങ്ങള്‍ എല്ലാവരും രാഷ്ട്രീയം ഞങ്ങള്ക് അനിവാര്യമാണ് .കോളേജ് മൊത്തമായി രാഷ്ട്രീയം നിരോധിക്കുകയാണെങ്കില്‍ ശരി ഇത് ചിലര്‍ക്കു രാഷ്ട്രീയമാകാം ചിലര്‍ക്കു പാടില്ല .പുറത്തു നിന്നും ഭക്ഷണം വാങ്ങി കഴിക്കാന്‍ പാടില്ല വേണമെങ്കില്‍ പ്രിന്‍സിപ്പല്‍ ന്റെ കടയില്‍ നിന്നും വാങ്ങി കഴിക്കാം .കൂട്ട് കൂടി നടക്കാന്‍ പാടില്ല .സൗഹൃദങ്ങള്‍ ഇല്ലാതെ എന്ത് കലാലയം . അതും ആണ്കുട്ടികളോട് കൂട്ട് കൂടുന്നത് പോട്ടെ പെണ്‍കുട്ടികള്‍ക്ക് തമ്മില്‍ കൂട്ട കൂടാന്‍ പാടില്ല അവരെ തീവ്രവാദികളെ പോലെയാണ് കാണുന്നത് .ഇതൊക്കെ പോരാഞ്ഞു കുറച്ചു നാളുകളായി ഹോസ്റ്റലില്‍ ക്യാമറ പിടിപ്പിച്ചിരിക്കുകയാണ് . ഹോസ്റ്റലില്‍ ഉള്ളില്‍ പോലും അഭിനയിക്കേണ്ട അവസ്ഥയാണ് ഓരോ വിദ്യാര്‍ഥിനിക്കും .നല്ല വേസ്റ്റ് മാനേജ്മന്റ് പോലുമില്ല സാരമില്ല ക്യാമറ ഉണ്ടല്ലോ എന്ന് ആശ്വസിക്കാം ഇനി സിഗ്നല്‍ ജാമര്‍ വെക്കാന്‍ പോകുന്നു എന്നും കേട്ടു അപ്പോള്‍ തികയും .കോളേജില്‍ എന്ത് സെമിനാര്‍ വന്നാലും ഹോസ്റെലിലുള്ളവര്‍ പങ്കെടുക്കണം നിര്ബന്ധമാണ് അല്ലെങ്കില്‍ പേര് പ്രിന്‍സിപ്പലിന്റെ അടുത്ത ചെല്ലും പിന്നെ പറയണ്ടല്ലോ ഭരണിപ്പാട്ടാണ് .ഫ്രീ ആയിട്ടല്ല ഈ മാസത്തില്‍ രണ്ടു തവണയുള്ള സെമിനാര്‍ ഇന് വെറും ആയിരം രൂപ മാത്രം .ഹര്‍ത്താലും ബന്ദും ഒന്നും ഹോസ്റ്റലേഴ്‌സ് നു ബാധകമല്ല .എന്നാല്‍ കൊല്ലത്തില്‍ രണ്ടു തവണ ഞങ്ങള്‍ ഹോസ്റ്റല്‍ ഒഴിഞ്ഞു കൊടുക്കണം moot നും clind നും ലോകത്തു എവിടേലും കേട്ടിട്ടുണ്ടോ വരുന്ന കുട്ടികള്‍ക്ക് താമസിക്കാന്‍ എല്ലാ മാസവും കൃത്യമായി പൈസ കൊടുത്തു താമസിക്കുന്ന പിള്ളേരെ ഒഴിപ്പിക്കുന്ന കാര്യം .ഇതൊന്നും കുഴപ്പമില്ല പഠിക്കുന്ന കോളേജ് ഇലെ പ്രോഗ്രാം നന്നാക്കാന്‍ വേണ്ടി ഞങ്ങള്‍ ചെയ്യാം പക്ഷെ മുടി അഴിച്ചിട്ടതിനും ലിപ്സ്റ്റിക്ക് ഇട്ടതിനും ഒക്കെ വഴക്ക് കേള്‍ക്കുന്ന അവസ്ഥ .ഇനി കോളേജ് ഹോസ്റ്റലില്‍ ഉള്ള ഒരു കുട്ടിക്കും അസുഖം ഒന്നും വരന്‍ പാടില്ല വന്നാല്‍ തന്നെ ഹോസ്പിറ്റലില്‍ ഒന്നും പോകാന്‍ പറ്റില്ല .അങ്ങനെ വല്ലോം പോയോ അപ്പൊ ഇറങ്ങിക്കോണം ഹോസ്റ്റലില്‍ നിന്ന് വയ്യാത്ത പിള്ളേര്‍ക്കൊന്നും താമസിക്കാന്‍ ഉള്ള സ്ഥലമല്ല കോളേജ് ഹോസ്റ്റല്‍ .ഇതൊരു ചെറിയ ലേഖനമാണ്.ഇതിലും വലുതാണ് ഹോസ്റ്റലില്‍ നടക്കുന്നത് .ഇനി ഈ കോളേജില്‍ വരുന്ന ഓരോ സഹോദരിമാരോടും ഒരു അപേക്ഷയെ ഉള്ളു ദയവു ചെയ്ത് നിങ്ങള്‍ കോളേജ് ഹോസ്റ്റലിലേക് വരരുത് .