സർഗോത്സവ് 2023 വിജയകരമായി സമാപിച്ചു

സാക്രമെന്റോ∙ സാക്രമെന്റോ റീജ്യനൽ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ (സര്‍ഗ്ഗം) ആഭിമുഖ്യത്തില്‍ സർഗോത്സവ് 2023 എന്ന യുവജനോത്സവം മാർച്ച്‌ 25, ശനിയാഴ്ച Elkgrove elementary സ്കൂളിൽ അരങ്ങേറി. രാവിലെ 9.30ന് ആരംഭിച്ച മത്സരം സർഗം പ്രസിഡന്റ്‌ ശ്രീ.മൃദുൽ സദാനന്ദൻ ഉത്ഘാടനം നിർവഹിച്ചു. സോളോ, ഗ്രൂപ്പ് വിഭാഗങ്ങളിലായി ഭരതനാട്യം സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ
സർഗോത്സവ് വേദിയെ വർണാഭമാക്കി. നോർത്തേൺ കാലിഫോർണിയയിൽനിന്നും 100ൽ പരം മത്സരാർഥികൾ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ വാശിയേറിയ മത്സരങ്ങളിൽ പങ്കെടുത്തു. നൃത്ത മത്സരങ്ങളോടൊപ്പം തന്നെ നടത്തിയ പെയിന്റിംഗ് മത്സരങ്ങളിലും മികച്ച കഴിവുകൾ പ്രകടമായി. സർഗോത്സവ് കമ്മിറ്റി അംഗങ്ങൾ ആയ സെൽവ സെബാസ്റ്റ്യൻ, ബിനി മൃദുൽ, ലക്ഷ്മി മേനോൻ, രേഖ അരവിന്ദ്, ഡിമ്പിൾ ജോൺ എന്നിവരും
പെയിന്റിംഗ് മത്സരങ്ങൾക്ക് ശ്രീ ജോർജ് ആലങ്ങാടനും നേതൃത്വം നൽകി.
സർഗം എക്സിക്യൂട്ടീവ് കമ്മിറ്റി യിൽ നിന്നും പ്രസിഡന്റ്‌ മൃദുൽ സദാനന്ദൻ, സെക്രട്ടറി വിൽ‌സൺ നെച്ചിക്കാട്ട്, ട്രഷറർ സംഗീത ഇന്ദിര,
ജോയിന്റ് സെക്രട്ടറി രമേഷ് ഇല്ലിക്കൽ, ചെയർമാൻ രാജൻ ജോർജ് എന്നിവർ പരിപാടിയിലുടനീളം സജീവ സാന്നിധ്യമായി. മത്സരാർ ഥികളുടെ മികവും കുറ്റമറ്റ സംഘടന മികവും സർഗോത്സവ് 2023 യുടെ മാറ്റ് കൂട്ടി. വൈകീട്ട് 4.30 ന് നടന്ന ആവേശോജ്ജ്വലമായ സമ്മാനദാന ചടങ്ങോടെ മത്സരങ്ങൾക്ക് പരിസമാപ്തിയായി. സാക്രമെന്റൊയിലെ നൃത്തഅദ്ധ്യാപികമാരുടെ സാന്നിധ്യം സമ്മാന ദാന ചടങ്ങുകളുടെ മാറ്റ് കൂട്ടി. സർഗം സെക്രട്ടറി ശ്രീ. വിൽ‌സൺ നെച്ചിക്കാട്ട് സർഗോത്സവ് 2023 വൻവിജയമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. അമേരിക്ക യിലെയും കാനഡ യിലെയും മത്സരാർഥികൾ ഉറ്റുനോക്കുന്ന virtual ഭരതനാട്യ മത്സരം
സർഗം ഉത്സവ് സീസൺ 4 ന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നു പ്രസിഡന്റ്‌ മൃദുൽ സദാനന്ദൻ അറിയിച്ചു.