വിദ്യാര്‍ഥി സമരങ്ങളെ തള്ളി മനേജ്മെന്‍റുകളെ വാഴ്ത്തി ഇടത് ഭരണം

ജിഷ്ണുവിന്‍റെ കൊലപാതകികള്‍ക്കെതിരെ നടപടിയില്ല

ലോ അക്കാദമിയിലെ ജാതീയ അധിക്ഷേപം കേട്ടില്ലെന്ന് നടിച്ച് സര്‍ക്കാരും പോലീസും

വിവാദ കോളജുകളെല്ലാം സി.പി.എം നേതാക്കളുടെ സംരക്ഷണയില്‍

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം, ജിഷ്ണു പ്രണോയ് എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് കേരളത്തിലെ സ്വശ്രയ കോളജുകളിലേക്ക് വിദ്യാര്‍ഥി സമരം കത്തിപ്പടരുന്നതിനിടയിലും പ്രശ്നത്തിലിടപെടാനോ പ്രതികളെ അറസ്റ്റു ചെയ്യാനോ തയാറാകാതെ കുറ്റകരമായ അനാസ്ഥ കാട്ടി ഇടത് സര്‍ക്കാര്‍.

കോളജ് മാനേജ്മെന്‍റിന്‍റെ ജാതീയ പീഡനങ്ങളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയെപ്പോലുള്ളവര്‍ക്ക് വേണ്ടി മുറവിളികൂട്ടുകയും വെമുലയുടെ മരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുകയും ചെയ്ത ചരിത്രമാണ് സി.പി.എം ഉള്‍പ്പെടെയുള്ള കേരളത്തിലെ  ഇടത് സംഘടനകള്‍ക്കുള്ളത്. എന്നാല്‍ അവര്‍ ഭരണത്തിലേറിയശേഷം കേരളത്തിലെ  കാന്പസുകളില്‍ നിന്നുയരുന്ന ദളിത് പീഡനങ്ങള്‍ക്ക് നേരെ മൗനം പാലിക്കുകയാണ്.

സ്വാശ്രയ സമരത്തിന്‍റെ ആദ്യ രക്ഷസാക്ഷിയായ രജനി എസ് ആനന്ദിന്‍റെ മരണം ആഘോഷമാക്കുകയും ഭരണകൂടത്തിനെതിരായ എക്കാലത്തെയും പ്രതിരോധ ബിംബമായി  എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഉയര്‍ത്തിക്കാട്ടുകയുപം ചെയ്തിരുന്നു. അതേസമയം തിരുവനന്തപുരത്തെ ലോ അക്കാദമി ലോ കോളജില്‍നിന്നുയരുന്ന പീഡന മുറവിഴികളും വിദ്യാര്‍ഥി സമരത്തിന്‍റെ ശക്തിയും എസ്.എഫ്.ഐയോ സി.പി.എമ്മിലെ പ്രമുഖനേതാക്കളോ ഇടത് ഭരണകൂടമോ കണ്ടില്ലെന്ന് നടിക്കുകയാണ്.

യു.ഡി.എഫ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് പെരുമ്പാവൂരില്‍ ജിഷ എന്ന നിയമ വ ിദ്യാര്‍ഥിനി ക്രൂരമായ ബലാത്സംഗത്തിനിരയായി മരണത്തിന് കീഴടങ്ങിയപ്പോള്‍ പ്രതികളെ കണ്ടെത്തുന്നത് വൈകിയെന്നാരോപിച്ച് ശക്തമായി രംഗത്തെത്തിയവരായിരുന്നു കേരളത്തിലെ സി.പി.എം നേതാക്കള്‍. അതേസമയം ഇടത് ഭരണത്തിന് കീഴില്‍ പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയ് മരിച്ച് ഒരു മാസം പിന്നിട്ടിട്ടും കുറ്റാരോപിതര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്താനോ അവരെ ഒരു ദിവസമെങ്കിലും കസ്റ്റഡിയിലെടുക്കാനോ പൊലീസിന് സാധിച്ചിട്ടില്ല. ജിഷ്ണുവിന്‍റെ മരണത്തെ തുടര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളമുള്ള കാന്പസുകളിലേക്ക് സമരം കത്തിപ്പടര്‍ന്നെങ്കിലും വിദ്യാര്‍ഥികളുടെ പരാതിയില്‍ കാര്യക്ഷമമായി ഇടപെടാനോ അവ പരിഹരിക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല.

കോട്ടയത്തെ ടോംസ് കോളജില്‍ വിദ്യാര്‍ഥി സമരമുണ്ടായപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംരക്ഷണം മാനേജ്മെന്‍റിനുണ്ടെന്ന ആരോപണവുമായി എസ്.എഫ്.ഐ- സി.പി.എം നേതാക്കള്‍ രംഗത്തെത്തിയെങ്കിലും ഇതുവരെ വരെ നടപടിയെടുത്തില്ല. മാനേജ്മെന്‍റിനെതിരെ 13 വിദ്യാര്‍ഥിനികള്‍ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയെങ്കിലും  അതില്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ സര്‍ക്കാര്‍ തയാറായിട്ടില്ല. സമരത്തില്‍ ആതാമാര്‍ഥമായി ഇടപെട്ട് എസ്.എഫ്.ഐ സഖാക്കളും പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ചെങ്കിലും മുന്‍ എം.എല്‍.എ ആയ സി.പി.എം നേതാവാണ് ടോംസ് കോളജിന് രക്ഷാകവചമൊരുക്കുന്നതെന്ന ആക്ഷേപം നാട്ടില്‍ പാട്ടാണ്.

നെഹ്റു കോളജില്‍ ജിഷ്ണുവിന്‍റെ മരണത്തിന് കാരണക്കാരായ സഞ്ചിത്ത് വിശ്വാനാഥനെന്ന കോളജ് പി.ആര്‍.ഒയെയും വൈസ് പ്രിന്‍സിപ്പലിനെയും അധ്യാപകനെയും സസ്പെന്‍ഡ് ചെയ്തെങ്കിലും അവിടെയും അവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. കോളജിന് തൊട്ടടുത്തുള്ള മന്ത്രി എ.കെ ബാലന്‍ ജിഷ്ണുവിന്‍റെ വീട്ടിലോ സമരമുഖത്തോ എത്താത്തതും ആക്ഷേപത്തിനിടയാക്കി. മന്ത്രിയുടെ ഭാര്യ നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന് കീഴിലുള്ള മെഡിക്കല്‍ കോളജിന്‍റെ മുഖ്യനടത്തിപ്പുകാരിയാണെന്നതും ചര്‍ച്ചയായിട്ടുണ്ട്. മന്ത്രിയുടെ മൗനത്തിന് പിന്നില്‍ ഭാര്യയുടെ ഇടപെടലാണെന്ന ആക്ഷേപം ജില്ലയിലെ എസ്.എഫ്.ഐ നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.

നെഹ്റുവിന് പിന്നാലെ ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ മാനേജ്മെന്‍റിനെതിരെ സമരവുമായി രംഗത്തിറങ്ങിയപ്പോള്‍ അവരെ പിന്തിരിപ്പിക്കുന്ന ന ിലപാടാണ് വിപ്ലവപ്രസാഥാനമായ എസ്.എഫ്.ഐ സ്വീകരിച്ചത്. ഇവിടെയും സി.പി.എം നേതാക്കളാണ് കോളജ് മാനേജ്മെന്‍റിന്‍റെ തലപ്പത്തുള്ളത്. ഇതിനിടെ സമരം പൊളിക്കാനായി എസ്.എഫ്.ഐ ആസൂത്രണം ചെയ്ത അക്രമ പരിപാടിയും നിശിതമായി വിമര്‍ശിക്കപ്പെട്ടു. കാര്യമായ രാഷ്ട്രീയ സ്വാധീനമില്ലാതെ സമരം തുടര്‍ന്നവര്‍ക്ക് വിദ്യാര്‍ഥികളുടെ പിന്തുണയേറിയതോടെ എസ്.എഫ്.ഐ സമാന്തരമായ സമരപ്പന്തല്‍ കെട്ടുകയായിരുന്നു. എന്നാല്‍ ജാതി വിവേചനവും അടിമപ്പണിയും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷമി നായര്‍ക്കെതിരെ ഉയര്‍ന്ന് വന്നിട്ടും പ്രശ്നത്തില്‍ ഇടപെടാന്‍ സര്‍ക്കാരോ പൊലീസോ കൂട്ടാക്കിയിട്ടില്ല. ജാതീയ അധിക്ഷേപത്തിനെതിരെ പരാതി നല്‍കിയെങ്കിലും കേസെടുക്കാനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ പൊലീസ് തയാറായിട്ടില്ല. സി.ഐ ലക്ഷമി നായരുടെ ശിക്ഷ്യനായതിനാല്‍ അയാള്‍ കേസെടുക്കാന്‍ തയാറാകുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. എന്നാല്‍ ഭരണകൂട- പൊലീസ് അവഗണനകള്‍ക്കിടയിലും വിദ്യാര്‍ഥി സമരം നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുകയാണ്.

കാലങ്ങളായി നടത്തിയ വിദ്യാര്‍ഥി സമരങ്ങളിലൂടെയും രക്തസാക്ഷികളെ സൃഷ്ടിച്ചും അധികാര കേന്ദ്രങ്ങളിലേക്കെത്തിയ സി.പി.എം അവരുടെ തന്നെ ഭരണകൂടത്തിന് കീഴില്‍ വിദ്യാര്‍ഥി സമൂഹത്തിന്‍റെ മുറവിളി കേട്ടില്ലെന്ന് നടിക്കുന്നത്  ചരിത്രം പോലും മാപ്പ് നല്‍കാത്ത തെറ്റാകുമെന്നതില്‍ സംശയമില്ല.