ശസ്ത്രക്രിയക്ക് വിധേയനായ നടൻ ബാലയുടെ നില തൃപ്തികരം

കൊച്ചി: കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ നടൻ ബാലയുടെ ആരോഗ്യനില തൃപ്തികരം. കരൾരോഗം ബാധിച്ച താരത്തിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയത്. സുഹൃത്താണ് ബാലയ്ക്ക് കരൾ നൽകിയത്.ശസ്ത്രക്രിയക്ക് ശേഷം ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ബാല. നാലാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മാര്‍ച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു. ഇതിന് ഒരാഴ്ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോ​ഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും സ്ഥിതി മെച്ചപ്പെട്ടു. തുടർന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ‍‍‍ഡോക്ടർമാർ നിർദ്ദേശിക്കുക ആയിരുന്നു.

തന്റെ രണ്ടാം വിവാഹ വാർഷിക ദിവസം മേജർ ഒപ്പറേഷൻ ഉണ്ടെന്ന് ബാല അറിയിച്ചിരുന്നു. ‘എല്ലാവർക്കും നമസ്കാരം. ആശുപത്രിയിൽ വന്നിച്ച് ഏകദേശം ഒരുമാസം ആയി. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ മേജർ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാൽ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. നെ​ഗറ്റീവ് ആയി ഒന്നും ചിന്തിക്കുന്നില്ല. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു’, എന്നായിരുന്നു ബാല പറഞ്ഞത്.

‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല ബി​ഗ് സ്ക്രീനിൽ എത്തുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’യിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടനും സഹനടനായും വില്ലനായും ബാല തിളങ്ങി. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘ഷെഫീക്കിന്റെ സന്തോഷത്തിൽ ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്‍തത്.