അരമന കയറിയിറങ്ങുന്നത് ബിജെപിയുടെ നാടകമെന്ന് സിപിഎം

ന്യൂനപക്ഷ ജന വിഭാഗങ്ങളെ കൂടെ നിർത്താനുള്ള സംഘപരിവാർ പ്രവർത്തനം പരിഹാസ്യമെന്ന് സിപിഎം. ന്യൂനപക്ഷ ജനവിഭാഗം ആന്തരിക ഭീഷണിയെന്നാണ് വിചാരധാര പറയുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും ഇതിന്‍റെ ഭാഗമാണ്. പ്രധാനമന്ത്രി അടക്കം ബിജെപി നേതാക്കൾ മതസ്ഥാപനങ്ങളിലും പുരോഹിതൻമാരേയും സന്ദർശിക്കുന്നു. പ്രബുദ്ധ കേരളം ബിജെപിയുടെ നിലപാട് വൈരുദ്ധ്യമെന്ന് തിരിച്ചറിയുമെന്നും അരമന കയറി ഇറങ്ങുന്ന ബിജെപി നേതാക്കളുടെ നടപടി നാടകമാണെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ക്രൈസ്തവ സഭയെ ഒപ്പം നിർത്താൻ ഈസ്റ്റർ നാളിൽ സഭാ അധ്യക്ഷന്മാരെയും വിശ്വാസികളെയും സന്ദർശിച്ച് ബിജെപി നേതാക്കകളുടെ നടപടിക്കെതിരെയാണ് വിമര്‍ശനം. ക്രൈസ്തവർക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി മന്ത്രിമാരുടെ വിദ്വേഷ പ്രസംഗങ്ങൾ ഓർമ്മിപ്പിച്ച് കേരളത്തിലെ ബിജെപി നേതാക്കളുടെ നടപടി കാപട്യമാണെന്ന് കോൺഗ്രസും വിമർശിക്കുന്നു. ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ശ്രമങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും രംഗത്തെത്തി. ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും ക്രൈസ്തവ ദേവാലയങ്ങൾ രാജ്യത്ത് സംഘപരിവാറിനാൽ ആക്രമിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. മതപരിവർത്തനത്തിനാണ് ക്രൈസ്തവർ വീടുകളിലെത്തുന്നതും അവരെ അടിച്ചോടിക്കണമെന്നമുള്ള കർണ്ണാടക മന്ത്രി മുനിരത്നയുടെ വിവാദ പരാമർശത്തിന്‍റെ വീഡിയോ കെ സുധാകരനും വി ഡി സതീശനും സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചു.