രാഹുൽ ഗാന്ധി മാപ്പർഹിക്കുന്നില്ലെന്ന് വാദം; അപ്പീലിൽ ഇന്ന് സ്റ്റേ ഇല്ല; ഉത്തരവ് ഈ മാസം 20നെന്ന് കോടതി

മാനനഷ്ട കേസിൽ വിചാരണ കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജിയിൽ ഇന്ന് വിശദമായി വാദം കേട്ടെങ്കിലും കോടതി സ്റ്റേ നൽകിയില്ല. കുറ്റക്കാരൻ എന്ന വിധിക്കെതിരായ അപ്പീലിൽ ഏപ്രിൽ 20ന് ഉത്തരവ് പറയാമെന്ന് കോടതി വ്യക്തമാക്കി. അപ്പീൽ ഹർജിയിൽ വാദം പൂർത്തിയായി. മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു.

എന്നാൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂ. രണ്ട് അപ്പീൽ ഹർജികളാണ് കേസിൽ രാഹുൽ ഗാന്ധി നൽകിയത്. ശിക്ഷാ വിധിക്കെതിരെയും ശിക്ഷ നടപ്പാക്കുന്നതിനെതിരെയുമാണ് അപ്പീൽ ഹർജികൾ. 2019 ൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണ് ബിജെപി എംഎൽഎ പൂർണേഷ് മോദി അപകീർത്തി കേസ് കൊടുത്തത്. കോലാറിലെ പ്രസംഗത്തിന് ഗുജറാത്തിലെ സൂറത്തിലാണ് കേസെടുത്തത്. എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് ‘മോദി’ എന്ന് വരുന്നത് എന്നായിരുന്നു പ്രസംഗത്തിനിടെ രാഹുലിന്റെ ചോദ്യം.

കേസിന്റെ മെറിറ്റ് പരിശോധിക്കണം. പത്തുവർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുന്ന ഗുരുതര കുറ്റകൃത്യങ്ങളല്ലെങ്കിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ നൽകുന്നത് വൈകിപ്പിക്കേണ്ടതില്ല എന്ന് സുപ്രീം കോടതി കൃത്യമായി പറഞ്ഞിട്ടുണ്ട്. ഗുരുതര കുറ്റകൃത്യമല്ലാത്തതിനാൽ കടുംപിടുത്തം പാടില്ല. വിധിക്ക് പിന്നാലെ രാഹുലിന് തന്റെ മണ്ഡലം നഷ്ടമായി. ലോക്സഭയിൽ അയോഗ്യനാക്കപ്പെട്ടു. ഇത് പ്രത്യേക സാഹചര്യമായി കാണണം. റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച എംപിയാണ് അയോഗ്യാക്കപ്പെട്ടത്. ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത നഷ്ടമാണിത്. ലോക്സഭാ കാലാവധി പൂർത്തിയാകും വരെ തുടരാൻ അനുവദിക്കണം. കേസിൽ അപാകതകളുണ്ട്.

സൂറത്തിൽ വച്ചല്ല രാഹുൽ ഗാന്ധി പ്രസംഗിച്ചത്. പരാതിക്കാരന്റെ പേരെടുത്ത് രാഹുൽ സംസാരിച്ചിട്ടില്ല. പൂർണേഷ് മോദിക്ക് പരാതി നൽകാൻ കഴിയില്ല. രാഹുലിന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്താണ് കേസ് നൽകിയത്. പരാതിക്കാരനെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ല പ്രസംഗം. പരാതിക്കാരനുമായി രാഹുലിന് പ്രശ്നങ്ങളില്ല. വിചാരണ കോടതി പ്രസംഗം മുഴുവൻ പരിശോധിച്ചില്ല. പ്രധാനമന്ത്രിയെ വിമർശിക്കുന്നതിന്റെ പേരിൽ കേസ് നൽകി രാഹുൽ ഗാന്ധിയെ വേട്ടയാടുകയാണ്. മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നീതിയുക്തമായിരുന്നില്ല. രണ്ടു വർഷത്തിനു ശേഷമാണ് പൂർണേഷ് മോദി ഒരു സാക്ഷിയെ ഹാജരാക്കിയത്. ഇയാൾ കാര്യങ്ങളെ പർവതീകരിച്ച് പറഞ്ഞു. വാട്സ്ആപ്പ് വഴി കിട്ടിയ വീഡിയോ കണ്ടാണ് പരാതിക്കാരൻ കേസ് കൊടുത്തത്. വാട്സ്ആപ്പ് പരിശോധിക്കുമ്പോൾ നിൽക്കുന്ന സ്ഥലത്തല്ല കേസ് ഫയൽ ചെയ്യേണ്ടത്.

രാഹുൽ ഗാന്ധി ഇംഗ്ലണ്ടിൽ പോയി പ്രസംഗിച്ച വാക്കുകളെ കുറിച്ചും ഇന്ന് ഇന്ത്യയിൽ കേസുകളെടുക്കുന്നു. പഞ്ചാബികൾ എല്ലാം മോശക്കാരാണ് എന്നു പറഞ്ഞാൽ മാനനഷ്ട കേസെടുക്കാൻ കഴിയുമോ? നിയമത്തിൽ അതിന് കഴിയില്ല. ഇത് രാഹുലിന്റെ കേസിലും ബാധകമാണ്. ഒരു വലിയ ജനസഞ്ചയത്തിനെതിരായ പരാമർശങ്ങൾ അപകീർത്തി കേസിന്റെ പരിധിയിൽ വരില്ല. രാഹുലിനെ കുറ്റക്കാരനെന്ന് വിധിച്ച് അര മണിക്കൂറിനുള്ളിൽ പരമാവധി ശിക്ഷ തന്നെ വിചാരണ കോടതി നൽകി. എംപി ആയതുകൊണ്ട് സമൂഹത്തിന് സന്ദേശം നൽകാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കോടതി വിധിയിൽ പറഞ്ഞത്. സുപ്രീംകോടതി മുന്നറിയിപ്പ് തന്നിട്ടും, അഹങ്കാരം കൊണ്ട് അത് മനസ്സിലായില്ലെന്ന് വരെ കോടതി പറഞ്ഞു. ഇത് ഒരിക്കലും ശരിയല്ല. 2019 നവംബറിലാണ് ചൗക്കീദാർ ചോർഹെ പരാമർശത്തിൽ സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞത്. അതിനും ഏഴു മാസം മുമ്പാണ് കോലാറിലെ പ്രസംഗം നടന്നത്. പിന്നെയെങ്ങനെ സുപ്രീംകോടതിയെ അനുസരിച്ചില്ലെന്ന് വിചാരണ കോടതി പറയുമെന്നും അഭിഭാഷകൻ ചോദിച്ചു.

 മറുവാദം 

വയനാട്ടിലെ വലിയ വിജയം പറയുമ്പോൾ അമേഠിയിൽ തോറ്റതും പറയണമെന്നാണ് രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജിയിൽ എതിർ വാദം. പരാതിക്കാരൻ പൂർണേഷ് മോദിക്ക് വേണ്ടി അഭിഭാഷകൻ ഹർഷിത് തോലിയയാണ് ഹാജരായത്. വിധിക്ക് സ്റ്റേ നൽകാൻ കൃത്യമായ കാരണങ്ങൾ വേണം. പത്തോ പന്ത്രണ്ടോ സമാനമായ മാനനഷ്ട കേസുകളിൽ പ്രതിയാണ് രാഹുൽ ഗാന്ധി. സിറ്റിംഗ് എംപിയെന്നതും അയോഗ്യനാക്കപ്പെടുന്നതും വൻ ഭൂരിപക്ഷവുമൊക്കെ എങ്ങനെയാണ് ന്യായവാദം ആകുന്നത്? എംപി എന്ന സ്ഥാനത്തിരുന്ന് നടത്തുന്ന പ്രസ്താവനകൾ വലിയ സ്വാധീനമുണ്ടാക്കും. വയനാട്ടിൽ വലിയ വിജയം നേടിയെന്ന് പറയുന്നു. അമേഠിയിൽ തോറ്റു പോയതും പറയണമെന്ന് ഹർഷിദ് തോലിയ ആവശ്യപ്പെട്ടു.

കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ് വീണ്ടും തുടങ്ങിയപ്പോൾ ഹർഷിദ് തോലിയ വാദം തുടർന്നു. ഒരു ഡോക്ടർ തെറ്റ് ചെയ്താൽ മെഡിക്കൽ കൗൺസിൽ നടപടി എടുക്കും. അഭിഭാഷകൻ തെറ്റ് ചെയ്താലും നടപടി ഉറപ്പാണ്. ഒരു എംപി തെറ്റ് ചെയ്താൽ അയോഗ്യനാക്കപ്പെടുന്നത് മാത്രം എങ്ങനെ വ്യത്യസ്തമാകും? എംപി സ്ഥാനത്ത് അയോഗ്യനാക്കപ്പെട്ടത് പ്രത്യേക പരിഗണന അർഹിക്കുന്നില്ല. നിയമത്തിനുമുന്നിൽ എംപിക്ക് പ്രത്യേക പരിഗണനയില്ല. സാധാരണക്കാരനും എംപിയും നിയമത്തിനു മുന്നിൽ തുല്യരാണ്. രാഹുൽ എംഎൽഎമാരും പാർട്ടി നേതാക്കളുമായി അപ്പീൽ ഫയൽ ചെയ്യാൻ വന്നത് കോടതിയെ സമ്മർദ്ദപ്പെടുത്താനാണ്. മജിസ്ട്രേറ്റ് കോടതിയെ അപമാനിക്കും വിധം നിരന്തരം പ്രസ്താവനകൾ നടത്തുകയാണ്. രാഹുൽ ഒരു ദയയും അർഹിക്കുന്നില്ല.

റുപടി വാദത്തിനായി കൂടുതൽ സമയം ഹർഷിദ് തോലിയ തേടി. പുതിയ രേഖകളിൽ മറുപടി പറയാൻ കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ രാഹുലിന്റെ അഭിഭാഷകൻ ഇതിനെ എതിർത്തു. കോടതിയുടെ സമയം പാഴാക്കുകയാണെന്നും കൂടുതൽ സമയം വേണമെങ്കിൽ രാവിലെ പറയാമായിരുന്നുവെന്നും രാഹുലിന്റെ അഭിഭാഷകൻ പറഞ്ഞു. രാഹുലിനെ പിന്തുണച്ച് വരുന്നവരെ എന്തിന് തടയണം? കോടതിയെ സമ്മർദ്ദപ്പെടുത്തിയെന്ന വാദം എത്ര ബാലിശമാണ്. രാഹുൽ മാപ്പ് പറയണമെന്ന് പരാതിക്കാരന്‍റെ അഭിഭാഷകൻ പറയുന്നത് ഞെട്ടലുണ്ടാക്കി. അപ്പീലിനുള്ള മാനദണ്ഡമാണോ മാപ്പ് പറയൽ? രാഹുലിനെതിരെ ചൂണ്ടിക്കാട്ടിയ സമാന കേസുകളെല്ലാം രാഷ്ട്രീയ എതിരാളികൾ നൽകിയതാണ്. ഇതോടെ കോടതി കേസിൽ വാദം കേൾക്കുന്നത് അവസാനിപ്പിച്ചു. ഇടക്കാല വിധി ഏഴ് ദിവസത്തിന് ശേഷം ഏപ്രിൽ 20 ന് പറയാമെന്ന് കോടതി വ്യക്തമാക്കി.