ഐനാനി പ്രൊഫഷണൽ തുടർവിദ്യാഭ്യാസ കോൺഫറൻസ് നടത്തി

നഴ്സുമാർക്കുള്ള പ്രൊഫഷണൽ ഡെവലൊപ്പ്മെന്റിനു മുൻതൂക്കം നൽകുന്ന ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ഈ വർഷത്തെ ആദ്യത്തെ തുടർവിദ്യാഭ്യാസ കോൺഫറൻസ് നടത്തി. ദൈനം ദിന ജീവിതത്തിലെ ഭാരവും പ്രായോഗിക ജീവിതത്തിലെ വിഷമതകളും സ്വാഭാവികമായി ഉയർത്തുന്ന സ്ട്രെസും മറ്റു മനസികാവസ്ഥകളിൽ വരുത്തുന്ന മാറ്റം മുതൽ സമൂഹത്തിലെ അനാരോഗ്യം വരെ കോണ്ഫറന്സില് വിഷയങ്ങൾ ആയിരുന്നു.
നോർത്ത് വെൽ ഹെൽത്തിലെ പ്രഗത്ഭ മാനസികരോഗ വിദഗ്ദ്ധ നേഴ്സ് പ്രാക്ടീഷണർ ഡോ. ജെസ്സി കുര്യൻ ഇന്ന് സമൂഹത്തിൽ വളരെ സാധാരണമായി മാറിയിട്ടുള്ള വിഷാദരോഗത്തെ കുറിച്ച് ക്ളാസ് നടത്തി. വിഷാദരോഗത്തിന്റെ അടയാളങ്ങളും ലക്ഷണങ്ങളും വിശദീകരിച്ചു തുടക്കഘട്ടത്തിൽ തന്നെ ചികിത്സാസഹായം തേടേണ്ടതിന്റെ ആവശ്യകതയെ ഡോ. കുര്യൻ എടുത്തുപറഞ്ഞു. വിഷാദരോഗം പോലുള്ള മാനസികാരോഗ്യത്തെ കളങ്കമായി കാണുന്നത് ചികിത്സ തേടുന്നതിന് തടസ്സമാണ് . അതിന്റെ ഭവിഷ്യത്തോ- സ്വയം ഒറ്റപ്പെടുത്തലും നിരാശയും നിസ്സഹായതയും സ്വയം വിലയില്ലാത്തതാണെന്ന തോന്നലും ചേർന്ന് ആത്മ ഹത്യയെക്കുറിച്ചുള്ള ചിന്തകളിലേക്കുള്ള നീങ്ങലും പ്രവർത്തനരാഹിത്യവും ആയിപ്പോകുന്നു. കൗമാരപ്രായക്കാരും കോളേജ് വിദ്യാർത്ഥികളും ചെറുപ്പക്കാരും മയക്കുമരുന്നിലേക്ക് ആകര്ഷിക്കപ്പെടുന്നതും ഇത്തരം സന്ദർഭങ്ങളിൽ സാധാരണമാണ്. സാധാരണക്കാരേക്കാൾ ആത്മഹത്യയ്ക്കുള്ള റിസ്ക് ഇരുപതുമടങ്ങ് കൂടുതൽ ആണ് വിഷാദ രോഗമുള്ളവരിൽ. പലരും വിഷാദ രോഗത്തിൽ നിന്നുള്ള ആശ്വാസത്തിനായി മയക്കുമരുന്നിന് തുടക്കമിട്ടിട്ടുള്ളതായാണ് പഠനങ്ങൾ കാണിക്കുന്നത്. ഫലപ്രദമായ ചികിത്സയ്ക്കു നിലവിലുള്ള മരുന്നുകളും തെറാപ്പികളും ഡോ. കുര്യൻ ചൂണ്ടിക്കാട്ടി.
നോർത്ത് വെൽ ഹെൽത് നഴ്സിംഗ് റിസർച്ച് ആൻഡ് എവിഡൻസ് ബേസ്ഡ് പ്രാക്ടിസിലെ ഡോ. മിർത്ത റാബിനോവിച് “റെസ്റ്റോറിങ് ബാലൻസ് ആൻഡ് എനർജി” എന്ന വിഷയത്തെകുറിച്ചു ക്ളാസ് എടുത്തു. ജീവിത സമ്മർദ്ദങ്ങൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു ബാധിക്കാതിരിക്കാനുള്ള പ്രായോഗിക വഴികൾ ആയിരുന്നു ഡോ. റാബിനോവിച്ചിന്റെ വിഷയം. കൂടാതെ മൈൻഡ് -ഫുൾനെസ്സ് എങ്ങനെ നിറവേറ്റാമെന്നും അവർ പരിശീലിപ്പിച്ചു.
നഴ്സ് സയന്റിസ്റ്റും അഡൽഫൈ യൂണിവേഴ്സിറ്റി ക്ലിനിക്കൽ അസോഷിയേറ്റ് പ്രൊഫെസ്സറുമായ ഡോ. ആനി ജേക്കബ് മോഡറേറ്ററായി ന്യൂ യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസ് കോർപറേഷന്റെ ഡോ. സോളിമോൾ കുരുവിള, മോളോയ് കോളേജ് അസ്സോസിയേറ്റ് പ്രൊഫെസ്സറും ഐനാനി പ്രെസിഡന്റുമായ ഡോ. അന്നാ ജോർജ്, അഡൽഫൈ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. മേഴ്സി ജോസെഫ് എന്നിവർ പാനൽ അംഗങ്ങളുമായി നടത്തിയ ചർച്ച കോവിഡ് പാൻഡെമിക്കിന്റെ തുടക്കം മുതൽ വർധിച്ചു വന്ന ഏഷ്യൻ വിരുദ്ധ സംഭവങ്ങളെയും പ്രവണതയേയും നേരിടുന്നതിനുള്ള പരിശീലനം അടങ്ങുന്നതായിരുന്നു.
നഴ്സുമാരുടെയും നേഴ്സ് പ്രാക്ടീഷണര്മാരുടെയും പ്രൊഫഷണൽ പ്രാക്ടീസിനാവശ്യമായ അംഗീകൃത തുടർ വിദ്യാഭ്യാസ ക്രെഡിറ്റുകൾ കോൺഫെറെൻസിൽ പങ്കെടുത്തവർക്ക് സൗജന്യമായി ലഭിച്ചു.
ഐനാനി പ്രസിഡന്റ് ഡോ. അന്നാ ജോർജ് സ്വാഗതം നൽകി. പരിപാടികളുടെ മോഡറേറ്ററായ വൈസ് പ്രസിഡന്റ് ഡോ. ഷൈല റോഷിൻ ഡോ. ജെസ്സി കുര്യൻ, ഡോ. റാബിനോവിച്, ഡോ. ആനി ജേക്കബ്, ഡോ. സോളിമോൾ കുരുവിള, ഡോ. മേഴ്സി ജോസഫ് എന്നിവരെ സദസ്സിനു പരിചയപ്പെടുത്തി. പ്രൊഫഷണൽ ഡെവലൊപ്മെന്റ് ഡെവലൊപ്മെൻറ് കമ്മിറ്റി ചെയർ ആന്റോ പോൾ നന്ദി പറഞ്ഞു.