മരക്കുരിശുമേന്തി ദൈവപുത്രന്‍, കണ്‍നിറഞ്ഞ് തുടിക്കുന്ന ഹൃദയവുമായി മാതാവ്! താമ്പയിലെ പള്ളിയില്‍ കുരിശിന്റെ വഴി വേറിട്ട അനുഭവമായി

ഡോ. ജോര്‍ജ് എം. കാക്കനാട്
മുള്‍ക്കിരീടം ചൂടി മുഖമാകെ രക്തമൊഴുകി അവശനായി യേശുദേവന്‍. ചാട്ടവാറിന്റെ മുഴക്കം ഇടയ്ക്കിടെ അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. മരക്കുരിശേന്തിയ ദൈവപുത്രനെ വിധിക്കാനായി കൊണ്ടുപോവുകയാണ്. ഇരുവശവും കണ്ണീരോടെ അജഗണങ്ങള്‍. ഭക്തിയുടെ അന്തരീക്ഷം…
താമ്പ സെന്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയിൽ ദു:ഖവെള്ളി ദിനത്തില്‍ യേശുദേവന്റെ പീഡാനുഭവ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വേറിട്ട അനുഭവമായി ഈ കാഴ്ചകള്‍. പള്ളിയുടെ നേതൃത്വത്തില്‍ ഇടവകയിലെ ഒരുപിടി യുവ കലാകാരന്‍മാരാണ് ദൈവപുത്രന്റെ പീഡാനുഭവം പുനരാവിഷ്‌കരിച്ചത്. യേശു മരണത്തിനു വിധിക്കപ്പെടുന്നത് മുതല്‍ കുരിശില്‍ മരിക്കുന്നത് വരെയുള്ള മുഹൂര്‍ത്തങ്ങളാണ് വികാരനിര്‍ഭരമായി അവതരിപ്പിച്ചത്.
ഭക്തിയുടെ പാരമ്യത്തില്‍ പലരും വിതുമ്പുന്ന കാഴ്ച നൊമ്പരമായി. ദൈവപുത്രന്റെ വേദനകളും വിഷമതകളും അതേപടി അവതരിപ്പിക്കാന്‍ ഈ കലാകാരന്‍മാര്‍ക്ക് സാധിച്ചതായി ഏവരും ഒരേ സ്വരത്തില്‍ പറഞ്ഞു. യേശു ക്രിസ്തുവായി വേഷമിട്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഡാനിയേല്‍ ജോസഫ് റസ്മുസെന്‍ കോളജ് ഓഫ് നഴ്‌സിങിലെ നഴ്‌സിങ് വിദ്യാര്‍ഥിയാണ്. കുറവിലങ്ങാട് മണ്ണയ്ക്കനാട് തടത്തില്‍ സോണി ജോസഫ്- മെര്‍ലി ദമ്പതികളുടെ മൂത്തമകനാണ് ഡാനി.
യേശു ക്രിസ്തുവായി വേഷമിടുന്നതിന്റെ ഭാഗമായി ചിട്ടയായ നോമ്പ് അടക്കമുള്ള യാതനകളിലൂടെ താന്‍ കടന്നു പോയതായി ഡാനി പറഞ്ഞു. 12 ത്ത് ഗ്രേഡ് വിദ്യാര്‍ഥിനിയായ ഡാന ജോണ്‍ ആണ് കന്യാമറിയമായി വേഷമിട്ടത്. റോയ് ജോൺ -സിന്ധു ദമ്പതികളുടെ മകളാണ് ഡാന. മാതാവിന്റെ മനസ്സിലെ വിഷമം എന്താണെന്ന് മനസ്സിലാക്കി തരാൻ താൻ മാതാവിനോട് പ്രാർത്ഥിച്ചു. അങ്ങനെ മാതാവിന്റെ അനുഗ്രഹത്താലാണ് തനിക്ക് കഥാപാത്രം ഉൾക്കൊള്ളാൻ കഴിഞ്ഞതെന്ന് ഡാന പറഞ്ഞു.
ഡാനിയേലിനും ഡാനയ്ക്കും പുറമെ ജെയിംസ്, ക്രിസ്, ഇഗ്‌നേഷ്യസ്, ആരോൺ, റോൺ, റിയോൺ, ആൻ, ഐശ്വര്യ, അഞ്ജലി, റെയ്‌ന, മിറിയം, സെലെസ്റ്റിൻ, ദിവീന, എലൈൻ, ഹന്നാ, ഇസബെൽ, റേച്ചൽ, ഐഡോൻ, ലിയാന, മറിയ, ആൽവിൻ, ജോയൽ, ആരോൺ, മാത്യു, മെർവിൻ, സാഗർ, ഡേവിഡ്, തേജ്, ആബേൽ, സാറ, മറിയ, റോസാൻ, ജോഷ്വാ, എബെൽ, ജസ്റ്റിൻ, ഐഡൻ, എബെൽ, മിഷേൽ, സ്‌റ്റെഫനി, ജോയൽ, അൽഫിൻ, അലീന, എവിൻ, നിബുൽ, നേഹ, ക്ലെമെന്റ്, നിസ്സ എന്നിവരും കുരിശിന്റെ വഴിയുടെ ഭാഗമായി. ഗീത ജോസിന്റെ വസ്ത്രാലങ്കാരം അതിമനോഹരമായി.
കുരിശു വഹിച്ചു കൊണ്ടുള്ള യേശുവിന്റെ യാത്രയും കാലിടറി നിലത്തുവീഴുന്ന യേശുവിന്റെ ദൈന്യതയും മാതാവിനെ കണ്ടു മുട്ടുന്ന രംഗവുമെല്ലാം കാണികളെ ഒരേസമയം ഭക്തിയുടെ പാരമ്യതയിലും വേദനയുടെ കാഠിന്യത്തിലേക്കും കൊണ്ടുപോയി.
മരക്കുരിശില്‍ ജീവന്‍ വെടിഞ്ഞ യേശുക്രിസ്തുവിന്റെ മൃതദേഹം മടിയില്‍ കിടത്തി വിലപിക്കുന്ന മാതാവിന്റെ വേദനയുമെല്ലാം വിശ്വാസികള്‍ നെഞ്ചേറ്റിയത് പുതിയ അനുഭവമായെന്ന് സംഘാടകനായ സജി സെബാസ്റ്റ്യൻ പറഞ്ഞു. പീഡാനുഭവ യാത്രയുടെ ഭക്തി ചൈതന്യം ഒട്ടും ചോരാതെ അത് അവതരിപ്പിക്കുവാൻ പരിശ്രമിച്ച എല്ലാ യുവ കലാകാരന്മാരെയും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അമേരിക്കയിൽ അറിയപ്പെടുന്ന കലാകാരനായ സജി സെബാസ്റ്റ്യൻ അഭിനന്ദിച്ചു.