ആരാധകരെ ആവേശത്തിലാക്കി ‘മലൈക്കോട്ടൈ വാലിബന്‍’ എത്തി

ലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി പുറത്തുവരുന്ന ചെറിയ അപ്ഡേറ്റുകൾ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇന്നിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.

യോദ്ധാവിന്റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ഗുസ്തക്കാരനെയോ യോദ്ധാവിനെയോ ഒക്കെ ഫസ്റ്റ് ലുക്ക് ധ്വനിപ്പിക്കുന്നുണ്ട്. ‘ഇപ്പോൾ, കാത്തിരിപ്പിന് ഒരു മുഖമുണ്ട്! മലയ്ക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് സമർപ്പിക്കുന്നു! ഈ സിനിമയ്ക്ക് ജീവൻ നൽകാനുള്ള ഞങ്ങളുടെ യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക’, എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്.

‘ലിജോ സൃഷ്ടിച്ച ലോകത്തിലേക്ക് ഒരു ഒളിഞ്ഞുനോട്ടം നടത്താൻ തയ്യാറാകൂ’,എന്നാണ് ഫസ്റ്റ് ലുക്ക് അപ്ഡേറ്റ് പങ്കുവച്ച് മോഹൻലാൽ കഴിഞ്ഞ ദിവസം കുറിച്ചിരുന്നത്. എന്തായാലും പുറത്ത് നിമിഷ നേരം കൊണ്ട് തന്നെ മോഹന്‍ലാലിന്റെ വാലിബന്‍ ലുക്ക് ആരാധകരും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. സിനിമയുടെ കഥയെയും മോഹൻലാലിന്റെ കഥാപാത്രത്തെയും സംബന്ധിച്ച് നേരത്തെ പുറത്തുവന്ന അഭ്യൂഹങ്ങൾ ശരിവയ്ക്കുന്നതാണ് ഫസ്റ്റ് ലുക്ക് എന്നാണ് പൊതുവിലെ അഭിപ്രായം.