” നാട്ടു നാട്ടു” വർണപ്പകിട്ടാർന്ന പരിപാടികളുമായി ‘ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ് നൈറ്റിന് ഒരുങ്ങി ഹൂസ്റ്റണ്‍ – മെയ് 7 ന്

ജീമോൻ റാന്നി

ഹൂസ്റ്റണ്‍: അമേരിക്കൻ മലയാളികൾക്കിത് ആഘോഷത്തിൻ്റെ പുത്തൻ അനുഭവമാകും. ഇതുവരെ കാണാത്ത കാഴ്ചകൾ, അനുഭവങ്ങൾ, വിഭവങ്ങൾ, വ്യക്തിത്വങ്ങൾ… അമേരിക്കൻ മലയാളികളുടെ വാര്‍ത്താസ്പന്ദനമായി മാറിയ ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവാര്‍ഡ് നൈറ്റും കള്‍ച്ചറല്‍ ഫെസ്റ്റും മെയ് ഏഴിന് നടക്കും. വൈകിട്ട് അഞ്ചിന് ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്റര്‍ (2210 സ്റ്റാഫോര്‍ഡ്‌ഷൈര്‍ റോഡ്, മിസൂറി സിറ്റി) ലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ‘നാട്ടു നാട്ടു’ എന്നു പേരിട്ടിരിക്കുന്ന മഹാസംഗമത്തില്‍ വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച മലയാളി പ്രതിഭകള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം സമ്മാനിക്കും.

കലയും നാട്ടുരുചിയും പിന്നെ ആവോളം സ്നേഹവുമാണ് ഗ്ലോബൽ ഇന്ത്യൻ അവാർഡ് നൈറ്റിൻ്റെ മുഖ്യ ആകർഷണം. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർക്കൊപ്പം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളും ഈ സംഗമത്തിൽ പങ്കെടുക്കും. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന മലയാളികള്‍ക്കുള്ള വിദേശി മലയാളികളുടെ അംഗീകാരം കൂടിയായി ഈ ചടങ്ങ് മാറും. ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മഹത് വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ ഏറ്റവും വലിയ സംഗമമായി ഗ്ലോബൽ ഇന്ത്യൻ അവാർഡ്നൈറ്റ് മാറ്റാനുള്ള അണിയറ പ്രവർത്തനങ്ങളാണ് ഒരുങ്ങുന്നത്.

ഒരുങ്ങുന്നത് കലാമാമാങ്കം

ആസ്വാദനത്തിൻ്റെ അത്ഭുതം സൃഷ്ടിക്കുന്ന കലാമാമാങ്കം ഗ്ലോബൽ ഇന്ത്യൻ അവാർഡ് നൈറ്റിനെ പ്രിയപ്പെട്ടതാക്കും. 18 വ്യത്യസ്ത ഭാഷകളിൽ പാടുന്ന സോളോ പെർഫോമർ ചാൾസ് ആൻ്റണിയാണ് മുഖ്യ ആകർഷണം. ഇംഗ്ലീഷ്, സ്പാനിഷ് , ഇറ്റാലിയന്‍, ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ ഭാഷാ ഗാനങ്ങളാണ് ചാള്‍സിന്റെ സോളോ പെര്‍ഫോമന്‍സില്‍ നിറയുന്നത്. ക്ലാസിക്കൽ ഡാൻസ്, ബെല്ലി ഡാൻസ് തുടങ്ങിയ നൃത്ത ഇനങ്ങളുമായി സുന്ദരിമാർ വേദി കീഴടക്കും. ഫ്യൂഷൻ സംഗീതത്തോടൊപ്പം പ്രിയപ്പെട്ട ഗാനങ്ങളുമായി ഗായകരും വേദിയിലെത്തും. പുത്തൻ സൗന്ദര്യ സ്വപ്നങ്ങളുടെ മായിക ലോകം പകർന്ന് ഫാഷൻ ഷോ, നാട്ടുമേളത്തിൻ്റെ പെരുമയുമായി ചെണ്ടമേളം തുടങ്ങിയ പരിപാടികളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്.

രുചിയുടെ കലവറയൊരുക്കി അവാർഡ് നൈറ്റ്

രുചിയൂറുന്ന കൊതിപ്പിക്കുന്ന വിഭവങ്ങളും ആഘോഷരാവിൽ ആഘോഷരാവിനെ കെങ്കേമമാക്കും. നാടൻ രുചികളുടെ പെരുമഴക്കാലമൊരുക്കി ലൈവ് തട്ടുകട ഒരുങ്ങും.ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ചെയര്‍മാന്‍ ജെയിംസ് കൂടല്‍, എഡിറ്റര്‍ ഇന്‍ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ തോമസ് സ്റ്റീഫന്‍ എന്നിവര്‍ അറിയിച്ചു.2022ല്‍ ഗ്ലോബല്‍ ഇന്ത്യന്‍ ആഘോഷവും പുരസ്‌കാര വിതരണവും ‘ഉണര്‍വ്’ എന്ന പേരില്‍ പത്തനാപുരം ഗാന്ധിഭവനിലായിരുന്നു നടന്നത്. പോയ വര്‍ഷം ഗ്ലോബല്‍ ഇന്ത്യന്‍ പ്രത്യേക പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവന്‍, സേവനശ്രീ പുരസ്‌കാരം വേള്‍ഡ് മലയാളി കൗണ്‍സില്‍, ഹരിതശ്രീ പുരസ്‌കാരം ജോര്‍ജ് കുളങ്ങര, കര്‍മശ്രീ പുരസ്‌കാരം ഡോ. എം.എസ്. സുനില്‍, മാധ്യമശ്രീ പുരസ്‌കാരം സേതുലക്ഷ്മി, യുവശ്രീ പുരസ്‌കാരം സുജിത്ത് കെ. ജെ എന്നിവരാണ് ഏറ്റുവാങ്ങിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ മോന്‍സ് ജോസഫ്, കെ. യു. ജനീഷ്‌കുമാര്‍, പുനലൂര്‍ സോമരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന കലാമാമങ്കത്തിന് കനല്‍ ബാന്‍ഡ് നേതൃത്വം നല്‍കി.