ഗൃഹാതുരത്വ സ്മരണകളുണർത്തിയ റാന്നി എസ് സി ഹൈസ്കൂൾ പൂർവ വിദ്യാത്ഥി സംഗമം അവിസ്മരണീയമായി

ജീമോൻ റാന്നി, ഹൂസ്റ്റൺ

ഹൂസ്റ്റൺ : വിഷുദിനത്തിൻ്റെ നന്മകളെ ചേർത്തുനിർത്തി, സ്കൂൾ കാമ്പസിൻ്റ പോയ്മറഞ്ഞ നനവുള്ള സ്മരണകൾ അയവിറക്കി പഴയകാല സഹപാഠികളെയും, ഗുരുജനങ്ങളെയും ഒപ്പം ചേർത്തു് ഒരു നൂറ്റാണ്ട് പിന്നിട്ട റാന്നി എസ്സ്.സി. ഹൈസ്കൂളിന്റെ / എസ് സി ഹയർ സെക്കന്ററി സ്കൂളിന്റെ പുർവ്വ വിദ്യാർത്ഥി ഗ്ലോബൽ സംഗമം ഏപ്രിൽ 15 നു ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം വൈകിട്ട് 6.15. നു സൂം ഫാറ്റ്ഫോമിൻ്റെയും ലൈവ് ടെലികാസ്റ്റിൻ്റെയും എല്ലാ സാദ്ധ്യതക ളെയും ഉപയോഗപ്പെടുത്തി നൂറുകണക്കിന് പൂർവ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടുകൂടി നടത്തപ്പെട്ടു.

സ്കൂളിലെ പൂർവ വിദ്യാർത്ഥികളും അധ്യാപകരുമായ ശ്രുതി തോമസിന്റെയും സോണി തോമസിന്റെയും പ്രാർത്ഥന ഗാനത്തോട് കൂടി ഓൺലൈൻ മീറ്റിനു തുടക്കം കുറിച്ചു.

ഓൺലൈൻ മീറ്റ് സെക്രട്ടറി ചാർലി തോമസ് സ്വാഗതം ആശംസിച്ചു.

മദ്ധ്യതിരുവിതാംകൂറിൻ്റെ ചരിത്രത്തോടൊപ്പം നടന്നു മുന്നേറിയ ഈ പുണ്യ പുരാതന സരസ്വതിക്ഷേത്തിൻ്റെ സമീപകാല വളർച്ചയും, അനന്തസാദ്ധ്യതകളെയും വരച്ചുകാട്ടുന്ന നിലവിലെ സ്കൂൾ പ്രിൻസിപ്പൽ ജേക്കബ്ബ് ബേബിയുടെ ആമുഖ പ്രസംഗത്തോടെ സമ്മേനം ആരംഭിച്ചു.

തുടർന്ന് സ്കൂൾ പൂർവവിദ്യാർത്ഥിയും ബ്രിട്ടനിലെ ബ്രിസ്റ്റോൾ മുൻ മേയറുമായ ടോം ആദിത്യ ഗ്ലോബൽ അലുമിനിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു. അതോടൊപ്പം ആശംസകളും നേർന്നു. 2008 മുതൽ ബ്രിസ്റ്റോളിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായ ടോം ആദിത്യ വിദേശ ഇന്ത്യക്കാരുടെയിൽ റാന്നിക്കാർക്ക് എന്നും അഭിമാനം പകർന്നു നൽകുന്നു. എസ്‌സി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു.എന്റെ സ്കൂൾ എനിക്ക് പകർന്നു നൽകിയ മൂല്യങ്ങൾ എന്റെ വിജയങ്ങൾക്കു മുമ്പിൽ എന്നും ഉണ്ടായിരുന്നു. മേയർ, ഡെപ്യൂട്ടി മേയർ,എക്സിക്യൂട്ടീവ് മേയർ, കൌൺസിൽ ലീഡർ തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തങ്ങളാണ് ടോം കാഴ്ച വക്കുന്നത്. എസ്‌ സി ഹൈസ്കൂൾ അലുമ്‌നിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അഭ്യർത്ഥിച്ചു.

സമ്മേളനത്തിൽ സ്കൂൾ പൂർവ വിദ്യാർത്ഥിയും കേരളത്തിൻ്റെ മുൻ ഡി.ജി.പി.യുമായ ജേക്കബ്ബ് പുന്നൂസ് ഐ പി എസ് 1960 കളിലെ തുടക്കത്തിലെ തന്റെ സ്കൂൾകാല ജീവിതാനുഭാവങ്ങൾ പങ്കിട്ടത് ശ്രദ്ധേയമായി.തന്റെ വീട്ടിൽ നിന്നും 7 കിലോമീറ്ററുകൾ ദൂരെയുള്ള സ്കൂളിലേക്ക് നടന്നു വന്നു പഠിക്കുവാൻ ഇടയായത്, വരുന്ന വഴിയിൽ തന്നെ രണ്ടു ഹൈസ്‌കൂളുകൾ ഉണ്ടായിരുന്നിട്ടും എസ് സി ഹൈസ്കൂൾ തിരഞ്ഞെടുക്കുവാൻ കാരണം അന്ന് ഹെഡ്മാസ്റ്ററായിരുന്ന സി.എ.ജോർജ് സാറിന്റെ പ്രാഗൽഭ്യത്തെ പറ്റി തന്റെ പിതാവിനുണ്ടായിരുന്ന ഉത്തമ ബോധ്യം ഒന്ന് കൊണ്ട് മാത്രമായിരുന്നു എന്ന് അദ്ദേഹം ഓർമിപ്പിച്ചു. 12 മത്തെ വയസ്സിൽ എസ്എസ്എൽസി പാസാകുവാൻ കഴിഞ്ഞ തനിക്കു എസ്‌സി ഹൈസ്കൂൾ പഠനം എന്നും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ പൂർവ വിദ്യാർത്ഥിയും മാധ്യമരംഗത്തെ സജീവ സാന്നിധ്യവുമായ, എഴുത്തുകാരൻ, രാഷ്ട്രീയ നിരീക്ഷകൻ, ജയ്ഹിന്ദ് ടി വിയുടെ മുൻ ചീഫ് എഡിറ്റർ ആൻഡ് സിഓഓയുമായ സണ്ണിക്കുട്ടി എബ്രഹാം ആശംസകൾ അർപ്പിച്ചു. തൻ പഠിച്ച കാലഘട്ടത്തിലെ (70 കളുടെ തുടക്കത്തിൽ) ഗുരു ശ്രേഷ്ഠരെ ഓർമിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആശംസ. കലാകായിക രംഗത്തു കേരളത്തിൽ ഉന്നത നിലവാരം പുലർത്തുന്ന എസ്‌ സി ഹൈസ്കൂലിന്റെ പൂർവ വിദ്യാര്ഥിനിയാണെന്നതിൽ എന്നും ഞാൻ അഭിമാനിക്കുന്നവെന്നു അദ്ദേഹം പറഞ്ഞു.

തുടന്ന് സ്കൂൾ പൂർവവിദ്യാർത്ഥിയും തിരുവല്ല മാർത്തോമാ കോളേജ് മുൻ പ്രിൻസിപ്പാളുമായ ഡോ.എബ്രഹാം,ജോർജ്‌ (സോണി) ആശംസകൾ അർപ്പിച്ചു. തന്റെ മാതാപിതാക്കളായ മുൻ ഹെഡ്മാസ്റ്ററും പിന്നീട് തിരുവല്ല ടൈറ്റസ് സെക്കന്റ് ടീച്ചേർസ് ട്രെയ്‌നിംഗ്ഫ് കോളേജ് പ്രിൻസിപ്പാളുമായിരുന്ന പ്രഫ.സി.എ ജോർജിനെയും സരോ ടീച്ചറിനെയും സ്മരിച്ചു കൊണ്ടായിരുന്നു സോണി സാറിന്റെ സ്കൂൾ സ്മരണകൾ.

മുൻ അധ്യാപകരെ പ്രതിനിധീകരിച്ച്‌ സി.ജെ.ഈശോ സാർ, സൂസമ്മ എബ്രഹാം ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി തങ്ങൾ പഠിപ്പിച്ച വിദ്യാർത്ഥികൾ ഉന്നത രംഗത്തുള്ളത് കാണുമ്പോൾ അഭിമാമനം തോന്നുന്നു. ഇങ്ങനെ ഒരു ഗ്ലോബൽ മീറ്റ് സംഘടിപ്പിച്ച സംഘാടകർക്ക്‌ ഒരായിരം നന്ദി ഗുരുശ്രേഷ്ഠർ അർപ്പിച്ചു.

എസ് സി സ്കൂളിൽ വിവിധ കാലഘട്ടങ്ങളിൽ പഠിച്ച പൂർവ വിദ്യാർത്ഥികൾക്ക് ഒരുമിച്ച് കാണുന്നതിനും പരിചയം പുതുക്കുന്നതിനുമായി ഒരുക്കിയ 16 ബ്രേക്ക് ഔട്ട് റൂമുകൾ ശരിക്കും പഴയ ക്ലാസുകളിലേക്ക് മടങ്ങി പോയ നല്ല അനുഭവങ്ങളുടെ നേർ ഴ്ചയായിരുന്നു.

യുകെയിൽ നിന്ന് അനീഷ് ജോൺ ആലപിച്ച ശ്രുതിമധുരമായ ഗാനം സമ്മേളനത്തിന് മികവ് നൽകി

ഗ്ലോബൽ അലുമ്‌നി കൺവീനർ ബാബുജി കരിമ്പന്നൂർ എംസിയായി പരിപാടികൾ നിയന്ത്രിച്ചു. കുര്യാക്കോസ് ജോർജ് (ഡാളസ്) ടെക്നിക്കൽ ടീമിന് നേതൃത്വം നൽകി.

ഗൾഫ് റീജിയൻ കോർഡിനേറ്റർ റോയ് കൈതവന (കുവൈറ്റ്) നന്ദി പ്രകാശിപ്പിച്ചു.

റവ. പോൾ ജേക്കബ്‌നിന്റെ പ്രാർത്ഥനയ്ക്കും ആശിര്വാദനത്തിനും യ്ക്കു ശേഷം സമ്മേളനം അനുഗ്രഹകരമായി സമാപിച്ചു.

സമ്മേളന ശേഷം ക്രമീകരിച്ച ഓപ്പൺ സെഷൻ ഒരു മണിക്കൂർ നീണ്ടുനിന്നു. യുഎസ്‌ റീജിയൻ കോർഡിനേറ്റർ തോമസ് മാത്യു (ജീമോൻ റാന്നി) ഈ സെഷന് നേതൃത്വം നൽകി. പരിചയപ്പെടുത്തലിന്റെയും, പരിചയം പുതുക്കലിന്റെയും അവസരമൊരുക്കി ഓപ്പൺ സെഷൻ അവസാനിച്ചപ്പോൾ ഇനിയും ഇതുപോലെയുള്ള കൂടിവരവുകൾ ഉണ്ടാകുന്നതിനു അലുമ്‌നി സംഘാടകർ ശ്രമിക്കണമെന്ന് പങ്കെടുത്തവർ എല്ലാവരും ഒന്നടങ്കം ആവശ്യപ്പെട്ടു.