സാൻ ഫ്രാൻസിസ്കോ – ബേ ഏരിയ കേരളസംഘം വിഷു ആഘോഷിച്ചു

ബിന്ദു ടിജി

സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ കേരളസംഘം വിഷു , പുത്തനാണ്ട്, ഉഗാദി ആഘോഷങ്ങൾ സംഘടിപ്പിച്ചു . ഏപ്രിൽ പതിനഞ്ചാം തിയതി ഫ്രിമോണ്ട് ഹിന്ദു ക്ഷേത്രത്തിൽ ആണ് ആഘോഷപരിപാടികൾ അരങ്ങേറിയത് . റാണി സുനിൽ , അനു നായർ ,രവി ശങ്കർ മേനോൻ , രാജേഷ് കൊണങ്ങാം പറമ്പത്ത് എന്നിവരും കേരളസംഘത്തിന്റെ മറ്റു വളണ്ടിയർ മാരും ആഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുത്തു .

സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് , ബേ ഏരിയ നൃത്യലയ ഗുരുകുലം , ശിവ നൂപുരം എന്നീ കലാനിലയങ്ങൾ മനോഹരമായ വിഷുക്കണി ഒരുക്കി ഒപ്പം ദൃശ്യ സുന്ദരമായ കലാപരിപാടികളും കാഴ്ച വെച്ചു.
ആശാ മനോജും സംഘവും അവതരിപ്പിച്ച പഞ്ചാരി മേളം
കാണികളുടെ മനം കവർന്നു

ഭാരതത്തിന്റെ കലാ സാംസ്കാരിക പാരമ്പര്യത്തിൽ തല്പരരായ ഏതാനും വളണ്ടിയർ മാർ ഒന്നിച്ചു രൂപം കൊടുത്തതാണ് കേരളസംഘം എന്ന സാംസ്‌കാരിക പ്രസ്ഥാനം . നമ്മുടെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വരും തലമുറയിലേക്ക് കൈ മാറുന്നതിനുള്ള ഒരു സംരംഭമാണ് കേരളസംഘം . പാരമ്പര്യ മായി നടത്തിവരുന്ന ആഘോഷങ്ങളും ചടങ്ങുകളും ഇളം തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിന്റെ തുടക്കമായി നൂറിലധികം കുഞ്ഞുങ്ങൾക്ക് വിഷു കൈ നീട്ടം സമ്മാനിച്ചു . കുഞ്ഞുങ്ങൾ പുത്തനുണർവ്വിൽ പുഞ്ചിരി തൂകി കൈ നീട്ടം സ്വീകരിയ്ക്കുന്നത് നയന മോഹനമായ കാഴ്ചയായിരുന്നു . കേരളസംഘം തുടർന്നും വിവിധ കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് പ്രവർത്തകർ അറിയിച്ചു .