ഭീഷണികൾക്ക് വഴങ്ങി വീട്ടിലിരിക്കാനല്ല ഞാൻ മാധ്യമ പ്രവർത്തകനായത്:പി.ആർ. സുനിൽ

ഭീഷണികൾക്ക് വഴങ്ങി വീട്ടിലിരിക്കാനല്ല ഞാൻ മാധ്യമ പ്രവർത്തകനായതെന്ന് കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ പി ആർ സുനിൽ. ഒരുപാട് വെല്ലുവിളികൾ, ഭീഷണികൾ ഒക്കെ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനൊക്കെ വഴങ്ങി പിന്മാറാനല്ല മാധ്യമ പ്രവർത്തകനായത്. ശക്തമായി മുന്നോട്ടുപോവുക തന്നെ ചെയ്യും. അതിനുള്ള പിന്തുണയാണ് ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ വേദിയിൽ തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് പുറത്ത് ജീവിക്കുമ്പോഴും സ്വന്തം നാട്ടിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ പ്രവാസികൾ കാണിക്കുന്ന താല്പര്യവും ആവേശവും അഭിമാനകരമാണെന്നും പി.ആർ സുനിൽ കൂട്ടിച്ചേർത്തു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു പി ആർ സുനിൽ . ചാപ്റ്റർ പ്രസിഡണ്ട് ശിവൻ മുഹമ്മ അധ്യക്ഷത വഹിച്ചു. യുവ മാധ്യമ പ്രവർത്തകരുടെ നിരയിൽ ശ്രദ്ധേയനായ വ്യക്തിത്വമാണ്, ദീർഘനാൾ ഏഷ്യാനെറ്റിലും ഇപ്പോൾ കൈരളിയിലും പ്രവർത്തിക്കുന്ന പി ആർ സുനിലെന്ന് ശിവൻ മുഹമ്മ പറഞ്ഞു. നല്ല മാധ്യമ പ്രവർത്തനം ആദരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പി ആർ സുനിലിന് എല്ലാ പിന്തുണയും നൽകുന്നുവെന്നും അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ് പറഞ്ഞു.

ചടങ്ങിൽ ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡണ്ട് സുനൈന ചാക്കോ, ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോഷി വള്ളിക്കളം , ഫോമാ ആർ.വി.പി ടോമി ജോസഫ് എടത്തിൽ , കേരള അസോസിയേഷൻ പ്രസിഡണ്ട് ആന്റോ കവലക്കൽ , ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ സിബി പാത്തിക്കൽ
എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രസന്നൻ പിള്ള സ്വാഗതവും , റോയി മുളകുന്നം നന്ദിയും പറഞ്ഞു. ഇന്ത്യാ പ്രസ് ക്ലബ് ഭാരവാഹികളായ ഡൊമിനിക് ചൊള്ളമ്പേൽ, ചാക്കോ മറ്റത്തിപ്പറമ്പിൽ, അലൻ ജോർജ്, റോമിയോ കാട്ടൂക്കാരൻ എന്നിവരും പങ്കെടുത്തു .

നവംബർ 2, 3, 4 തീയതികളിൽ മയാമിയിൽ നടക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മുന്നോടിയായി ചാപ്റ്റർ കിക്ക്ഓഫ് മീറ്റിങ്ങുകളിൽ പി.ആർ സുനിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഏപ്രിൽ 17 ന് ഹ്യൂസ്റ്റണിലും , ഏപ്രിൽ 25 ന് ഡാളസിലും കിക്ക് ഓഫ് നടക്കും.