ഓട്ടിസത്തെ പുഞ്ചിരിയോടെ തോല്‍പ്പിച്ച കുഞ്ഞു നയന്‍

ഒന്നര വയസ്സു വരെ ഓടി ചാടി കൊഞ്ചലുകളുമായി നടന്നതാണ് പുത്തൂര്‍ സ്വദേശി സി.കെ. ശ്യാമിന്റെയും എസ്. പ്രിയങ്കയുടെയും മകനായ നയന്‍. എന്നാല്‍ പിന്നീട് നയന്‍ മിണ്ടാതെയായി. ഓട്ടിസമാണ് ഇതിന് കാരണം എന്ന് മനസ്സിലാക്കിയത് രണ്ടാം വയസ്സില്‍. അന്നു മുതല്‍ ഓട്ടിസം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ പൊരുതാന്‍ നയന് ഊര്‍ജ്ജം നല്‍കുകയാണ് അച്ഛനും അമ്മയും. തിരുവനന്തപുരം നിഷില്‍ സ്പീച്ച് തെറാപ്പി അടക്കമുള്ള പരിശീലനങ്ങള്‍. ഇതിലേക്കായി നയനിന്റെ പഠനം ആറ്റിങ്ങല്‍ ഗവ. എല്‍.പി.എസിലേക്ക് മാറ്റി.

ഒരു വര്‍ഷം മുമ്പാണ് സംസാരിക്കാനും എഴുതാനും കഴിയാത്ത നയന് ലാപ്‌ടോപ് നല്‍കാന്‍ നിഷിലെ അധ്യാപകര്‍ അച്ഛനും അമ്മയ്ക്കും നിര്‍ദ്ദേശം നല്‍കിയത്. ഒന്നരമാസത്തെ കഠിന പരിശീലനത്തിലൂടെ തന്നെ ലാപ്‌ടോപില്‍ അക്ഷരങ്ങള്‍ കുറിച്ചു തുടങ്ങി നയന്‍; പിന്നീട് അങ്ങോട്ട് അക്ഷരങ്ങളുടെ ഒഴുക്കായിരുന്നു. അതില്‍ കവിതയുണ്ടായിരുന്നു ലേഖനങ്ങളുണ്ടായിരുന്നു, എന്തിന് ഫിലോസഫിക്കല്‍ നിരീക്ഷണങ്ങളും ഉണ്ടായിരുന്നു. ഏഴു ഭാഷങ്ങളാണ് നയന്‍ ഇപ്പോള്‍ അനായാസം കൈകാര്യം ചെയ്യുന്നത്. നയന്റെ പത്ത് കവിതകളും ലേഖനങ്ങളും ഉള്‍പ്പെട്ട ‘ജേര്‍ണി ഓഫ് മൈ സോള്‍” എന്ന പുസ്തകം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്തിരുന്നു. ഇപ്പോള്‍ സൈലന്റ് ഇന്‍ മൊബൈല്‍ എ്‌ന പേരില്‍ ഒരു ഷോര്‍ട്ട് ഫിലിമിന് തിരക്കഥ ഒരുക്കിയിരിക്കുകയാണ് ഈ കുഞ്ഞു മിടുക്കന്‍.

ഓട്ടിസം ഭേദമാക്കാന്‍ എന്തു ചെയ്യണം. ഓട്ടിസം ബാധിച്ചവര്‍ക്കു വേണ്ടിയുള്ള സ്‌കൂള്‍ എങ്ങനെയാവണം എന്നിവയ്‌ക്കെല്ലാം നയന് ഉത്തരമുണ്ട്. ക്ഷമാപൂര്‍വ്വമുള്ള പരിചരണം, പ്രാര്‍ത്ഥന, പരിശീലനം ഇവ കൊണ്ട് ഓട്ടിസം മറികടക്കാമെന്നാണ് നയന്‍ പറയുന്നത്. വിധിയെ പഴിച്ച് കഴിയാതെ നയനെ മുന്നോട്ടു കൊണ്ടു പോകാന്‍ അച്ഛനും അമ്മയുമെടുത്ത തീരുമാനമാണ് നിര്‍ണ്ണായകമായത്. ശ്യാമും പ്രിയങ്കയും ഇപ്പോഴും പ്രതീക്ഷയിലാണ്. തന്റെ മകന്‍ അച്ഛായെന്നും അമ്മായെന്നും വീണ്ടും വിളിക്കുമെന്ന സ്വപ്‌നം വിദൂരമല്ല എന്ന പ്രതീക്ഷയില്‍. ഇവരെ മാതൃകയാക്കുക. ഓട്ടിസം ബാധിച്ച കുട്ടികളെ ക്ഷമയോടെ ശ്രദ്ധയോടെ പരിചരിക്കുക പരിശീലിക്കുക അവര്‍ക്കിടയില്‍ നയനെ പോലെയുള്ള മിടുക്കന്മാര്‍ ഇനിയും ഉണ്ടാകും.