ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോന ഫെയ്ത്ത് ഫെസ്റ്റ് 2023 വർണാഭമായി

ബിനോയി സ്റ്റീഫൻ കിഴക്കനടി, പി. ആർ. ഒ.

ഷിക്കാഗോ: സേക്രഡ് ഹാർട്ട് ക്നാനായ കാത്തോലിക്ക ഫൊറോനായിൽ, ഏപ്രിൽ 22 ശനിയാഴ്ച, വിശ്വാസ പരിശീലന കലോത്സവം “ഫെയ്ത്ത് ഫെസ്റ്റ് 2023” വർണ ശബളമായ കലാപരിപാടികളോടുകൂടി അരങ്ങേറി.

ക്നാനായ റീജിയൻ ഡയറക്ടറും, സെന്റ് മേരീസ് ക്നാനായ ദൈവാലയ വികാരിയുമായ വികാരി ജനറാൾ മോൺ ഫാ. തോമസ് മുളവനാൽ ഫെയ്ത്ത് ഫെസ്റ്റ് ഉത്‌ഘാടനം ചെയ്തു. ബഹു. മുളവനാലച്ചൻ തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ, ഓരോ വിശ്വാസ പരിശീലന കലോത്സവവും, ഇടവകയുടെ പ്രധാന ആഘോഷമാണെന്നും കുട്ടികൾക്ക് അവരുടെ കഴിവുകൾ വളർത്താനുള്ള അവസരങ്ങളാണെന്നും, ഇതിൽ പങ്കെടുത്ത കുട്ടികളേയും, സംഘാടകരെയും പ്രത്യേകം അനുമോദിക്കുകയും ചെയ്തു. ഫൊറോന വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത്, മനോഹരമായ കലാവിരുന്ന് കാഴ്ച് വെച്ച കുട്ടികളെയും, സംഘടകരേയും, മാതാപിതാക്കളേയും പ്രത്യേകം അനുമോദിച്ച് സംസാരിച്ചു.

3 വയസ്സ് മുതൽ 12-)o ക്ലാസ് വരെയുള്ള എല്ലാ കുട്ടികളേയും കോർത്തിണക്കി നടത്തിയ ബൈബിൾ അധിഷ്ഠിത നാടകങ്ങൾ, ഡാൻസുകൾ, പാട്ടുകൾ എന്നിവയടങ്ങിയ കലാവിരുന്ന് കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും, വിശ്വാസത്തിൽ ആഴപ്പെടുന്നതിനും ഉപകരിച്ചു. ടോമി കുന്നശ്ശേരി എഴുതിയ “അവതരിച്ച വചനം” എന്ന ബൈബിൾ ന്യത്ത നാടകം എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി.
ടീന നെടുവാമ്പുഴ എല്ലാവരേയും സ്വാഗതം ചെയ്തു. നയന മനോഹരമായ ഈ കലാവിരുന്ന് ഒരുക്കാൻ കഠിനാധ്വാനം ചെയ്ത ഏവർക്കും ഡി. ആർ. ഇ. സക്കറിയ ചേലക്കൽ ഹ്യദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയും, എല്ലാ വിദ്യാര്തഥികളെയും അഭിനന്ദിക്കുകയും ചെയ്തു.
അർച്ചന നന്ദികാട്ട്, സാനിയ കൊലടി, മിഷേൽ കരിമ്പുംകാലയിൽ എന്നിവർ എം. സി. മാരായിരുന്നു. കോ-ഓർഡിനേറ്റർമാരായ മഞ്ജു ചകിരിയാംതടത്തിൽ, നീന കോയിത്തറ, ടോമി കുന്നശ്ശേരി, ആൻസി ചേലക്കൽ, കൈക്കാരൻമാർ, സക്കറിയ ചേലക്കൽ എന്നിവർ കലാ പരിപാടികൾക്ക് നേത്യുത്വം നൽകി.