മരണത്തിലും വേര്‍തിരിവ് (ജോജോ തോമസ്, പാലത്ര, ന്യൂയോര്‍ക്ക്)

ജോജോ തോമസ്, പാലത്ര, ന്യൂയോര്‍ക്ക്

മരണത്തിലും വേര്‍തിരിവ് ഉണ്ടെന്നുള്ളതിന്‍റെ വ്യക്തമായ ഉദാഹരണമാണ് ചിരിയുടെ സുല്‍ത്താന്‍ എന്നറിയപ്പെട്ടിരുന്ന മാമുക്കോയയുടെ വേര്‍പാടില്‍ നമുക്ക് കാണുവാന്‍ കഴിഞ്ഞത്. കോഴിക്കോട്ടുകാരനായി ജനിച്ച്, കോഴിക്കോടിന്‍റെ സ്പന്ദനമായി ജീവിച്ച്, കോഴിക്കോടിന്‍റെ മണ്ണില്‍ ജീവിതം പൂര്‍ണ്ണമാക്കി കടന്നുപോയ കോഴിക്കോടിന്‍റെ പുണ്യമായിരുന്നു മാമുക്കോയ.
400-ല്‍പരം ചിത്രങ്ങളില്‍ തനതായ ചിരിയുടെ സാമ്രാജ്യം പടുത്തുയര്‍ത്തിയ ചിരിക്കൊട്ടാരത്തിലെ പകരം വെക്കാനില്ലാത്ത ചിരിയുടെ സുല്‍ത്താന്‍ എന്ന നാമം മാമുക്കോയയ്ക്ക് അന്വര്‍ത്ഥമായിരുന്നു. മരണം എന്ന ക്ഷണിക്കപ്പെടാത്ത അതിഥി അപ്രതീക്ഷിതമായി മാമുക്കോയയിലേക്കും എത്തുകയായിരുന്നു. കോഴിക്കോടിന്‍റെ ഫുട്ബോള്‍ പ്രേമികള്‍ക്കായി തന്‍റെ സാന്നിദ്ധ്യം പങ്കുവെക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. അല്ലാഹുവിന്‍റെ തീരുമാനത്തിനു വിധേയമായി ഈലോകത്തോട് മാമുക്കോയ യാത്രപറഞ്ഞു.
മാമുക്കോയ മരിച്ചു എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ സിനിമാക്കാര്‍ക്കിടയില്‍ വലിയ വികാരവായ്പോടെ സിനിമാലോകത്തെ നികത്താനാവാത്ത നഷ്ടമെന്നൊക്കെ മാധ്യമങ്ങളും നടീനടന്മാരും നിര്‍മാതാക്കളും സംവിധായകരുമൊക്കെ പ്രസ്താവിച്ചു. മലയാളികള്‍ അതു കേട്ടപ്പോള്‍ അതൊക്കെ വിശ്വസിച്ചു. കാരണം. മാമുക്കോയ വെറും ഒരു നടന്‍ മാത്രമായിരുന്നില്ല, കോഴിക്കോടിന്‍റെ തനതായ ഭാഷയും സംസ്കാരവും നെഞ്ചിലേറ്റിയ, മലബാറിന്‍റെ പ്രതിനിധിയായി മലയാള സിനിമയില്‍ നിറഞ്ഞുനിന്ന് അടക്കിവാണിരുന്ന ഒരു പ്രതിഭാനടനായിരുന്നു. മഹാവ്യക്തിത്വത്തിന്‍റെ ഉടമകളായിരുന്ന ബഷീറിന്‍റെയും എസ്.കെ. പൊറ്റക്കാടിന്‍റെയും എം.എസ് ബാബുരാജിന്‍റെയും കൂടെ അവരുടെ സുഹൃത്തായി വളര്‍ന്നുവന്ന ഒരു കലാകാരനായിരുന്നു മാമുക്കോയ.
ഈ അപൂര്‍വ്വകലാകാരന്‍ വിടവാങ്ങിയപ്പോള്‍ കോഴിക്കോട്ടുകാരനിലൊരുവനായ മാമുക്കോയയെ കാണുവാന്‍ കോഴിക്കോട് നിവാസികളും സിനിമാപ്രേമികളും ഓടിയെത്തി, അവസാനമായി ഒരുനോക്കു കാണുവാന്‍. എന്നാല്‍, നിര്‍ഭാഗ്യകരമായ ഒരു നഗ്നസത്യം സിനിമാ കുടുംബത്തില്‍ നിന്നും ഒരു സിനിമാനടിയോ സഹപ്രവര്‍ത്തകരോ ഇല്ലായിരുന്നു എന്നതാണ്. സിനിമാ മേഖലയില്‍ നിന്നും എത്തിയവരില്‍ ജോജു ജോര്‍ജ്, സുധീഷ്, അമ്മയെ പ്രതിനിധീകരിച്ച് ആയിരിക്കണം ഇടവേള ബാബു എന്നിവരില്‍ ഒതുങ്ങുന്നു ആ നീണ്ടനിര.
മലയാളത്തില്‍ തിരിച്ചറിയാവുന്ന നൂറുകണക്കിന് താരനിര കേരളത്തിലുണ്ട്. അവരെയൊന്നും മാമുക്കോയയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ അവിടെ കണ്ടില്ല. ചില നടന്മാരും നടികളും ഷൂട്ടിങ്ങിനായി കോഴിക്കോട്ട് ഉണ്ടായിരുന്നിട്ടും മാമുക്കോയയ്ക്ക് അടുത്തെത്തുവാന്‍ അവരാരും മെനക്കെട്ടില്ല, തിരിഞ്ഞുനോക്കിയതുമില്ല. മലയാളത്തിലെ ഒരു പ്രമുഖ നടന്‍റെ വേര്‍പാടില്‍ സിനിമാ കുടുംബത്തിലെ വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് എന്നത് വളരെ നിര്‍ഭാഗ്യകരമാണ്.
400-ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ച ഈ അതുല്യപ്രതിഭയ്ക്കൊപ്പം അഭിനയിക്കാത്തവര്‍ മലയാള സിനിമയില്‍ ആരുമുണ്ടാകില്ല. അവരൊക്കെയാണ് അവസാനമായി ഒരു സ്നേഹവായ്പ് പ്രകടിപ്പിക്കാനോ അന്ത്യാഞ്ജലി അര്‍പ്പിക്കാനോ എത്താതിരുന്നത്. ദീര്‍ഘകാലം രോഗാവസ്ഥയില്‍ മാമുക്കോയ കിടന്നിരുന്നുവെങ്കില്‍ ആ സമയം പോയി കണ്ടിട്ടുണ്ടാകാം. അപ്പോള്‍ പിന്നെ മരിച്ചുകഴിഞ്ഞു ചെന്നില്ലെങ്കില്‍ അതൊരു കാരണമായി പറയാമായിരുന്നു. എന്നാല്‍, മരിക്കുന്നതിന്‍റെ തലേദിവസം വരെ പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന, സിനിമാ അഭിനയത്തില്‍ വ്യാപൃതനായിരുന്ന, സിനിമയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച മാമുക്കോയയെ കാണുവാന്‍ സിനിമാലോകത്തുള്ളവര്‍ക്ക് നേരമില്ലാതെപോയി എന്നത് ദുഃഖകരമാണ്. സിനിമാക്കുടുംബത്തിലെ ഒരംഗത്തിന്‍റെ വേര്‍പാടില്‍ പങ്കുചേരേണ്ട ബാദ്ധ്യത ഇവര്‍ക്കുണ്ടായിരുന്നു.

ജോജോ തോമസ്, പാലത്ര, ന്യൂയോര്‍ക്ക്

മോഹന്‍ലാല്‍ ജപ്പാനില്‍ ഒരു ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലായിരുന്നു. അവിടെനിന്നും ഓടിയെത്തുക അത്ര എളുപ്പമല്ലല്ലോ. ഇന്നസെന്‍റ് മരിച്ചപ്പോള്‍ മോഹന്‍ലാല്‍ രാജസ്ഥാനിലായിരുന്നെങ്കിലും പിറ്റേദിവസം ഓടിയെത്തി. മമ്മൂട്ടിക്കും എത്തുവാന്‍ കഴിഞ്ഞില്ല. ഉമ്മ മരിച്ചതിന്‍റെ ദുഃഖത്തില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് എത്താനാവില്ലെന്ന് മാമുക്കോയയുടെ കുടുംബത്തെ അറിയിച്ചിരുന്നു എന്നു പറയുന്നു. ദിലീപും കാവ്യയും മാത്രമല്ല, സിനിമാലോകം മുഴുവന്‍ സജീവമായി ഇന്നസെന്‍റ് മരിച്ചപ്പോള്‍ ഓടിയെത്തി. ഇന്നസെന്‍റിന്‍റെ സ്വീകാര്യത ഒരുപക്ഷേ മാമുക്കോയയ്ക്ക് ഇല്ലാ എന്നു കരുതിയാലും അദ്ദേഹത്തെ ഒന്നു തിരിഞ്ഞുനോക്കുവാനുള്ള മര്യാദ ഈ സിനിമാക്കാര്‍ക്ക് ഇല്ലാതെപോയി.
ഇന്നസെന്‍റിന്‍റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സകല മന്ത്രിമാരും രാഷ്ട്രീയലോകത്തെ നേതാക്കള്‍ ഉള്‍പ്പെടെ എത്രയോപേര്‍ അവിടെ ഉണ്ടായിരുന്നു. മന്ത്രി ആര്‍. ബിന്ദു ഇന്നസെന്‍റിന്‍റെ വീട്ടില്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നു. സിനിമാക്കാരുടെ മന്ത്രി എന്നറിയപ്പെടുന്ന സജി ചെറിയാന്‍ സാംസ്കാരിക വകുപ്പിന്‍റെ തലവന്‍ എന്ന നിലയ്ക്കെങ്കിലും മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബാദ്ധ്യസ്ഥനായിരുന്നു. അദ്ദേഹവും എത്തിയില്ല. കോഴിക്കോടിന്‍റെ മന്ത്രിയായ റിയാസ്പോലും തിരിഞ്ഞുനോക്കിയില്ല.
കോഴിക്കോട്ടുകാരായ എന്‍റെ ചില സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞതിങ്ങനെ: ഞങ്ങളുടെ രാജാവിനെ യാത്രയാക്കാന്‍ ആരും വരേണ്ട. ഞങ്ങള്‍ മാത്രം മതി എന്നാണ്. ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരംപേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍മാത്രം വരും. സിനിമാലോകം മാമുക്കോയയെ അവഗണിച്ചത് അദ്ദേഹം ആരുടെയും അടിമയായിരുന്നില്ല എന്നതുകൊണ്ടാവാം. സിനിമാക്കാരും രാഷ്ട്രീയക്കാരും അവരെ താങ്ങുന്നവരെ മാത്രമേ ഓര്‍മ്മിക്കൂ എന്നും ജാടകളില്ലാത്ത മാമുക്കോയ ജനഹൃദയങ്ങളിലും പ്രേക്ഷകമനസ്സുകളിലും നിറഞ്ഞുനില്ക്കുമെന്ന് എന്‍റെ മറ്റൊരു സുഹൃത്ത് പറഞ്ഞത് എത്രയോ സത്യമാണ്.
മാമുക്കോയ ഇടതുപക്ഷമോ വലതുപക്ഷമോ ചേര്‍ന്നുനിന്ന വ്യക്തിയല്ലായിരുന്നു. സ്വതന്ത്രനായി, പച്ചമനുഷ്യനായി, സാധാരണക്കാരനായി ജീവിച്ചു കടന്നുപോയ കോഴിക്കോടിന്‍റെ പ്രിയപുത്രന് കോഴിക്കോടിന്‍റെ ജനാവലി സ്നേഹവായ്പില്‍ നിറഞ്ഞ ആദരവും യാത്രയയപ്പും നല്കി. ടൗണ്‍ഹാളിലും മാമുക്കോയയുടെ വസതിയിലും കബറടക്ക കര്‍മ്മങ്ങളിലും പതിനായിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു.
മലയാളികള്‍ ഇത്രയേറെ ഇഷ്ടപ്പെട്ട ഒരു നടന്‍റെ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണക്കാരന്‍റെ അവസ്ഥ എന്തായിരിക്കും? ജീവിച്ചിരിക്കുമ്പോള്‍ മഹാന്മാരാണെന്ന് നമ്മളൊക്കെ കരുതും. പക്ഷേ, മരിച്ചുകഴിയുമ്പോള്‍ തിരിഞ്ഞുനോക്കാന്‍ പോലും ആരുമുണ്ടായെന്നു വരില്ല. മണ്ണടിയുമ്പോള്‍ ആറടി മണ്ണിലേക്ക് നമ്മളെ കുഴിച്ചിട്ട്, നമ്മള്‍ ഒന്നുമല്ലാതെ മണ്ണിന്‍റെ ഭാഗമായി മാറുകയാണ്.
മനുഷ്യജീവിതത്തിന്‍റെ നിസ്സാരത ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് മാമുക്കോയയ്ക്ക് സിനിമാലോകം നല്കിയ യാത്രയയപ്പിലൂടെ. ചിന്തിക്കുക, മാമുക്കോയയ്ക്ക് നിങ്ങള്‍ നല്കിയ ഈ വേര്‍തിരിവ് നിങ്ങള്‍ക്കും ഉണ്ടായിക്കൂടായ്കയില്ല. അതു കാണുവാന്‍ നിങ്ങള്‍ ഈ ഭൂമുഖത്തുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യവും നിങ്ങള്‍ മനസ്സിലാക്കുക.