ബെര്‍ഗന്‍ കമ്യൂണിറ്റി കോളജില്‍ പിന്നിംഗ് സെറിമണി നടത്തി

ന്യൂജേഴ്സി: റെസ്പിറേറ്ററി തെറാപ്പിയില്‍ പിഎച്ച്.ഡി ഒരു അടിസ്ഥാന ഘടകമല്ലെങ്കിലും എല്ലാ റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളും പിഎച്ച്.ഡി എടുക്കണമെന്ന് റെസ്പിറേറ്ററി രംഗത്ത് 30 വര്‍ഷം പ്രവര്‍ത്തിക്കുകയും ബെര്‍ഗന്‍ കമ്മ്യൂണിറ്റി കോളജില്‍ 19 വര്‍ഷം ഫാക്കല്‍റ്റിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്ത ജോര്‍ജ് തുമ്പയില്‍ അഭിപ്രായപ്പെട്ടു. ഈ രംഗത്ത് ആദ്യ പിഎച്ച്.ഡി നേടിയ ബാംഗ്ലൂര്‍ സ്വദേശിയായ ഡോ. ജിതിന്‍ കെ. ശ്രീധരനെ പരാമര്‍ശിച്ചുകൊണ്ട് ബെര്‍ഗന്‍ കമ്മ്യൂണിറ്റി കോളജില്‍ നടന്ന 2023-ലെ 23 അംഗ കുട്ടികളെയും കുടുംബാംഗങ്ങളുടെയും അഡ്മിനിസ്ട്രേറ്റര്‍മാരെയും സാക്ഷിനിര്‍ത്തി അവരുടെ പിന്നിംഗ് സെറിമണിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജോര്‍ജ് തുമ്പയില്‍.
മറ്റ് പല പിഎച്ച്.ഡിക്കാരും ശ്വാസകോശ രംഗത്ത് ഉണ്ടെങ്കിലും അവരുടെയെല്ലാം അടിസ്ഥാന ബിരുദം മറ്റ് രംഗങ്ങളിലാണ്. അക്കാഡമിക് ചെയറും പ്രോഗ്രാം ഡയറക്ടറുമായ ഏമി സിക്കോണി, ബെത്ത് ഇസ്രയേല്‍ ഡയറക്ടറായ ഐനീക്കോ ഐക്ക് തുടങ്ങിയവരും മറ്റ് മേഖലകളില്‍ നിന്നാണ് പിഎച്ച്.ഡി കരസ്ഥമാക്കിയത്. അതില്‍ പക്ഷേ, വിവേചനമൊന്നുമില്ല. എല്ലാം ഒന്നുതന്നെ. പക്ഷേ, റെസ്പിറേറ്ററിയില്‍ പിഎച്ച്.ഡി നേടുകയെന്നത് എല്ലാ റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളുടെയും സ്വപ്നമാണ്. ബെര്‍ഗന്‍ കോളജില്‍ പഠിപ്പിക്കുമ്പോഴൊക്കെ മനസ്സിലുണ്ടായിരുന്ന ആഗ്രഹം ശ്രീധരനിലൂടെ പുറത്തുവന്നതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു ജോര്‍ജ്. തന്‍റെ വിദ്യാര്‍ത്ഥികളില്‍ പലരും മറ്റ് പല സംസ്ഥാനങ്ങളിലും യൂണിവേഴ്സിറ്റിയിലും ഡയറക്ടര്‍മാരായും സൂപ്പര്‍വൈസര്‍മാരായും എഡ്യൂക്കേറ്റര്‍മാരായും ഒക്കെ സേവനമനുഷ്ഠിക്കുന്നതില്‍ കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്തു.
സിആര്‍ടിയുടെ കാലം കഴിഞ്ഞു. ആര്‍ആര്‍ടിയാണ് ഇപ്പോള്‍ പ്രധാനം. പിന്നീട് ബിഎസ്, എംഎസ് തുടങ്ങിയവയെടുത്ത് പിഎച്ച്.ഡിയില്‍ പഠനം തീരണം. അതിനായുള്ള പ്രയത്നം തുടരണം. ഒപ്പംതന്നെ ജീവിതത്തില്‍ ഒരച്ചടക്കം ഉണ്ടാകണം. അത് ആശുപത്രിയാകട്ടെ, ലോങ് ടേം ഫെസിലിറ്റികള്‍ ആകട്ടെ എവിടെയും ജീവന്‍രക്ഷാ മരുന്നുകളും സിപിആര്‍, ഇന്‍ററുവേഷന്‍, മറ്റ് ഉപകരണങ്ങളിലും ഒക്കെ വിദഗ്ദ്ധമായ ഉപദേശവും ക്രമീകരണങ്ങളും നടത്തുവാന്‍ പ്രാപ്തമാകണം.
അക്കാഡമിക് ചെയറും പ്രോഗ്രാം ഡയറക്ടറുമായ ഏമി സിക്കോണി എംസിയായി പ്രവര്‍ത്തിച്ചു. അക്കാഡമിക് അഫയേഴ്സ് വൈസ് പ്രസിഡണ്ട് ബ്രോക്ക് ഫിഷര്‍, ഡിവിഷന്‍ ഓഫ് ഹെല്‍ത്ത് പ്രഫഷന്‍സ് ഡീന്‍ ആയ സൂസന്‍ ബര്‍ണാര്‍ഡ് എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം മെഡിക്കല്‍ ഡയറക്ടര്‍ ആയ ഡെബോറ റോസിന്‍റെ പവ്വര്‍ പ്രസന്‍റേഷനും ഉണ്ടായിരുന്നു.
ക്ലിനിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറായ ഐറീന്‍ ഇറാസോ ഓരോ കുട്ടികളെയും പരിചയപ്പെടുത്തുകയും ഫാക്കല്‍റ്റി അംഗമായ ജോസഫ് റോസ് അവരെ പിന്‍ കുത്തി ആദരിക്കുകയും ഏമി സിക്കോണി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
അടുത്തയാഴ്ചയാണ് ബിരുദദാനച്ചടങ്ങ്. അതിനുശേഷം കുട്ടികള്‍ ആശുപത്രികളിലും മറ്റ് ഫെസിലിറ്റികളിലും തൊഴില്‍ ആരംഭിക്കും.