കടൽ കടന്നെത്തുന്ന കൂത്തും കൂടിയാട്ടവും ജൂൺ 10ന് ഡിട്രോയിറ്റിൽ

സുരേന്ദ്രൻ നായർ
ഭരതമുനിയുടെ നാട്യ ശാസ്ത്രമനുസരിച്ചു കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ സ്ഥിതിചെയ്യുന്ന കൂത്തമ്പലങ്ങളിൽ മാത്രം അരങ്ങേറിയിരുന്നു കൂടിയാട്ടവും കൂത്തും കടലുകൾ താണ്ടി അമേരിക്കയിലുമെത്തുന്നു.

വിശ്വോത്തര പൈതൃക കലാരൂപമായി യുനെസ്‌കോ അംഗീകരിച്ച കൂടിയാട്ടവും കൂത്തും മെയ് 27 മുതൽ ജൂലായ് വരെ നീണ്ടു നിൽക്കുന്ന സ്വസ്തി സമ്മർ ഫെസ്റ്റിന്റെ ഭാഗമായി കെ.എച്.എൻ.എ.മിഷിഗന്റെ ആഭിമുഖ്യത്തിൽ ജൂൺ 10 ശനി ഫാർമിംഗ്ടൺ ശാരദാംബ ക്ഷേത്ര ആഡിറ്റോറിയത്തിൽ അരങ്ങേറുന്നു. ഭാസന്റെയും കാളിദാസന്റെയും സംസ്‌കൃത നാടകങ്ങളിലെ ഉദ്വേഗജനകമായ കഥാസന്ദർഭങ്ങൾ ഉൾപ്പെടുത്തി ഏഴാം നൂറ്റാണ്ടോടെ രൂപം കൊണ്ടതായി കരുതുന്ന കൂടിയാട്ടം വാചികം ആംഗികം സ്വാത്തികം ആഹാര്യം എന്നീ ചതുർവിധ അഭിനയ ചേരുവകളും വ്യത്യസ്‌ത നൃത്ത സംഗീത കൂട്ടുകളും സംഗമിക്കുന്ന കേരളത്തിലെ ഒരു പ്രാചീന കലാ രൂപമാണ്. കത്തിച്ചുവെച്ച വലിയ നിലവിളക്കിന്റെ മുന്നിലെ കുലവാഴ കുരുത്തോല ഇളനീർക്കുല നിറപറ തുടങ്ങിയ അലങ്കാരങ്ങളും, അകമ്പടിയായി മിഴാവ് കുഴിത്താളം കുഴൽ ഇടക്ക ശംഖ് എന്നീ വാദ്യോപകരണങ്ങളും കൂടിയാട്ടത്തിൽ കൂടിച്ചേരുന്നു.

പാശ്ചാത്യ ഷേക്സ്പീരിയൻ നാടക ശാലകൾക്കു സമാനമായ കൂത്തമ്പലങ്ങളിലെ സൗഹൃദ സദസ്സുകൾക്കു മുമ്പിൽ അവതരിപ്പിച്ചിരുന്ന ഈ നൃത്ത നാട്യ കലയിൽ പണ്ടുകാലത്തു അഭിനയിച്ചിരുന്നത് ചാക്യാന്മാരും പാടുന്നത്

നങ്ങ്യന്മാരും ഉപകരണങ്ങൾ വായിക്കുന്നത് നമ്പ്യാർ മാരുമായിരുന്നു. തൊഴിൽ വിഭജനത്തിന്റെ കാലം കഴിഞ്ഞതോടെ അർപ്പണബോധത്തോടെ കലക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു സംഘം കലാകാരന്മാരും കേരള കലാ മണ്ഡലവുമാണ് ഇത്തരം പാരമ്പര്യകലകളെ നിലനിർത്തി പോരുന്നത്.
നാട്യ ശാസ്ത്രത്തിന്റെ നിഷ്കര്ഷതയിൽ പടുത്തുയർത്തിയ കൂത്തമ്പലങ്ങളിൽ അണിയറയേയും രംഗവേദിയേയും സജീവമാക്കിയിരുന്ന മറ്റൊരു കലാരൂപമായിരുന്നു കൂത്ത്. വാചിക പ്രാധാന്യമുള്ള വിദൂഷക വേഷംകെട്ടി ആസ്വാദകരെ ചിരിയുടെയും ചിന്തയുടെയും ലോകത്തേക്ക് ആനയിക്കുന്ന ഒരു ഏകാംഗ പ്രകടനമാണ് കൂത്ത്. മിഴാവിന്റെ ഘോഷമാണ് കൂത്തിന്റെ അകമ്പടി. ചാക്യാർ കൂത്ത് വാചിക പ്രാധാന്യമാണെങ്കിൽ ആംഗിക സാത്വവികഭിനയമാണ് സ്ത്രീകൾ അവതരിപ്പിക്കുന്ന നങ്യാർകൂത്തിന്റെ പ്രത്യേകത.

മിഷിഗനോടൊപ്പം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രകടനങ്ങളിൽ കലാമണ്ഡലം ജിഷ്ണു പ്രസാദ്, കലാമണ്ഡലം സംഗീത, നേപത്യ സനീഷ്, കലാനിലയം ശ്രീജിത്ത് സുന്ദരൻ എന്നിവർ വേഷമിടുന്നു. മിഴാവിന്റെ മാന്ത്രിക നാദവുമായി കലാമണ്ഡലം രതീഷ് ബാഷ്, കലാമണ്ഡലം വിജയൻ എന്നിവരും ഇടക്ക വാദകനായി കലാനിലയം രാജനും എത്തുന്നു.

കേരളത്തിന്റെ കലാപൈതൃകം സംരക്ഷിക്കാൻ കടൽ കടന്നെത്തുന്ന ഈ കലാകാരന്മാരെ സർവാത്മനാ പ്രോത്സാഹിപ്പിക്കാൻ എല്ലാ സഹൃദയരും മുന്നോട്ടുവരണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.