ചിക്കാഗോ മലയാളി അസ്സോസിയേഷൻ ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു

2023 – 25 വര്‍ഷത്തേക്കുള്ള ചിക്കാഗോ മലയാളീ അസോസിയേഷൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനുവേണ്ടി ഇലക്ഷന്‍ കമ്മീഷണര്‍മാരെ CMA പൊതുയോഗം നിയോഗിച്ചു. മുൻ CMA പ്രെസിഡണ്ടായിരുന്ന സ്റ്റാന്‍ലി കളരിക്കാമുറി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു , എൻ എം ഫിലിപ്പ് , റോയ് നെടുങ്ങോട്ടിൽ ,ബെന്നി വാച്ചാച്ചിറ ,രഞ്ജൻ എബ്രഹാം എന്നിവരെ കമ്മീഷണറായും തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ്മാരിൽ സീനിയർ ആയ എൻ എം ഫിലിപ്പ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആവാൻ വിമുഖത അറിയിച്ചിതിനെ തുടർന്നാണ് ഭരണഘടനാ നിർദ്ദേശം അനുസരിച്ചു സ്റ്റാന്‍ലി കളരിക്കാമുറി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് .

2023 ഓഗസ്റ്റിൽ നടക്കുന്ന CMA ഇലെക്ഷനിൽ വച്ചാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത് . ചിക്കാഗോ മലയാളീ അസോസിയേഷനിൽ മത്സരം സൗഹാര്‍ദ്ദപരമാണ് മത്സരം കഴിഞ്ഞാല്‍ എല്ലാവരും ഒറ്റക്കെട്ടായി സംഘടനയുടെ പുരോഗതിക്കായി നിലകൊള്ളുന്നു.

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സ്റ്റാന്‍ലി കളരിക്കാമുറി CMA മുൻ പ്രസിഡന്റ് ആണ്( 2004 -2006 ) ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ടും സെക്രട്ടറിയും ബോര്‍ഡ് മെമ്പറായും നേതൃത്വപാടവും സംഘടനാ പ്രവര്‍ത്തനശേഷിയും പ്രകടിപ്പിച്ചിട്ടുള്ള സ്റ്റാന്‍ലി ഫോമായുടെ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോമാ മയാമി കണ്‍വെന്‍ഷനില്‍ ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച മികച്ച പശ്ചാത്തലവുമുള്ള ആളാണ് സ്റ്റാന്‍ലി.

CMA സ്ഥാപക നേതാക്കളില്‍ പ്രമുഖനായ എൻ എം ഫിലിപ്പ് CMA പ്രസിഡന്റ് ആയും (1979 -1980 ) ചിക്കാഗോ സാമൂഹിക സാംസ്‌കാരിക രംഗത്ത് വളരെ സജീവവും ആണ് .ചിക്കാഗോ മലയാളി അസോസിയേഷനിലെ 24 വര്‍ഷത്തെ പ്രവര്‍ത്തന മികവിലാണ് റോയ് നെടുങ്ങോട്ടിൽ CMA യുടെ ഇലക്ഷന്‍ കമ്മീഷണറായി വീണ്ടുമെത്തുന്നത്. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ടായി(2006 -2008 ) സേവനം അനുഷ്ഠിച്ചിട്ടുണ്ട്

അമേരിക്കന്‍ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മികച്ച ഒരു സംഘാടകന്‍ കൂടിയാണ് ഇലക്ഷന്‍ കമ്മീഷണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറ . ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് (2010 -2012 ) ഫോമാ നാഷണൽ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ബെന്നി വാച്ചാച്ചിറ .ഇലക്ഷൻ കമ്മിഷണർ ആയി തിരഞ്ഞെടുക്കപ്പെട്ട രഞ്ജൻ എബ്രഹാം 2016 -2018 കാലയളവിലെ CMA പ്രസിഡന്റായി മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് . നിരവധി തവണ cma ഭരണ സമിതിയിൽ അംഗമായി ഇരുന്നിട്ടുണ്ട് .

തെരെഞ്ഞെടുപ്പ് കമ്മീഷണർമാരായി തെരെഞ്ഞെടുക്കപ്പെട്ട എൻ എം ഫിലിപ്പ്, സ്റ്റാൻലി കളരിക്കാമുറിക്കും ,റോയ് നെടുങ്ങോട്ടിൽ , ബെന്നി വാച്ചാച്ചിറ , രഞ്ജൻ എബ്രഹാം എന്നിവർക്ക് CMA പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി എല്ലാ ആശംസകളും, സഹായ സഹകരണങ്ങളും നേർന്നു . വളരെ സൗഹാര്‍ദ്ദപരമായ രീതിയില്‍ നടത്താന്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കു കഴിയട്ടെ എന്നും അവര്‍ ആശംസിച്ചു.

ഇലെക്ഷൻ , നോമിനേഷൻ , പിൻവലിക്കൽ തുടങ്ങിയ തീയതികൾ തീരുമാനിക്കുന്നതിനും നടപടി ക്രമങ്ങൾ ഏകോപിക്കുന്നതിനും അഞ്ചഗ ഇലക്ഷൻ കമ്മീഷൻ മെയ് 25 ന് cma ഹാളിൽ നിലവിലുള്ള ഭരണസമിതിയുമായി കൂടിയാലോചന നടത്തുന്നതായിരിക്കും .