ഇന്ത്യൻ ക്രിസ്ത്യൻ ഡേ ആഘോഷം: ഇന്ത്യൻ ക്രൈസ്തവ വിഭാഗങ്ങളുടെ ഐക്യ വേദി ജൂലൈ രണ്ടിന് ന്യൂ യോർക്ക് എൽമോണ്ടിൽ

വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളെ സാമൂഹികമായും ആല്മീയമായും ഒരുമിപ്പിക്കുവാൻ കഴിഞ്ഞ വര്ഷം വേദി ഒരുക്കിയ ഇന്ത്യൻ ക്രിസ്ത്യൻ ഡേ സംഘാടകസമിതി ഈ വര്ഷം വീണ്ടും വേദി ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ഭാരതീയ ക്രിസ്ത്യാനികൾ സെയിന്റ് തോമസ് ദിനമായി ആഘോഷിക്കുന്ന ജൂലായ് മൂന്നാം തിയതി തിങ്കളാഴ്ച ആയതിനാൽ രണ്ടാം തിയതിയാണ് ആഘോഷം നടക്കുക. ന്യൂ യോർക്ക് എൽമോണ്ടിലെ സെന്റ് വിൻസെന്റ് ഡി പോൾ സീറോ മലങ്കര കാത്തലിക് കത്തീഡ്രലിൽ ആയിരിക്കും ആഘോഷ സമ്മേളനമെന്ന് ആഘോഷസമിതിക്കു വേണ്ടി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫിയക്കൊന) പ്രസിഡന്റ് കോശി ജോർജ് അറിയിച്ചു.
രണ്ടായിരം വർഷത്തെ പാരമ്പര്യവും പൈതൃകവും അഭിമാനത്തോടെ ആഘോഷിക്കുന്നതോടൊപ്പം ഇന്ത്യയിൽ പലയിടങ്ങളിലും ക്രിസ്ത്യാനികൾ ദൈനം ദിനം അനുഭവിക്കുന്ന വേദനാജനകവും ദയനീയവുമായ പീഢനത്തെ സമൂഹത്തിനു മുന്നിൽ അവബോധകമാക്കുകയെന്ന ലക്‌ഷ്യം കൂടി സമ്മേളനോദ്ദേശ്യങ്ങളിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ ക്രിസ്ത്യാനികൾ അനുഭവിച്ചിട്ടുള്ള ആക്രമണങ്ങളിൽ ഏറ്റവും മാരകവും അക്രമാസക്തവുമായ മാസങ്ങളിൽ ഒന്നായിരുന്നു ഇക്കഴിഞ്ഞ മാസം. ഉത്തര-പൂർവ്വ സംസ്ഥാനമായ മണിപ്പൂരിൽ മെയ് മാസത്തിൽ മാത്രം എഴുപത്തി അഞ്ച് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. മുപ്പത്തിനായിരത്തിൽ പരം പേർ തങ്ങളുടെ വീടും നാടും ഉപേക്ഷിച്ചു. മണിപ്പൂരിൽ നടക്കുന്നത് മതപരമായ കാര്യങ്ങളുമായി ബന്ധമില്ലെന്നും ഭൂമി അവകാശത്തിന്റെ പേരിൽ ആദിവാസികൾ നടത്തുന്ന അക്രമഫലമാണെന്നുമുള്ള ഗവണ്മെന്റിന്റെ വാദം തെറ്റാണെന്നും സ്വതന്ത്രമായി നടത്തിയ അന്വേഷണഫലം കാണിക്കുന്നത് മോഡി ഗവണ്മെന്റിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായാണെന്നും ഫിയക്കൊന പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറയുന്നു. ക്രിസ്ത്യാനികളെ അടിച്ചമർത്തുന്നതിന് ദശകങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വംശീയ സംഘർഷത്തെയാണ് ബിജെപി മുതലാക്കിയത് – ഫിയക്കൊന തുടരുന്നു.
മതസൗഹാർദ്ദവും വംശീയസഹവർത്തിത്വവും രാജ്യത്തിന്റെ മുഖമുദ്രയായി ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങളും മതപീഡനങ്ങളും ഗൗരവമായി ഇന്ത്യയിലും ഇന്ത്യയ്ക്ക് വെളിയിലും വളരെ പരിമിതമായി മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു. വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഐക്യം ഇന്ത്യയിൽ പീഡനമനുഭവിക്കുന്ന, സ്വരം ഉയർത്താനാകാത്ത, പീഢിക്കപ്പെടുന്ന ക്രിസ്ത്യൻ സമൂഹവിഭാഗങ്ങൾക്കുവേണ്ടിയുള്ള സ്വാധീനശക്തിയായി മാറ്റുവാൻ കഴിയുമെന്നാണ് ഇന്ത്യൻ ക്രിസ്ത്യൻ ഡേ സംഘാടകരുടെ പ്രത്യാശ.
വിവിധ സഭാ നേതാക്കന്മാർ, ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്‌ലിൻറെ പ്രതിനിധി, സെനറ്റർ കെവിൻ തോമസ്, നാസൗ കൗണ്ടി എക്സിക്യൂട്ടീവ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. റൈറ്റ് റെവ. ഡോ. ഐസക് ആർ ഫിലോക്സിനോസ് എപ്പിസ്‌കോപ്പ (മാർത്തോമാ ചർച്), റൈറ്റ് റെവ. ഡോ. ജോൺസി ഇട്ടി (എപ്പിസ്‌കോപ്പൽ ചർച്), റൈറ്റ് റെവ. ഡോ. സി.വി. മാത്യു (ഇവാൻജെലിക്കൽ ചർച്), റെവ. ജേക്കബ് ജോർജ് (ഇന്ത്യൻ പെന്തക്കോസ്റ്റൽ ചർച്) എന്നിവർ പ്രസംഗിക്കും. ഇന്ത്യയിലെ ക്രൈസ്തവപീഡനത്തിനിരയായ റെവ. ബ്രയൻ നെരെൻ ആയിരിക്കും മുഖ്യ പ്രഭാഷകൻ. ടെന്നെസിയിലെ ഷെൽബിവിൽ ഇന്റർനാഷണൽ ഹൌസ് ഓഫ് പ്രയേഴ്സ് സീനിയർ പാസ്റ്റർ ആയ അദ്ദേഹം ഇല്ലാത്ത കുറ്റം ചമയ്ക്കപ്പെട്ട് ഏഴരമാസക്കാലം ഇന്ത്യയിൽ തടങ്കലിൽ കഴിഞ്ഞയാൾ ആണ്.
ഇന്ത്യയിലെ വിവിധ ഭാഷാ-സാംസ്കാരിക ഗ്രൂപ്പുകളുടെ കലാപരിപാടികളും അത്താഴ ഭക്ഷണവും ഇന്ത്യൻ ക്രിസ്ത്യൻ ഡേയെ അലങ്കരിക്കും. ജോർജ് എബ്രഹാം (അസ്സെംബ്ലി ഓഫ് ഗോഡ്), റെവ. ക്രിസ്റ്റഫർ സോളമൻ (സി എസ് ഐ – തെലുഗു), റെവ. ആനന്ദ് ശേഖർ മാന്വൽ (എപ്പിസ്‌കോപ്പൽ ചർച്), ഡോ. ലെനോ തോമസ് (മാർതോമ ചർച്), കോശി ജോർജ് (സി എസ ഐ – മലയാളം), ഡോൺ തോമസ് (സി എസ ഐ – മലയാളം), ഡോ. സിന്തിയ പ്രഭാകർ (സി എസ ഐ – തമിഴ്), ചക് പിള്ള (അസ്സംബ്ലി ഓഫ് ഗോഡ്), ജോൺ ജോസെഫ് (കാത്തലിക്), കോശി തോമസ് (ഓർത്തഡോക്സ്‌) എന്നിവർ സംഘാടകസമിതിയിൽ പങ്കെടുത്തു.
പോൾ ഡി. പനയ്ക്കൽ