സെയിന്റ് അൽഫോൻസാ തിരുനാൾ: ഫ്ലോറൽ പാർക്ക് ഔർ ലേഡി ഓഫ് ദി സ്‌നോസ് ഒരുങ്ങുന്നു

ന്യൂ യോർക്ക് ക്യൂൻസിലെ ഫ്ലോറൽ പാർക്ക് ഔവർ ലേഡി ഓഫ് ദി സ്‌നോസ് ഇടവക വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനുള്ള തയാറെടുപ്പ് പൂർത്തിയാക്കുന്നു.  വിശുദ്ധയാകുന്നതിനു മുൻപു തന്നെ സാർവത്രിക സമൂഹത്തിനു അൽഫോൻസാമ്മയെ പരിചയപ്പെടുത്തുകയും ആഘോഷിക്കുകയും ചെയ്ത ഇടവകയാണ് ഔവർ ലേഡി ഓഫ് ദി സ്‌നോസ്.  ജൂലായ് പതിനാറാം തിയതി വൈകീട്ട് നാലു മണിക്കാണ് ആഘോഷ സായാഹ്നം തുടങ്ങുക.  ആരാധനാക്രമങ്ങളുടെ പേരിൽ ഭിന്നപ്പെട്ടു കഴിയുന്ന ഭാരതീയ കത്തോലിക്കർക്കും സാർവത്രിക സഭയിലെ മറ്റു സമുദായങ്ങൾക്കും സാമൂഹികമായി ഒരുമിച്ചു കൂടുന്നതിനും വിശുദ്ധയുടെ മാധ്യസ്ഥതയ്ക്കുവേണ്ടി പ്രാര്ഥിക്കുന്നതിനുമുള്ള ഒരു വേദിയായി ഈ വാർഷികാഘോഷം സ്ഥാപിതമായി കഴിഞ്ഞു.  ഇടവക വികാരി ഫാ. കെവിൻ മ്ക്ബ്രയന്റെ നേതൃത്വത്തിൽ ഇന്ത്യക്കാരുടെ ഒരു ഊർജ്ജസ്വലമായ സംഘാടകസമിതി ആഘോഷങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നു.

ജൂലായ് ഏഴു മുതൽ എല്ലാ ദിവസവും രാവിലെ ഒൻപതു മണിക്കുള്ള ക്രുബാനയ്ക്കു ശേഷമുള്ള നൊവേനയായിരിക്കും ആഘോഷദിനത്തിന്റെ ഒന്പതുദിവസത്തെ മുന്നോടി.   പതിനാറാം തിയതി വൈകീട്ട് റെവ.  ജെറെമി കാനയുടെ മുഖ്യകാർമ്മികത്വത്തിലുള്ള ദിവ്യബലിയിൽ ന്യൂ യോർക്ക് പ്രദേശത്തെ പല വൈദികർ സഹകാർമ്മികരായിരിക്കും.  തുടർന്ന് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ തെരുവുപ്രദക്ഷിണം തുടർന്ന് തിരുശേഷിപ്പ് ആരാധന, അത്താഴ ഭക്ഷണം എന്നിവയോടെ  ആഘോഷം സമാപിക്കും. ഔവർ ലേഡി ഓഫ് ദി സ്‌നോസിലേക്ക് ഏവർക്കും സ്വാഗതമെന്നു വികാരി ഫാ. കെവിൻ മ്ക്ബ്രയൻ അറിയിച്ചു.

Paul D Panakal