ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്റർ ഒരുങ്ങി; ഫാമിലി & യൂത്ത് കോൺഫറൻസിന് ഒരു പുതിയ തുടക്കം

ഉമ്മൻ കാപ്പിൽ
ന്യൂ യോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 12 മുതൽ 15 വരെ ഡാൽട്ടൻ പെൻസിൽവേനിയയിൽ വച്ച് നടക്കുന്ന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. കോവിഡ് മഹാമാരിമൂലം ഉണ്ടായ മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ഈ വർഷത്തെ കോണ്ഫറൻസിലേക്ക് വളരെ പ്രതീക്ഷയോടും ഉത്സാഹത്തോടെയുമാണ് സംഘാടകരും പങ്കെടുക്കുന്നവരും ഒരുമിച്ചു വരുന്നത്. ഭദ്രാസനത്തിന്റെ സ്വന്തം സംരംഭമായ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിലാണ് ഈ വർഷത്തെ കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത് എന്നത് കോൺഫറൻസിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. 300 ഏക്കറിൽ അധികം വൃസ്ഥിതിയുള്ള പ്രകൃതി രമണീയമായ ക്യാമ്പസ്സിലാണ് റിട്രീറ്റ് സെന്റർ സ്ഥിതി ചെയ്യുന്നത്.
ആത്മീയാനുഭവങ്ങളുടെ നിറവിൽ കുടുംബ കൂട്ടായ്മയ്ക്കായി ഒരുക്കങ്ങൾ പൂർത്തിയായതായി കോൺഫറൻസ് കോർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു.
കോട്ടയം ഓർത്തഡോൿസ് വൈദിക സെമിനാരി മുൻ പ്രൊഫസ്സറും വേദ ശാസ്ത്ര പണ്ഡിതനുമായ യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും.
വെരി. റവ. പൗലോസ് ആദായി കോർ-എപ്പിസ്കോപ്പ, ഫാ. എബി ജോർജ്, ഫാ. ഡോ. ടെന്നി തോമസ്, ഫാ. അനൂപ് തോമസ് , ഫാ. സുജിത് തോമസ്, ഫാ. കെ. കെ. ജോൺ, ഫാ. ബ്ലസ്സൻ വർഗീസ്, ഫാ. സണ്ണി ജോസഫ്, ഫാ. ജെറി വർഗീസ്, ഫാ. വി. എം. ഷിബു, ഡീക്കൻ ഷോജിൽ എബ്രഹാം തുടങ്ങിയവരാണ് ധ്യാനങ്ങളും ക്ലാസ്സുകളും നയിക്കുന്ന മറ്റു പ്രമുഖർ.
ആത്മീയ പോഷണത്തോടൊപ്പം കായിക, വിനോദ പരിപാടികൾക്കും ഊന്നൽ കൊടുക്കുവാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. യോഗ ക്ലാസ്, വോളീബോൾ ടൂർണമെന്റ്, വടം വലി, ക്യാമ്പ് ഫയർ തുടങ്ങിയ വിവിധ പരിപാടികൾ വിശാലമായ ക്യാമ്പസ്സിൽ ക്രമീകരിച്ചിട്ടുണ്ട്.
അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ ആത്മീയവും സജീവവുമായ നേതൃത്വത്തിൽ ഫാ. സണ്ണി ജോസഫ് (കോർഡിനേറ്റർ) ചെറിയാൻ പെരുമാൾ (സെക്രട്ടറി ), മാത്യു ജോഷ്വ ( ട്രഷറർ) തുടങ്ങിയവരുടെ ഏകോപനത്തിൽ സബ് കമ്മിറ്റികളും സുഗമമായി പ്രവർത്തിക്കുന്നു. കുടുംബ ബന്ധങ്ങൾ ശക്തമാക്കാനും വിശ്വാസികൾ തമ്മിൽ ഇടവകകളിലും പുറത്തും ഒരുമനപ്പെട്ട് ഐക്യത്തോടെ ക്രിസ്തീയ സാക്ഷ്യത്തിനായി വർത്തിപ്പാനും ഈ കോൺഫറൻസ് സഹായിക്കട്ടെ എന്ന് പ്രത്യാശിക്കുന്നതായിഫാ. സണ്ണി ജോസഫ് പറഞ്ഞു.