ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനം വിജയിപ്പിക്കുക : ന്യൂയോർക്ക് ചാപ്റ്റർ

ന്യൂയോർക്ക് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം വൻ വിജയമാക്കാൻ ന്യൂയോർക്ക് ചാപ്റ്റർ യോഗം തീരുമാനിച്ചു. 2023 നവംബർ 2,3,4 തീയതികളിൽ മയാമിയിലുള്ള ഹോളിഡേ ഇൻ വെസ്റ്റ് ഹോട്ടലാണ് സമ്മേളനത്തിന് വേദിയാകുന്നത് .

2006 ൽ ന്യൂയോർക്കിൽ രൂപം കൊണ്ട ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാളിതു വരെ നടന്ന സമ്മേളനങ്ങൾ ഏറെ ജനശ്രദ്ധ ആകർഷിച്ചവയാണ് . കേരളത്തിലെയും, അമേരിക്കയിലെയും രാഷ്ട്രീയ-സാമൂഹിക- മാധ്യമ രംഗത്തെ പ്രമുഖർ ഈ സമ്മേളനത്തിൽ പങ്കെടുക്കും.

അമേരിക്കയിലെ കേരളമെന്ന് അറിയപ്പെടുന്ന മയാമിയിൽ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായും , പ്രത്യേക ഇളവുകളോടെയുള്ള റൂമുകൾ ബുക്ക് ചെയ്യാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും നാഷണൽ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് സണ്ണി പൗലോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാഷണൽ പ്രസിഡണ്ട് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് , പ്രസിഡണ്ട് എലെക്ട് സുനിൽ ട്രൈസ്റ്റാർ , അഡ്വൈസറി ബോർഡ് അംഗങ്ങളും മുൻ പ്രസിഡണ്ടുമാരായ ജോർജ് ജോസഫ്, റജി ജോർജ് , താജ് മാത്യു , മധു കൊട്ടാരക്കര ഭാരവാഹികളായ ജോർജ് തുമ്പയിൽ , മൊയ്തീൻ പുത്തൻചിറ , ജേക്കബ് മാനുവൽ , ബിനു തോമസ്, ബിജു കൊട്ടാരക്കര തുടങ്ങിയവർ പങ്കെടുത്തു.ചാപ്റ്ററിന്റെ പുതിയ സെക്രട്ടറിയായി ഷോളി കുമ്പളിവേലിൽ ചുമലയേറ്റെടുത്തു.
അകാലത്തിൽ വിട്ടുപിരിഞ്ഞ ഇന്ത്യ പ്രസ് ക്ലബ് ചാപ്റ്റർ സെക്രട്ടറി ഫ്രാൻസിസ് തടത്തിലിനെ യോഗത്തിൽ അനുസ്മരിച്ചു.
ഷോളി കുമ്പളിവേലിൽ സ്വാഗതവും, വൈസ് പ്രസിഡണ്ട് സജി എബ്രഹാം നന്ദിയും രേഖപ്പെടുത്തി .

വാർത്ത: ഷോളി കുമ്പളിവേലി