പി.ജയചന്ദ്രനെ ഹാരമണിയിച്ച കീരവാണി

ഓസ്കാർ അവാർഡ് നേടിയ സംഗീത സംവിധായകൻ കീരവാണിയും ഗാന രചയിതാവ് വൈരമുത്തുവും കഴിഞ്ഞ ഒരാഴ്ചക്കാലം കൊച്ചിയിലെ ബോൾഗാട്ടി പാലസ് റിസോർട്ടിൽ തമ്പടിച്ചിരുന്നു. തൊണ്ണൂറുകളിൽ ‘ സൂര്യൻ ‘, ‘ ജെൻ്റിൽമാൻ ‘, ‘ കാതലൻ ‘, കാതൽ ദേശം ‘, ‘ രക്ഷകൻ ‘ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകൾ നിർമ്മിച്ച് മെഗാ പ്രൊഡ്യൂസർ എന്ന് ഖ്യാതി നേടിയ മലയാളി നിർമ്മാതാവ് കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ‘ ജെൻ്റിൽമാൻ2 ‘ എന്ന പുതിയ ബ്രഹ്മാണ്ഡ സിനിമയിലെ ഗാനങ്ങൾ കമ്പോസ് ചെയ്യാൻ എത്തിയതായിരുന്നു കീരവാണിയും വൈരമുത്തുവും നിർമ്മാതാവും.
ഓസ്കാർ അവാർഡ് നേടിയ ശേഷം കീരവാണി സംഗീതം നൽകുന്ന ആദ്യ തമിഴ് സിനിമയാണ് ‘ജെൻ്റിൽമാൻ2 ‘.ഈ സിനിമ അനൗൺസ് ചെയ്ത വേളയിൽ ആദ്യം പ്രഖ്യാപിച്ചത് സംഗീത സംവിധായകനെ ആയിരുന്നു. ചിത്രത്തിലെ മൂന്നു ഗാനങ്ങൾ കമ്പോസ് ചെയ്യാൻ വേണ്ടിയാണ് ഇവർ കൊച്ചിയിൽ എത്തിയത്. കേരളത്തിലെത്തുന്ന ഓസ്കാർ അവാർഡ് ജേതാവ് കീരവാണിയെ ആദരിക്കാൻ ജൂലായ് 19- ന് തൻ്റെ വളർച്ചക്ക് നാന്ദി കുറിച്ച കൊച്ചിയിൽ, തൻ്റെ സിനിമ പോലെ തന്നെ ഒരു ബ്രഹ്മാണ്ഡ സ്വീകരണ പരിപാടിക്ക് നിർമ്മാതാവ് കുഞ്ഞുമോൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നൂ. ബോൾഗാട്ടി പാലസിൽ മേയർ അഡ്വ: അനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ പരിപാടി നടത്താനായിരുന്നു പദ്ധതി. അതിനായുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു എന്നാൽ തൻ്റെ ഉറ്റ മിത്രം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ആ പൊതു പരിപാടി ഉപേക്ഷിച്ചു കുഞ്ഞുമോൻ. എങ്കിലും മലയാളികളുടെ വകയായി ഒരു മഹത് വ്യക്തിയെ കൊണ്ട് കീരവാണിക്ക് സ്നേഹാദരം നൽകണം എന്ന് തീരുമാനിച്ചു. അതിനായി കുഞ്ഞു കുഞ്ഞുമോൻ കണ്ടെത്തിയത് തൻ്റെ നാലു പതിറ്റാണ്ടിലേറെ കാലത്തെ മിത്രമായ മലയാളത്തിൻ്റെ ഭാവ ഗായകൻ ജയചന്ദ്രനെ ആയിരുന്നു. ബോൾഗാട്ടിയിൽ വൈരമുത്തുവും കുഞ്ഞുമോനും ചേർന്ന് ജയചന്ദ്രനെ സ്വീകരിച്ചു. ജയചന്ദ്രനെ കണ്ടപ്പോൾ താൻ എഴുതി ഭാവഗായകൻ ആലപിച്ച് സൂപ്പർ ഹിറ്റുകളാക്കിയ ഗാനങ്ങളുടെ പിറവിയെ കുറിച്ച് കവി വാചാലനായപ്പോൾ, ജയചന്ദ്രൻ തനിക്ക് അവസാനമായി മികച്ച ഗായകനുള്ള നാഷണൽ അവാർഡ് നേടി തന്നത് ‘കന്നത്തിൽ മുത്തമിട്ടാൽ’ എന്ന സിനിമയിലെ വൈരമുത്തു എഴുതിയ ‘ ഒരു ദൈവം തന്ത പൂവേ ‘ എന്ന പാട്ടായിയിരുന്നു എന്ന് ഓർമ്മപ്പെടുത്തി. അവർ അനുഭവങ്ങൾ അയവിറക്കുന്നതിനിടെ കീരവാണി അവർക്കിടയിലേക്ക് എത്തി.
ജയചന്ദ്രൻ കീരവാണിക്കു പൊന്നാട അണിയിക്കാൻ മുതിർന്നപ്പോൾ കീരവാണി സ്നേഹപൂർവം തടഞ്ഞ് ” അയ്യോ സാർ നീങ്ക എവ്വളോ പെരിയ ലെജണ്ട്. ഉങ്ക സംഗീതം കേട്ട് താൻ നാങ്ക എല്ലാം വളർന്തോം… നീങ്ക ഗുരു…നാങ്ക താൻ ഉങ്കളെ ആദരിക്കണും എന്ന് പറഞ്ഞു കൊണ്ട് ” കീരവാണി ജയചന്ദ്രനിൽ നിന്നും പൊന്നാട വാങ്ങി കെ.ടി.കുഞ്ഞുമോൻ, വൈരമുത്ത്, ‘ജെൻ്റിൽമാൻ2 ‘ വിൻ്റെ സംവിധായൻ എ.ഗോകുൽ കൃഷ്ണ എന്നിവരുടെ സാന്നിധ്യത്തിൽ എളിമയോടെ ഭാവ ഗായകന് പൊന്നാട അണിയിച്ച് ആദരിച്ചു കൊണ്ട് അനുഗഹം വാങ്ങി. അതിനു ശേഷം ജയചന്ദ്രൻ മറ്റൊരു പൊന്നാട കൊണ്ടു വരാൻ ആവശ്യപ്പെട്ടു. അത് അദ്ദേഹം ഓസ്കാർ നായകൻ കീരാവാണിക്ക് അണിയിച്ച് ആദരിച്ചു. നാല്പതു വർഷത്തെ ഉറ്റ സുഹൃത്തിനെ ആശ്ലേഷിച്ചു കൊണ്ട് കുഞ്ഞുമോൻ ജയചന്ദ്രൻ, കീരവാണി, തമിഴ് സിനിമയിലെ തൻ്റെ ആദ്യ കാലം മുതലുള്ള സുഹൃത്ത് ‘ കവി പേരരശ് ‘ വൈരമുത്തു, ഗോകുൽ കൃഷ്ണ എന്നിവരെ പൊന്നാട അണിയിച്ച് സ്നേഹാദരം നൽകി. ആറു ഗാനങ്ങളുള്ള ‘ജെൻ്റിൽമാൻ2 ‘ നു വേണ്ടി വൈരമുത്തു എഴുതിയ മൂന്ന് ഗാനങ്ങളാണ് ആദ്യഘട്ടമായി കീരവാണി ബോൾഗാട്ടി ദീപിൽ വെച്ച് ഈണം നൽകി ചിട്ടപ്പെടുത്തിയത്. തമിഴ് സിനിമകളിലൂടെ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും കൊണ്ട് തൊണ്ണൂറുകളിൽ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് , ഇന്ത്യൻ സിനിമക്കു തന്നെ മാതൃകയായ കുഞ്ഞുമോൻ തൻ്റെ പുതിയ ചിത്രമായ ‘ജെൻ്റിൽമാൻ2 ‘ ശത കോടികൾ മുടക്കി ബ്രഹ്മാണ്ഡമായി തന്നെ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യൻ സിനിമയിലെ മുൻ നിര സാങ്കേതിക വിദഗ്ദരാണ് ഈ സിനിമയുടെ അണിയറ ശില്പികളായി ഒന്നിക്കുന്നത്. ‘ജെൻ്റിൽമാൻ2 ‘ ൻ്റെ കൂടുതൽ അപ് ഡേറ്റ് അടുത്ത ദിവസങ്ങളിൽ ഉണ്ടാവുമെന്ന് സിനിമ പോലെ തന്നെ പ്രവർത്തിയിലും സസ്പെൻസ് നില നിർത്തുന്ന മെഗാ പ്രൊഡ്യൂസർ ‘ജെൻ്റിൽമാൻ ‘ കെ.ടി.കുഞ്ഞുമോൻ പറഞ്ഞു.