പുതുപ്പള്ളി:നിലനിർത്താൻ ചാണ്ടി ഉമ്മൻ, പിടിച്ചെടുക്കാൻ ജെയ്ക്കോ ?

ഒടുവിൽ അക്കാര്യത്തിലും ഇപ്പോൾ വ്യക്തത വന്നിരിക്കുകയാണ്. പുതുപ്പള്ളി മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മൻ തന്നെ മത്സരിക്കും. സഹോദരിയായ അച്ചു ഉമ്മൻ മത്സരിക്കാനില്ലന്ന് വ്യക്തമാക്കിയതോടെയാണ് ചാണ്ടി ഉമ്മന് സാധ്യത വർദ്ധിച്ചിരിക്കുന്നത്. കോൺഗ്രസ്സിന്റെ ഔദ്യോഗിക പ്രഖ്യാപനം പിന്നാലെയുണ്ടാകും. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനൊപ്പമാകും പുതുപ്പള്ളിയിലും ഉപതിരഞ്ഞെടുപ്പ് നടക്കുക. അതേസമയം ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ ഒരു സൂചന നൽകാൻ പോലും സി.പി.എം നേതാക്കൾ തയ്യാറായിട്ടില്ല. സി.പി.എം കോട്ടയം ജില്ലാ കമ്മറ്റി നൽകുന്ന പേരുകളിൽ വിജയ സാധ്യത കൂടി കണക്കിലെടുത്ത് സി.പി.എം സംസ്ഥാന കമ്മറ്റിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

ഉമ്മൻചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നാണ് സി.പി.എം നേതൃത്വം കരുതുന്നത്. സഹതാപ തരംഗം ആഞ്ഞടിച്ചാൽ മാത്രമാണ് ചാണ്ടി ഉമ്മന് സാധ്യതയെന്നാണ് അവരുടെ കണക്കു കൂട്ടൽ. അച്ചു ഉമ്മൻ മത്സര രംഗത്തില്ലാത്തത് ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുമെന്ന കണക്കു കൂട്ടലും സി.പി.എം നേതൃത്വത്തിനുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി എന്ന കുത്തക മണ്ഡലത്തിൽ കഷ്ടിച്ചാണ് സാക്ഷാൽ ഉമ്മൻ ചാണ്ടി പോലും വിജയിച്ചിരുന്നത്. 8,504 വോട്ടുകൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം. ഈ സംഖ്യ മറികടക്കാൻ ഉപതിരഞ്ഞെടുപ്പിലൂടെ കഴിയുമെന്നാണ് സി.പി.എം കണക്കുകൂടുന്നത്.

 

ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ കുറച്ച് വിജയ സമാനമായ പരാജയം നേടിയ ജെയ്ക് സി തോമസിനെ തന്നെ ഇത്തവണ രംഗത്തിറക്കണമെന്ന ആവശ്യം പുതുപ്പള്ളിയിലെ പാർട്ടി പ്രവർത്തകരും മുന്നോട്ടു വയ്ക്കുന്നുണ്ട്. ഡി.വെ.എഫ്.ഐ നേതാവായ ജെയ്ക്ക് ഇത്തവണ ഇറങ്ങിയാൽ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാനത്തെ സംഘടനാ സംവിധാനവും പുതുപ്പള്ളിയിൽ കേന്ദ്രീകരിക്കപ്പെടും. സംസ്ഥാന ഭരണം കൂടി ഇടതുപക്ഷത്തിനുള്ളതിനാൽ മന്ത്രിമാരെ ഉൾപ്പെടെ താഴെ തട്ടുമുതൽ നിയോഗിക്കാനും സാധിക്കും. ചുരുക്കി പറഞ്ഞാൽ സി.പി.എമ്മിന്റെ കേഡർ സംവിധാനം കോൺഗ്രസ്സിന് വലിയ വെല്ലുവിളി ഉയർത്തുമെന്നത് വ്യക്തം.

1970 മുതൽ 2021 വരെ തുടർച്ചയായി 12 തവണ ഉമ്മൻ ചാണ്ടി വിജയിച്ച മണ്ഡലം ഏതു വിധേയനേയും നിലനിർത്തേണ്ടത് ചാണ്ടി ഉമ്മനെ സംബന്ധിച്ചും അഭിമാന പ്രശ്നമാണ്. പുതുപ്പള്ളി എങ്ങാനും കൈവിട്ടാൽ അത് കോൺഗ്രസ്സിനു മാത്രമല്ല ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ജീവിതത്തിനും തിരിച്ചടിയാകും. എല്ലാ കാലത്തും യു.ഡി.എഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളിയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ മുന്നേറി ഉമ്മൻചാണ്ടിയെ ഞെട്ടിച്ച ചരിത്രവും ഇടതുപക്ഷത്തിനുണ്ട്. 1970 മുതല്‍ ഉമ്മന്‍ചാണ്ടി സ്ഥിരമായി ജയിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. മണ്ഡലം രൂപീകൃതമായതിന് ശേഷം 1967ല്‍ മാത്രമാണ് സി.പി.എമ്മിന് പുതുപ്പള്ളിയില്‍ ജയിക്കാനായിരുന്നത്. ഇ.എം ജോര്‍ജ് ആയിരുന്നു അന്ന് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി.

2016-ൽ മാത്രമല്ല 2021ലും ഇടതുപക്ഷം പുതുപ്പള്ളിയില്‍ പോരാടാനുള്ള ദൌത്യം ഏല്‍പ്പിച്ചിരുന്നത് ജെയ്ക്.സി.തോമസിനെയാണ്. അന്ന് എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് ജെയ്ക്.സി തോമസ് ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ സി.പി.എം ടിക്കറ്റില്‍ മത്സരിച്ച ജെയ്ക്കിന് ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം നല്ലരൂപത്തിൽ വർദ്ധിപ്പിക്കാൻ സാധിച്ചിരുന്നു. എങ്കിലും സിറ്റിങ് എം.എല്‍.എയും അന്നത്തെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ അട്ടിമറിക്കാനുള്ള കരുത്തൊന്നും ആ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഇല്ലായിരുന്നു.

 

എന്നാൽ അതിനു ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥിതിഗതികള്‍ മാറിമറിയുകയാണ് ഉണ്ടായത്. 25 വര്‍ഷത്തിന് ശേഷം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആകെയുള്ള എട്ടു പഞ്ചായത്തുകളിൽ ആറ് പഞ്ചായത്തുകളിലും ഇടതുപക്ഷമാണ് ഭൂരിപക്ഷം നേടിയിരുന്നത്. ഈ മാറിയ സാഹചര്യം 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചപ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞിരുന്നത്. യു.ഡി.എഫ് സംസ്ഥാന നേതാക്കളെ പോലും ഞെട്ടിച്ച സംഭവമായിരുന്നു അത്.

2021 – ൽ നിന്നും 2023 – ലേക്ക് എത്തുമ്പോൾ മണ്ഡലത്തിലെ രാഷ്ട്രീയ – സാമുദായിക സമവാക്യങ്ങളിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലങ്കിലും ഉമ്മൻ ചാണ്ടിയുടെ വിയോഗം കോൺഗ്രസ്സിനുണ്ടാക്കുന്ന വിടവ് വളരെ വലുതാണ്. ഉമ്മൻ ചാണ്ടിക്കായി മാത്രം വ്യക്തിപരമായി ലഭിച്ച വോട്ടുകളാണ് കഴിഞ്ഞ തവണ അദ്ദേഹത്തെ രക്ഷപ്പെടുത്തിയിരുന്നത്. ഉമ്മൻ ചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പിൽ ആ പിന്തുണ ചാണ്ടി ഉമ്മനു ലഭിക്കുമോ എന്നത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്.

 

ഈ വർഷം അവസാനം കൃത്യമായി പറഞ്ഞാൽ 2023 നവംബറിലാണ് ഉപതിരഞ്ഞെടുപ്പിന് സാധ്യത ഉള്ളത്. അതിനു ഇനിയും നാല് മാസത്തോളം കാലയളവുള്ളതിനാൽ ഇത്തവണ ഒരു കൈ നോക്കാം എന്നതാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്. സ്ഥാനാർത്ഥി ആരായാലും സർവ്വശക്തിയും സമാഹരിച്ച് മണ്ഡലം പിടിച്ചെടുക്കാനാണ് സി.പി.എം പദ്ധതി. പുതുപ്പള്ളിയിലെ പാർട്ടി ഘടകങ്ങളോട് തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കാൻ ഇതിനകം തന്നെ സി.പി.എം. ജില്ലാ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഓർത്തഡോക്സ്, യാക്കോബായ- സഭകളുടെയും ഈഴവ – നായർ വിഭാഗങ്ങളുടെയും ശക്തി കേന്ദ്രമായ പുതുപ്പള്ളിയിൽ യാക്കോബായ വിഭാഗം ഇടതുപക്ഷത്തിനു നൽകുന്ന പിന്തുണയാണ് കോൺഗ്രസ്സ് നേരിടുന്ന പ്രധാന വെല്ലുവിളി.

 

പുതുപ്പള്ളി, മണർകാട്, പാമ്പാടി, അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മീനടം, വാകത്താനം പഞ്ചായത്തുകൾ ഉൾപ്പെട്ട മണ്ഡലമാണ് പുതുപ്പള്ളി. ഇതിൽ അകലക്കുന്നം, അയർക്കുന്നം പഞ്ചായത്തുകളിൽ കേരള കോൺഗ്രസ്സിനും സ്വാധീനമുണ്ട്. രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ ശക്തമായ ത്രികോണ മത്സരം ഉറപ്പു വരുത്താൻ ബി.ജെ.പിയും പ്രധാന സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കിയേക്കും.

ആരൊക്കെ മത്സരിച്ചാലും പുതുപ്പള്ളി അതിന്റെ ചരിത്രം ആവർത്തിക്കുമെന്നാണ് കോട്ടയത്തെ കോൺഗ്രസ്സ് നേതൃത്വം അവകാശപ്പെട്ടിരിക്കുന്നത്. എന്നാൽ 2016-ൽ 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഉമ്മൻ ചാണ്ടിയെ 2021-ലെ തിരഞ്ഞെടുപ്പിൽ കേവലം 8504 – വോട്ടിന്റെ ഭൂരിപക്ഷത്തിൽ ‘തളയ്ക്കാൻ’ കഴിഞ്ഞെങ്കിൽ ഇത്തവണ പുതുപ്പള്ളിയിൽ ചെങ്കൊടി പാറിക്കാനും ഇടതുപക്ഷത്തിനു കഴിയുമെന്നാണ് സി.പി.എം. – ഡി.വൈ.എഫ്.ഐ നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.