മര്‍ക്കടമുഷ്ടി ജാതിയും രാഷ്ടീയം ഒരു ജനതയ്ക്കും ഗുണമാവില്ല

നാം കേരളീയര്‍ അഹംഭാവികളാണ്. കുശുമ്പരാണ്. നമ്മളൊരിക്കലും കഴിവുള്ളവരേയും നന്മയുള്ളവരെയും അംഗീകരിക്കില്ല. ഒന്നുകില്‍ രാഷ്ടീയം നോക്കും. അല്ലെങ്കില്‍ രാഷ്ടീയം നോക്കും. അതുമല്ലെങ്കില്‍ ചാര്‍ച്ച നോക്കും. അതിപ്പെടുന്നവരാണെങ്കില്‍ ഗുജാറാളിനും പ്രധാനമന്ത്രിയാകാം.
അബ്ദുകലാംസാര്‍ ഇന്‍ഡ്യകണ്ട മഹാനായ മനുഷ്യസ്‌നേഹിയും പ്രതിഭയും ഉത്തേജനവുമായിരുന്നു. അദ്ദേഹത്തിന് രണ്ടാമതൊരു അവസരംകൂടി നല്‍കാന്‍ നമ്മുടെ സങ്കുചിതരാഷ്ടീയം അനുവദിച്ചില്ല.
എന്നാല്‍ ഇത്രയുംകാലം തന്നേത്താനാക്കിയ പാര്‍ട്ടിയേയും അതുമുഖാന്തിരം ലഭിക്കുന്ന എംപിപെന്‍ഷനും വാങ്ങി തിന്നുന്നവര്‍, താന്‍ നില്‍ക്കുന്ന പാര്‍ട്ടിയ്ക്ക് തരക്കേടുവന്നെന്നുകണ്ട് ഇപ്പോള്‍ കേന്ദ്രസമരത്തിന് ആളെക്കൂട്ടുന്ന കട്ടസഖാവായി അവതരിച്ചത് കാണുന്നുണ്ടോ. നാളെ സഖാക്കളുടെ ചെങ്കൊടിക്കു മടക്കുവീണാല്‍ കരങ്ങള്‍ക്ക് ശക്തികൂട്ടാനും സമുദായംപറഞ്ഞ് കൈപ്പത്തി വോട്ടുവാങ്ങാനും ഓന്തുകള്‍ക്കു മടിയുണ്ടാവില്ല. കള്ളന്മാരെയും ചതിയന്മാരെയും എന്നും അംഗീകരിച്ച് കൂടെക്കൂട്ടി ഞങ്ങളെ തോല്‍പ്പിക്കാന്‍ ആരുണ്ടെന്നു ചോദിച്ചിറങ്ങുന്നവര്‍ക്കൊപ്പം കൂടാന്‍ നമുക്കുമടിയില്ല.
കലാംസാര്‍ ആണായിരുന്നു. മനുഷ്യനായിരുന്നു. അദ്ദേഹത്തിനൊപ്പം കൂടാന്‍ ആളുണ്ടായത് അദ്ദേഹത്തിന്റെ മരണശേഷമാണ്. ലോകഗതി അതാണ്. ക്രിസ്തുവിനൊപ്പം കൂടിയതും അങ്ങനെയായിരുന്നല്ലോ.
തൃശൂരില്‍ സുരേഷ്‌ഗോപി മത്സരിക്കുമെന്ന് ആരെക്കോയോ പറയുന്നു. പക്ഷേ അദ്ദേഹത്തിന് ഒരു രാഷ്ടീയമുണ്ട്. കലാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതും ഒരു രാഷ്ടീയമായിരുന്നല്ലോ. അതുപോലെ ഒരു രാഷ്ടീയം അദ്ദേഹത്തിനുണ്ട്. അതുപോലെ ഒരു മതവും വിശ്വാസവും സുരേഷ്‌ഗോപിക്കുമുണ്ട്. പക്ഷേ സുരേഷ്‌ഗോപിയില്‍ ഒരു നല്ലമനസ്സും മനുഷ്യനുമുണ്ടെന്നു പറഞ്ഞു പിന്താങ്ങാന്‍ മടിക്കുന്ന ജാതിയും രാഷ്ടീയവും ഉണ്ട്. സുരേഷ്‌ഗോപി മകളുടെ കല്യാണം അമ്പലത്തില്‍വച്ചു നടത്തിയാല്‍ വര്‍ഗ്ഗീയമായി. മാതാവിന് കിരീടം സമര്‍പ്പിച്ചാല്‍ രാഷ്ടീയമായി. വാര്‍ത്തയ്ക്കായി ചുറ്റുംകൂടുന്ന ഗീരാര്‍ത്ഥികളില്‍ നിര്‍ദ്ദോഷം സ്പര്‍ശിച്ചാല്‍ വാര്‍ത്തയായി; കേസ്സായി; അദ്ദേഹം ആഭാസനുമായി. അറസ്റ്റായി. കാരണം മുമ്പുപറഞ്ഞതു തന്നെ. ഗാന്ധിജി സൂട്ടുംകോട്ടമിടാതെ ഇന്ത്യക്കാര്‍ക്കു നാണക്കേടുണ്ടാക്കി എന്നുപരിഹസിക്കുന്നവരുടെ കൂട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.
സുരേഷ്‌ഗോപിയില്‍ സഹജരോട് അനുകമ്പയുണ്ട്. ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍മാത്രമല്ല, കരയുമ്പോള്‍ കൂടെക്കരയാനും അദ്ദേഹത്തിനാകുന്നുണ്ട്. ഒരു പൊതുജനസേവകന് ഉണ്ടാകരുതാത്ത ദുസ്വഭാവം ആണ് ഇതെന്ന് നമുക്കു ഇന്ന് തോന്നും. കാരണം നാം അത്തരം പൊതുപ്രവര്‍കരുടെയും കടക്ക് പുറത്തെന്ന് ആട്ടിപ്പായിക്കുന്നവരുടെയും ധാര്‍ഷ്യത്തിനു സ്തുതിപാടുന്നവരാണ്. ഏതുസേവനത്തിനും സേവനം കാരുണ്യത്തിനും ടിപ്പ് നല്‍കുന്നവരാണ്.
തൃശൂരില്‍ സുരേഷ്‌ഗോപി ജയിക്കുമോ… ജയിക്കില്ലെന്ന് സഖാന്മാരെ നിര്‍മ്മിക്കുന്ന കമ്പനിയായ ഒരു നാഷണല്‍ രാഷ്ടീയ പാര്‍ട്ടി പറയുന്നു. സഖാക്കന്മാരെ തദ്ദേശീയമായി നിര്‍മ്മിക്കുന്ന (ഒരിക്കല്‍) ഇന്റര്‍നാഷണല്‍ പാര്‍ട്ടിക്കാരും പറയുന്നു. സഖാക്കന്മാര് ജയിപ്പിക്കുമെന്ന് സഖാന്മാരെ നിര്‍മ്മിക്കുന്ന കമ്പനി പറയുമ്പോള്‍, സഖാക്കന്മാരെ തദ്ദേശീയമായി നിര്‍മ്മിക്കുന്ന (ഒരിക്കല്‍) ഇന്റര്‍നാഷണല്‍ പാര്‍ട്ടിക്കാര്‍ സഖാന്മാരെ നിര്‍മ്മിക്കുന്ന കമ്പനി ജയിപ്പിക്കാന്‍ ധാരണയിലാണെന്ന് പറയുന്നു. എന്തായാലും സുരേഷഗോപിയെപ്പോലെ ഓരാള്‍ ജയിക്കുന്നതില്‍ രാഷ്ടീയവും മതവും വേണോ എന്ന് നാം ആലോചിക്കേണ്ടതാണ്. മര്‍ക്കടമുഷ്ടി ജാതിയും രാഷ്ടീയം ഒരു ജനതയ്ക്കും ഗുണമാവില്ല.