10 ലക്ഷം സഹായധനം,അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി,മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്നും ജില്ലാ കളക്ടർ

മാനന്തവാടി : മാനന്തവാടി പടമലയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം നൽകും. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നൽകും. മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്നും ചർച്ചയിൽ സർക്കാരിനായി ജില്ലാ കളക്ടർ ഉറപ്പ് നൽകി. ഇതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റും. പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിടും. ഇന്ന് മയക്കുവെടിവെക്കാൻ സാധ്യത കുറവെന്നാണ് വിലയിരുത്തൽ. അജീഷിനെ കൊന്ന ആനയെ മയക്കുവെടി വെക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിലുളളത്. ആനയെ മയക്കുവെടിവെക്കാൻ വനംവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുത്തങ്ങയിൽ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.

രാവിലെ വീടിന്റെ മതിൽ തകർത്ത് എത്തിയ കാട്ടാന , ഭയന്നോടിയ അജീഷിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. കർണാടക വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം നടത്തിയത്. മാനന്തവാടി നഗരസഭയിലെ 4 താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആനയുടെ സാന്നിധ്യം രണ്ട് ദിവസം മുൻപ് തന്നെ വനംവകുപ്പ് വിശദീകരിച്ചിരുന്നുവെങ്കിലും നടപടികളെടുത്തിരുന്നില്ല. വനം വകുപ്പിന് കൃത്യമായി അറിവുണ്ടായിട്ടും ആനയെ ട്രാക്ക് ചെയ്യാനായി ഒന്നും ചെയ്തില്ലെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് പുലർച്ചെ നാലര മണിയോടെയാണ് താന്നിക്കൽ മേഖലയിൽ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയെ കണ്ടത്. 6:30 ഓടെ കുറുക്കന്മൂല ഭാഗത്തും 7 മണിയോടെയാണ് പടമലയിലുമെത്തി. ഇതിനിടെ അജീഷ് ആനയുടെ മുന്നിൽ പെട്ടത്. എന്നാൽ ആന ജനവാസമേഖലയിൽ കയറിയതിന് ഒരു മുന്നറിയിപ്പോ അനൗസ്മെന്റോ വനം വകുപ്പ് നൽകിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

എന്നാൽ റേഡിയോ കോളർ സിഗ്നൽ കർണ്ണാടകം തന്നില്ലെന്നാണ് കേരളത്തിന്റെ പരാതി.റേഡിയോ കോളർ സിഗ്നൽ കിട്ടാൻ ആന്‍റിനയുടെയും റിസീവറിന്‍റെയും ആവശ്യമില്ലെന്ന് കർണാടക വനംവകുപ്പ് വ്യക്തമാക്കുന്നു. വനംമന്ത്രാലയത്തിന്‍റെ കേന്ദ്രീകൃതമോണിറ്ററിംഗ് സംവിധാനത്തിൽ യൂസർ നെയിമും പാസ്‍വേഡും നൽകിയാൽ ട്രാക്കിംഗ് വിവരം ലഭിക്കുമെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡേയുടെ മറുപടി തർക്കങ്ങൾ തുടരുമ്പോഴും ഒരു ജീവൻ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തം ആർക്കെന്ന ചോദ്യം മാത്രം ബാക്കി നിൽക്കുന്നു .