KSINC ബോട്ടിൽ പാലായ്ക്കരി മത്സ്യഫെഡിലേക്കൊരു ഉല്ലാസയാത്ര (ഉഷ സുധാകരൻ )

ഉഷ സുധാകരൻ
രണ്ട് മാസങ്ങൾക്ക് മുമ്പാണ് KSINC യുടെ യാത്രയെക്കുറിച്ച് അറിഞ്ഞത്. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളെ കോർത്തിണക്കി നടത്തുന്ന
യാത്രയുടെ വിശദവിവരങ്ങൾ കണ്ടപ്പഴേ ഇഷ്ടം തോന്നി. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ബോട്ടിലെ യാത്ര അമ്മക്ക് ബുദ്ധിമുട്ടാവുമെന്നുള്ളതുകൊണ്ട് ഞാനും സുധാകരനും കൂടി ഒരുമിച്ച് പോവേണ്ടന്ന് തീരുമാനിച്ചു. യാത്രയ്ക്കായി അപ്പാർട്ട്മെന്റിലുള്ള കുറച്ചു പേരുടെ കൂടെ ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്തു.
ഇന്നലെ 17/2/24 ന് രാവിലെ എട്ടേകാലോടെ ഞങ്ങൾ രണ്ട് ഊബർ ടാക്സിയിൽ അപ്പാർട്ട്മെന്റിൽ നിന്നും പുറപ്പെട്ടു. ഒമ്പത് മണിക്ക് എറണാകുളം KSINCയുടെ ഓഫീസിലെത്തി.
ബോട്ട് പുറപ്പെടാൻ ഇനിയും സമയമുണ്ടെന്നറിഞ്ഞപ്പോൾ കൊച്ചിക്കായലിന്റെ ഭംഗി ആസ്വദിക്കാമെന്ന് കൂട്ടത്തിലാരോ പറഞ്ഞതനുസരിച്ച് അവിടമൊക്കെ ചുറ്റിനടന്നു . അതിനിടെ കുടുംബ സുഹൃത്തുക്കളായ അജിത്തും ജയയും ഈ യാത്രയ്ക്കായി അവിടെ എത്തി. എന്റെ കൂടെയുള്ളവരോട് കഴിഞ്ഞ മുപ്പത് വർഷത്തോളമുള്ള സൗഹൃദമാണ് ഞങ്ങളുടെന്ന് പറഞ്ഞ് പരിചയപ്പെടുത്തി.
ടിക്കറ്റ് കൗണ്ടറിൽ നിന്നും ബോഡിംങ്ങ് പാസ് വാങ്ങി പത്ത് മണിയോടെ ബോട്ടിൽ കയറിയിരുന്നു. നൂറ് സീറ്റുള്ള ബോട്ടിൽ ഇരുപത് എസി സീറ്റും, എൺപത് നോൺ എസി സീറ്റുമാണുള്ളത്. ബോട്ടിൽ എല്ലാ സീറ്റിലും ആളുകളെ കണ്ട് ഇത്തിരി അതിശയം തോന്നാതിരുന്നില്ല എനിക്ക്.
എല്ലാവരുമെത്തി എന്നുറപ്പായപ്പോൾ യാത്ര പുറപ്പെടുന്നു എന്ന് മൈക്കിലൂടെ അനൗൺസ്മെന്റ് വന്നു.
കൊച്ചി കായലിൽ നിന്നും ബോട്ട് നീങ്ങിതുടങ്ങിയതും അവതാരകൻ
അഗസ്റ്റിൻ മൂലമ്പള്ളി Augustine Moolampilly ഇന്നത്തെ യാത്രയിൽ ഇടുക്കിയിൽ നിന്നും, തൃശ്ശൂർ പറപ്പൂക്കര പഞ്ചായത്തിലെ പെൻഷനേഴ്സ് സംഘടനയിൽ നിന്നും, വടക്കൻ പറവൂരിൽ നിന്നും, കാക്കനാട് നിന്നുമുള്ള ആളുകളാണുള്ളതെന്നും, ഇന്നത്തെ പ്രോഗ്രാമിന്റെ ഒരു ചെറു വിവരണം തരാമെന്ന് പറഞ്ഞ്
മൈക്കിലൂടെ വിശദീകരിക്കാൻ തുടങ്ങി.
എറണാകുളത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും വെല്ലിങ്ങ്ടൺ ഐലന്റിനെക്കുറിച്ചും, ബോള്‍ഗാട്ടിയെ ക്കുറിച്ചുമെല്ലാം ചെറുവിവരണം നല്കി . ഇനി നമുക്ക് വേണ്ടി ഗാനം ആലപിക്കാൻ ഗായകരായ
ശ്രീ.നഥുൽരാജ്, ശ്രീ ഷിബുഖാലീദ് എന്നിവർ ഇവിടുണ്ടെന്നും പറഞ്ഞ് അഗസ്റ്റിൻ സർ മൈക്ക് കൈമാറി.
ശ്രീ ഷിബുഖാലീദ് പാട്ട് പാടിതുടങ്ങിയപ്പഴേ യാത്രക്കാരിൽ ചിലർ നൃത്തം ചെയ്ത് തുടങ്ങിയിരുന്നു.
സ്റ്റാഫ് ചായയും സ്നാക്സും വിതരണം ചെയ്തു ഇതിനിടയിൽ .
ഞാനും അഞ്ജനിയും, ഗിരിജാന്റിയും കൂടി സീറ്റിൽ നിന്നുമെഴുന്നേറ്റ് കായലിന്റെ ഭംഗി നേരിട്ടാസ്വദിക്കാൻ ബോട്ടിന്റെ പുറകിലേക്ക് പോയി. ബോട്ട് നീങ്ങുന്നതിനനുസരിച്ച് മീനുകളെ തിന്നാൻ വേണ്ടി അടുത്തേക്ക് അടുത്തേക്ക് വരുന്ന വെള്ള നിറത്തിലുള്ള പക്ഷികൾ പറക്കുന്നത് കാണാൻ നല്ല ഭംഗി തോന്നി. ഞങ്ങൾ കായലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കേ ഫരീദയും ഭർത്താവും അവിടേക്ക് വന്നു. പക്ഷികളെ നോക്കി നില്ക്കുമ്പോൾ സ്റ്റാഫ് പൗലോസ് പറയുന്നുണ്ടായിരുന്നു ഈ പക്ഷികളുടെ കാഴ്ചശക്തി അപാരമാണെന്ന്. പൗലോസ് തന്നെയാണ് ഞങ്ങളുടെ ഫോട്ടോയെടുത്തു തന്നതും. വാഷ്റൂമിൽ പോയി ഫ്രഷായതിന് ശേഷം ഞങ്ങൾ വീണ്ടും ബോട്ടിനകത്തേക്ക് പോയി.
സീറ്റിലിരിക്കുമ്പോൾ യാത്രക്കാരിലൊരാൾ പാട്ടുപാടുന്നതിനനുസരിച്ച് തൂശ്ശൂരിൽ നിന്നുമെത്തിയ സംഘം നൃത്തം ചെയ്യുന്നുണ്ടായിരുന്നു. പെൻഷൻ പറ്റിയവരാണല്ലോ ഈ നൃത്തം ചെയ്യുന്നതെന്നോർത്തപ്പോൾ’ Age is just a number ‘ എന്ന് ശരിക്കും തോന്നിയെനിക്ക്. ഒരു ചുവട് നൃത്തം വക്കാൻ മനസ്സിൽ തോന്നാതിരുന്നില്ല.
ഫെബ്രുവരിയിലെ പിറന്നാളുകാർ ആരെല്ലാമാണെന്ന് അഗസ്റ്റിൻ സാർ മൈക്കിലൂടെ അനൗൺസ് ചെയ്തപ്പോൾ കുറച്ച് പേർ സീറ്റിൽ നിന്നും എഴുന്നേറ്റ് മുന്നോട്ട് വന്നു. ഞങ്ങളുടെ അപ്പാർട്ട്മെന്റിലെ ഗിരിജാന്റിയുടെ പിറന്നാൾ ഫെബ്രുവരിയിലാണ് . അവരെയെല്ലാം ചേർത്ത് നിർത്തി ആശംസഗാനം പാടി. ജീവിതത്തിൽ ആദ്യമായിട്ടാണ് കായലിൽ ബോട്ടിലൊരു പിറന്നാളാഘോഷമെന്നാരോ പറയുന്നുണ്ടായിരുന്നു.
പാട്ടും നൃത്തവും ബോട്ട് കടന്ന് പോകുന്ന സ്ഥലങ്ങളുടെ അഗസ്റ്റിൻ സാറിന്റെ മനോഹരമായ വിശദീകരണവുമായി ഏകദേശം 12.30 മണിയോടെ കോട്ടയം ചെമ്പിലെ പാലായ്ക്കരി മത്സ്യ ഫെഡിലെ ഫിഷ് ഫാമിലെത്തി. മൂന്ന് മണിക്കേ ബോട്ടിവിടെ നിന്നും തിരിച്ചു പുറപ്പെടുകയുള്ളു, ഞങ്ങൾ തയ്യാറാക്കിയ ഉച്ചഭക്ഷണം കഴിച്ച് അത് വരെ യാത്രക്കാർക്ക് പെഡൽ ബോട്ടുകൾ, തുഴവഞ്ചികൾ, കുട്ടവഞ്ചികൾ, കയാക്കിങ്ങ്, മോട്ടോർബോട്ട്, ചൂണ്ടയിടൽ, കുട്ടികൾക്കുള്ള പ്ലേ ഏരിയ എന്നിവയിലെല്ലാം സമയം
ചിലവഴിക്കാമെന്നൊക്കെ ബോട്ടിൽ നിന്നും ഇറങ്ങുന്നതിന് മുന്നേ അനൗൺസ് ചെയ്തിരുന്നു.
ബോട്ടിൽ നിന്നിറങ്ങി ജീവനക്കാരൻ തന്ന ടാഗ് വാങ്ങി കഴുത്തിലിട്ടു.
ചുറ്റും കണ്ണെത്താദൂരം പരന്നുകിടക്കുന്ന കായലിന്റെ ദൃശ്യം മനോഹരമാണ്. ഞങ്ങളാദ്യം ഭക്ഷണം കഴിക്കാനുള്ള സ്ഥലത്തേക്ക് പോയി. ഫിഷ് ഫാമിൽ നിന്നും പിടിച്ച മീൻകറിയും വെജിറ്റേറിയൻക്കാർക്ക് സാമ്പാറും മോരുകറിയും ആണ് ഉച്ചയൂണിന്റെ വിഭവങ്ങൾ. ഊണ് കഴിച്ചയുടനെ ഐസ്ക്രീമും കഴിച്ച് ഫോട്ടോസെഷനിലേക്കും, ബോട്ടിങ്ങിനും, ചൂണ്ടയിടാനുമായി പലരും പല വഴിയിലേക്കും തിരിഞ്ഞു.
ഞാനും ഉഷാന്റിയും കുട്ടവഞ്ചിയിൽ കയറാമെന്ന് തീരുമാനിച്ചു. ആദ്യമായിട്ട് കയറുന്നതു കൊണ്ട് ലൈഫ് ജാക്കറ്റ് ഇടുമ്പോളിത്തിരി പേടി തോന്നാതിരുന്നില്ല. അഗസ്റ്റിൻ സാറാണാദ്യം കുട്ടവഞ്ചിയിൽ കയറിയത്. ഞാൻ കാലെടുത്തുവച്ചതും വീഴാൻ പോയി.പേടിയോടെ ഇരിക്കുമ്പോഴതാ ഒരാൾ കാല് തെറ്റി കുട്ടവഞ്ചിയിലേക്കൊരു വീഴ്ച.അഗസ്റ്റിൻ സാറിന്റെയും ബോട്ട് ജീവനക്കാരന്റെയും സംയമനത്തോടെയുള്ള ആശ്വാസ വാക്കുകൾ മനസ്സിനൊരു ധൈര്യം തന്നു. ആറ് പേർക്കിരിക്കാൻ പറ്റുന്ന കുട്ടവഞ്ചിയിൽ, ആറ് പേരും അവരവരുടെ സ്ഥലത്തിരുന്നപ്പോൾ കുട്ടവഞ്ചി രണ്ട് പേർ തുഴഞ്ഞ് മുന്നോട്ടു നീങ്ങിതുടങ്ങി. നല്ല ആയാസമുള്ള ജോലിയാണതെന്ന് ഞാനും തുഴയാൻ കൂടിയപ്പോഴാണ് മനസ്സിലായത്. ദൂരേക്കധികം പോവാതെ ഞങ്ങൾ വേഗം തന്നെ കരയിലേക്ക് തിരിച്ചു. കരയിലേക്ക് കയറുമ്പോൾ മനസ്സിലോർത്തു പേടിച്ച് മാറി നിന്നെങ്കിൽ എത്ര വിഡ്ഢിത്തരം
ആയേനേയെന്ന്.
ആരൊക്കെയോ ചൂണ്ടയിടുന്നതു കണ്ടപ്പോൾ എന്നാലതൊന്നു ശ്രമിക്കാമെന്നോർത്തു. ചൂണ്ട എടുത്തു മീൻ പിടിക്കാൻ നോക്കി. മീനൊന്നും കിട്ടാഞ്ഞപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു. കൂടെ യാത്രക്കാരായി ഉണ്ടായിരുന്ന തൃശ്ശൂരിലെ സുഹൃത്തുക്കൾക്ക് ഫോട്ടോ എടുത്തുകൊടുത്തും അവരുമായി വർത്തമാനം പറഞ്ഞും ചിരിച്ചും കുറച്ച് സമയം കായൽ തീരത്തിരുന്നപ്പോൾ മനസ്സ് നിറയെ സന്തോഷം തോന്നി.
ആലീസാന്റിയുടെ മൊബൈൽ കാമറക്കു മുന്നിൽ ഞങ്ങളോരോരുത്തരും ഫോട്ടോക്ക് പോസ്സ് ചെയ്തും കളിയാക്കി ചിരിച്ചും സമയം ചിലവിട്ട് മൂന്ന് മണിക്ക് ബോട്ടിൽ കയറി. വീണ്ടും പാട്ടും നൃത്തവും ചായയും സ്നാക്സുമൊക്കെ കഴിച്ച് അഞ്ച് മണിയോടെ എറണാകുളത്ത് തിരിച്ചെത്തി. നല്ലൊരു ദിവസം തന്നതിന് ജീവനക്കാരോട് നന്ദി പറഞ്ഞ് ബോട്ടിൽ നിന്നിറങ്ങി. ക്ഷീണമൊട്ടും തോന്നുന്നില്ല ഇടയ്ക്കിനിയും ഇങ്ങനെ നമുക്ക് യാത്ര പോകണമെന്ന് രോഹിണിയാന്റിയും ശോശാമ്മയാന്റിയും പറയുന്നുണ്ടായിരുന്നു. തൃശ്ശൂരിലുള്ള സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് തിരിച്ച് ഊബറിൽ കയറുമ്പോൾ കുറേ നാളത്തെ പരിചയമുള്ളത് പോലെ തോന്നിയെനിക്ക് . “ജീവിതമിനി എത്ര കാലമാണെന്നറിയില്ലല്ലോ, ആയ കാലത്ത് ജോലിയും കുട്ടികളെ വളർത്തിയും ജീവിതം പോയതറിഞ്ഞില്ല, ഇനിയുള്ള ജീവിതം നമുക്കിങ്ങനെയൊക്കെ കാണാത്ത സ്ഥലങ്ങളെല്ലാം കാണാം ” എന്ന് യാത്രക്കാരിലാരോ പറഞ്ഞതിവിടെ കുറിക്കുന്നു.
വലിയവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഉല്ലാസയാത്രയാണ് KSINC നമുക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഓരോ വിനോദയാത്രയും നമുക്കു തരുന്നത് ഓരോ അനുഭവമാണ്. അതുപോലെ ഇതൊരുപാട് പേരുടെ ഉപജീവന മാർഗ്ഗവും കൂടിയാണ്. അഞ്ച് വയസ്സിന് മുകളിൽ പ്രായമായവര്‍ക്ക് Rs. 999 ആണ് ചാർജ്ജ്. ഇതാണ് KSINC no: 9846211143