ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ട്വന്റി 20യില്‍ ഓസ്‌ട്രേലിയയ്ക്ക് ആവേശ വിജയം

വെല്ലിംങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ട്വന്റി 20യില്‍ ഓസ്‌ട്രേലിയയ്ക്ക് ആവേശ വിജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തില്‍ ആറ് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഓസ്‌ട്രേലിയ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

മറുപടി പറഞ്ഞ ഓസ്‌ട്രേലിയന്‍ നിരയും നന്നായി കളിച്ചു. ട്രാവിസ് ഹെഡ്ഡ് 24, ഡേവിഡ് വാര്‍ണര്‍ 32, ഗ്ലെന്‍ മാക്സ്വെല്‍ 25, ജോഷ് ഇംഗ്ലീസ് 20, ടിം ഡേവിഡ് പുറത്താകാതെ 31 എന്നിങ്ങനെ റണ്‍സ് അടിച്ചുകൂട്ടി. എങ്കിലും പുറത്താകാതെ 72 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ കിവീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഡേവോണ്‍ കോണ്‍വേയുടെയും രച്ചിന്‍ രവീന്ദ്രയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് ന്യൂസിലാന്‍ഡിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തു. കോണ്‍വേ 63 റണ്‍സെടുത്തപ്പോള്‍ രച്ചിന്‍ 68 റണ്‍സെടുത്തു. ഓപ്പണിംഗില്‍ ഫിന്‍ അലന്‍ 32 റണ്‍സ് സംഭാവന ചെയ്തു. പുറത്താകാതെ ഗ്ലെന്‍ ഫിലിപ്‌സിന്റെ 19ഉം മാര്‍ക് ചാമ്പാന്റെ 18ഉം റണ്‍സ് കൂടി ആയപ്പോള്‍ കിവീസ് മികച്ച സ്‌കോറിലേക്ക് എത്തി.