ഹിമാചല്‍ സർക്കാർ പ്രതിസന്ധിയില്‍; രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം

ഹിമാചല്‍ പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം. ബിജെപി സ്ഥാനാർത്ഥി ഹ‍ർഷ് മഹാജനോടാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി അഭിഷേക് സിങ്‍വി തോറ്റത്. തുല്യവോട്ട് വന്നതിനിടെ തുടർന്ന് നറുക്കെടുത്ത് വിജയിയെ തീരുമാനിക്കുകയായിരുന്നു. 34- 34 വോട്ടുകള്‍ ഇരു പാർട്ടിക്കും ലഭിച്ചു. ഈ സാഹചര്യത്തിലായിരുന്നു നടുക്കെടുപ്പ് ആവശ്യമായി വന്നത്. അതേസമയം, ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. നിയമവശം പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 34 വോട്ട് ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂ‍റും പ്രതികരിച്ചു. ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനം സുഖ്‍വിന്ദർ സിങ് സുഖു രാജിവെക്കണം. ഒറ്റ വർഷം കൊണ്ട് എംഎല്‍എമാർ മുഖ്യമന്ത്രിയെ കയ്യൊഴിഞ്ഞു. ഹിമാചലിലേത് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും വിജയമാണെന്നും ജയ്റാം ഠാക്കൂർ‍ പറഞ്ഞു.

തന്നില്‍ വിശ്വാസം അ‌ർപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദിയെന്നായിരുന്നു കോൺ​ഗ്രസ് സ്ഥാനാർത്ഥി അഭിഷേക് മനു സിങ്‍വിയുടെ പ്രതികരണം. ചില കോണ്‍ഗ്രസ് എംഎല്‍എമാർ ഇവിടെ ഇല്ല. ഒപ്പം ഭക്ഷണം കഴിച്ചവരില്‍ ചിലരാണ് ബിജെപിക്ക് വോട്ട് ചെയ്തത്. തനി നിറം കാണിച്ച 9 എംഎല്‍എമാർ‍ക്ക് നന്ദി. നറുക്കെടുത്താണ് വിജയിയെ തീരുമാനിച്ചത്. ഇന്നലെ അർധരാത്രിവരെ കൂറുമാറിയവരടക്കം തന്നോട് ഒപ്പമുണ്ടായിരുന്നു. ക്രോസ് വോട്ട് ചെയ്ത രണ്ട് പേര്‍ തന്നോടൊപ്പം പ്രഭാത ഭക്ഷണത്തിന് പോലും ഉണ്ടായിരുന്നുവെന്നും സിങ്‍വി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേത് അസാധാരണ നടപടിയാണ്. നറുക്കെടുക്കുന്നയാളുടെ പേര് തോറ്റതായി പ്രഖ്യാപിച്ചു. തന്‍റെ പേരാണ് നറുക്കെടുത്തതെന്നും അഭിഷേക് സിങ്‍വി പറഞ്ഞു.