ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്മജയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതില്‍ സംസ്ഥാന ബിജെപിയില്‍ എതിര്‍പ്പ്

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്മജയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതില്‍ സംസ്ഥാന ബിജെപിയില്‍ എതിര്‍പ്പ്. പാര്‍ട്ടിയില്‍ ചേര്‍ന്നയുടന്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിനോട് സംസ്ഥാന നേതൃത്വം കടുത്ത വിയോജിപ്പ് അറിയിച്ചെന്നാണ് സൂചന. നിലപാട് സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തു. പത്മജയ്ക്ക് അണികളുടെ പിന്‍ബലമില്ലെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.

പത്മജ ബിജെപിയില്‍ ചേര്‍ന്ന ചടങ്ങിലേക്ക് സുരേന്ദ്രനെ ക്ഷണിച്ചെങ്കിലും പങ്കെടുത്തിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ അസൗകര്യം അറിയിച്ച് സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പത്മജയെ സ്വീകരിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കാത്തതും ചര്‍ച്ചയാകുന്നു. അനില്‍ ആന്റണി, പി സി ജോര്‍ജ് എന്നിവരെ സ്വീകരിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യമുണ്ടായിരുന്നു.സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ പത്മജയെ പാര്‍ട്ടിയിലെടുത്തതിലും സംസ്ഥാന നേതാക്കള്‍ക്ക് നീരസമുണ്ട്.